1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2011

സംസ്ഥാനത്തെ നഴ്സിംഗ് മേഖലയില്‍ നടക്കുന്ന സമരങ്ങള്‍ ഏറ്റെടുക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കു മിനിമം വേജസ് ഏര്‍പ്പെടുത്തുക, സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കുക, ജോലി സമയം മൂന്നു ഷിഫ്റ്റാക്കി നിജപ്പെടുത്തുക, നഴ്സിംഗ് മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 18 മുതല്‍ 23 വരെ ജനകീയ ആരോഗ്യ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ക്കു സംസ്ഥാന കമ്മിറ്റി പിന്തുണ അറിയിച്ചു. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലകൊള്ളുമ്പോള്‍ സങ്കുചിത നിലപാടുകള്‍ സ്വീകരിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജനുവരി മൂന്നാംവാരം മണ്ഡലംതലം വരെയുള്ള യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ പങ്കെടുപ്പിച്ച് ബുനിയാദ്കൊച്ചിയില്‍ സംഘടിപ്പിക്കും. ജനുവരി അഞ്ചു മുതല്‍ 15 വരെ സംസ്ഥാന പ്രവര്‍ത്തന ഫണ്ട് ശേഖരണ ക്യാമ്പയില്‍ നടത്തും. പിറവം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് മൂത്തേടനെയും കോട്ടയം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ജോബോയ് ജോര്‍ജിനെയും ചുമതലപ്പെടുത്തി.

എറണാകുളം വീക്ഷണം ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മനോജ് മൂത്തേടന്‍, വിനോദ് കൃഷ്ണ, പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റുമാരായ വി.എസ്. ലെനിന്‍, തോട്ടുമുക്കം അന്‍സാര്‍, സഞ്ജീവ് കുമാര്‍, വിപിന്‍ മാമ്മന്‍, എസ്. ദീപു, ജോബോയ് ജോര്‍ജ്, ഡീന്‍ കുര്യാക്കോസ്, കെ.എസ്. ബിനീഷ്കുമാര്‍, ആര്‍.കെ. സുരേഷ് ബാബു, ടി.എസ്. സനീഷ്കുമാര്‍, ബിജോയ് ബാബു, സിദ്ദിഖ് പന്താവൂര്‍, നന്ദബാലന്‍, സുകുമാരന്‍, രാജേഷ് കിഴാരിയൂര്‍, മുഹമ്മദ് ബ്ളാക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.