1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2011


ലോകം മറ്റൊരു സാമ്പത്തികപ്രതിസന്ധിയുടെ വക്കിലാണോ? ആശങ്കാജനകമായ മാറ്റങ്ങളാണ് ആഗോള ഓഹരി വിപണികളില്‍ ഈ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായിരിക്കുന്നത്. അമേരിക്കയുടെ ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും യൂറോ മേഖലയിലെ വായ്പാ പ്രതിസന്ധി മറ്റു മേഖലകളിലേക്കു പടരാനിടയുണ്ടെന്ന യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ജോസ് മാനുവല്‍ ബറോസോയുടെ പ്രസ്താവനയുമാണ് വാരാന്ത്യത്തില്‍ വിപണികളെ ഉലച്ചത്. 2008ലെ സാമ്പത്തികമാന്ദ്യത്തിന്റെ ആവര്‍ത്തനസാധ്യതയെക്കുറിച്ചുള്ള നിക്ഷേപകരുടെ ഭീതിയാണ് വിപണികളില്‍ പ്രതിഫലിച്ചതെന്നു ധനകാര്യ വിദഗ്ധര്‍ വിലയിരുത്തി.

അമേരിക്കയിലെ പ്രധാന ഓഹരിസൂചികകളായ നാസ്ഡാക്ക്, ഡൗ ജോണ്‍സ് എന്നിവയും യൂറോപ്പിലെ ഡാക്‌സ്, എഫ്.ടി.എസ്.ഇ. എന്നിവയും വ്യാഴാഴ്ച ഇടിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച ഏഷ്യയിലെ പ്രമുഖ ഓഹരി വിപണികളിലും ഇടിവുണ്ടായി. ഹോങ്കോങ്, ടോക്യോ, തായ്‌പെയ്, ചൈന എന്നിവിടങ്ങളിലും ഇന്ത്യയിലും വിപണി കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പുതിയ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ തയ്യാറായതുമില്ല. എന്നാല്‍, തൊഴിലവസരങ്ങള്‍ മെച്ചപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് വന്നതോടെ വെള്ളിയാഴ്ച അമേരിക്കയിലെ ഓഹരിവിപണി അല്പം ഉയര്‍ന്നു. എന്നാല്‍, ചാഞ്ചാട്ടം തുടരുകയാണ്.

അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഉത്പാദനരംഗം മുരടിപ്പിലാണെന്നതിന്റെ കണക്കുകള്‍ പുറത്തുവന്നത് ഈയാഴ്ചയാണ്. അമേരിക്കയിലെ തൊഴിലില്ലായ്മാനിരക്ക് ഒട്ടും കുറഞ്ഞിട്ടില്ലെന്നും വെളിപ്പെടുത്തലുകളുണ്ടായി. രാജ്യത്തിന്റെ കടമെടുപ്പു പരിധി ഉയര്‍ത്താതെ സമ്പദ്ഘടന മുന്നോട്ടുപോവില്ലെന്ന അവസ്ഥയില്‍ യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമ കഴിഞ്ഞയാഴ്ച നടത്തിയ ഗതികെട്ട രാഷ്ട്രീയനീക്കങ്ങളും സമീപകാലത്ത് ചില യുറോപ്യന്‍ രാജ്യങ്ങളിലുണ്ടായ കടക്കെണിയും ലോകമെങ്ങും ഓഹരിനിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.

യൂറോസോണിലെ ഏറ്റവും വലിയ മൂന്നാമത്തെയും നാലാമത്തെയും സാമ്പത്തിക ശക്തികളായ ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത കടക്കെണിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഈ രാജ്യങ്ങളിലെ കടക്കെണിക്ക് പരിഹാരം കാണാന്‍ യൂറോപ്യന്‍ കേന്ദ്ര ബാങ്ക് ചില ഉപദേശങ്ങള്‍ നല്‍കിയെങ്കിലും ഇവ ഫലപ്രദമായിട്ടില്ല. മാസങ്ങള്‍ക്കു മുന്‍പേ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഗ്രീസ്, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടലിലൂടെ ഐ.എം.എഫിന്റെ രക്ഷാപദ്ധതി ലഭ്യമാക്കിയെങ്കിലും കടപ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനിക്ക് ബോണ്ടു വഴിയുള്ള വരുമാനം ഇടിഞ്ഞത് ഈയാഴ്ചയാണ്. ജര്‍മന്‍ ഏകീകരണത്തിനുശേഷം ആദ്യമാണ് രാജ്യം ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. സാമ്പത്തികമായി കുതിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ രൂക്ഷമായ നാണ്യപെരുപ്പവും വിലക്കയറ്റവും തലവേദന സൃഷ്ടിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.