1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2012

ലോകത്തെ തന്നെ ഏറ്റവും പ്രായമേറിയ സഹോദരിമാരെന്ന റിക്കോര്‍ഡ് ബ്രട്ടീഷുകാരായ ഈ മുത്തശ്ശിമാര്‍ക്ക് സ്വന്തം. സഹോദരിമാരായ മാര്‍ജോരി റൂഡില്‍ (105), സഹോദരി ഡൊറോത്തി റിച്ചാര്‍ഡ്‌സ് (108) എന്നിവരാണ് ലോകത്തെ ഏറ്റവും പ്രായമേറിയ സഹോദരിമാര്‍. പ്രത്യേകം സംഘടിപ്പിച്ച ചടങ്ങില്‍ ഗിന്നസ് ബുക്ക് അധികൃതര്‍ ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്കു കൈമാറി. നോര്‍ത്താംപ്ടണ്‍ഷെയറില്‍ ജനിച്ച സഹോദരിമാര്‍ മികച്ച ടെന്നീസ് കളിക്കാര്‍ കൂടിയായിരുന്നു. മിക്കപ്പോഴും അവധിക്കാലം ഒന്നിച്ച് ചെലവഴിച്ചിരുന്ന ഇരുവരും പ്രായാധിക്യം കാരണം രണ്ടര വര്‍ഷമായി കാണാറില്ലായിരുന്നു.

അടുത്തിടെ മൂത്ത സഹോദരിയായ ഡൊറോത്തി മുന്‍കൈ എടുത്ത് പീറ്റര്‍ബോറോവിലെ പാര്‍ക്ക് ഹൗസ് നഴ്‌സിങ്ങ് ഹോമില്‍ കഴിയുന്ന മാര്‍ജോരിയെ കാണാനെത്തുകയായിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഇരുവരുടേയും കുടുംബങ്ങള്‍ ഇവരാണ് ലോകത്തെ ഏറ്റവും പ്രായം കൂടിയ സഹോദരിമാരെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ഗിന്നസ്ബുക്ക് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. രണ്ടുപേരും കൂടി ഈ ലോകത്ത് ജീവിച്ചത് 213 വര്‍ഷവും മൂന്ന് മാസവും 27 ദിവസവുമാണ്.

എന്നാല്‍ ഇത്രയും കാലം ജീവിച്ചിരുന്നതിന് പിന്നില്‍ രഹസ്യങ്ങളൊന്നുമില്ലന്ന് മാര്‍ജോരി പറയുന്നു. ജീവിതകാലത്തിനിടക്ക് ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ല. മാത്രമല്ല മനസ്സിന് സന്തോഷം നല്‍കുന്ന വിനോദങ്ങളില്‍ ഇപ്പോഴും ഏര്‍പ്പെടാറുണ്ടെന്നും മാര്‍ജാരി പറഞ്ഞു.
ഇരുവര്‍ക്കും ഹില്‍ഡ എന്ന ഒരു സഹോദരി കൂടി ഉണ്ടായിരുന്നു. ഇവര്‍ നാല്പതാമത്തെ വയസ്സില്‍ മരിച്ചുപോയിരുന്നു. സഹോദരന്‍മാരായ ബെര്‍ണാഡും റോസ്സും 49 വയസ്സുളളപ്പോള്‍ മരിച്ചു പോയിരുന്നു. ലോകത്തെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന സഹോദരിമാരെന്ന് റിക്കോര്‍ഡ് അടുത്ത കാലത്തൊന്നും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലെന്ന പ്രതീക്ഷയിലാണ് ഇരുവരുടേയും കുടുംബാംഗങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.