1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2012

ജോലിക്കായുള്ള മത്സരത്തില്‍ പലപ്പോഴും ബ്രിട്ടീഷുകാര്‍ കുടിയേറ്റക്കാരുടെ മുന്‍പില്‍ മുട്ടുകുത്താറാണ് പതിവ് എന്ന് തൊഴില്‍ മന്ത്രിയുടെ സാക്ഷ്യപത്രം. ബ്രിട്ടണ്‍ യുവത്വത്തിന് പ്രചോദനത്തിന്റെ കുറവ് കാണുന്നുണ്ടെന്നും തൊഴില്‍ മന്ത്രിയായ ക്രിസ് ഗ്രെലിംഗ് അറിയിച്ചു. കുടിയേറ്റക്കാരുടെ മികച്ച വിദ്യാഭ്യാസത്തിന്റെയും തൊഴിലിനോടുള്ള ആഭിമുഖ്യത്തിന്റെയും പരിചയ സമ്പത്തിന്റെയും മുന്‍പില്‍ ബ്രിട്ടീഷ്‌ യുവത്വം കാലിടറുകയാണ്. ബ്രിട്ടനില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിന് പകരം കുടിയേറ്റക്കാര്‍ക്ക് നല്‍കുന്നു എന്ന പേരില്‍ വന്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തൊഴില്‍ മന്ത്രി ഈ തുറന്നു പറച്ചില്‍ നടത്തിയത്.

ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച് കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കുവാന്‍ താല്പര്യപ്പെടുന്നവരാണ് മിക്ക വിപണിയിലെയും കമ്പനികള്‍. വ്യവസായ സംഘടനകള്‍ ബ്രിട്ടനിലെ വിദ്യാഭ്യാസ രീതിയും അപലപിച്ചു. തൊഴില്‍ ചെയ്യുന്നതിനുള്ള ലോകനിലവാരത്തിന് മുന്‍പില്‍ ബ്രിട്ടണ്‍ യുവത്വത്തിന് പിടിച്ചു നില്‍ക്കുവാന്‍ ആകുന്നില്ല എന്നാണു ഇവരുടെ അഭിപ്രായം. നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 208,000 ബ്രിട്ടീഷുകാരുടെ ജോലി നഷ്ടപ്പെടുകയും അതെ സമയം കുടിയേറ്റക്കാരുടെ എണ്ണം 212,000ത്തോളം വര്‍ദ്ധിക്കുകയും ചെയ്തു.

ബ്രിട്ടണ്‍ യുവത്വത്തിന്റെ പ്രധാനപ്രശ്നം അനുഭവസമ്പത്തിലെ കുറവാണെന്നാണ് ക്രിസ് ഗ്രെലിംഗ് വ്യക്തമാക്കുന്നത്. ഇവര്‍ അഞ്ചോ ആറോ വര്ഷം കൂടുതല്‍ അനുഭവസമ്പത്തും പരിചയവുമുള്ള കുടിയേറ്റക്കാരോടാണ് ജോലിക്കായി പലപ്പോഴും മത്സരിക്കേണ്ടി വരുന്നത്. അതിനാല്‍ തന്നെ ബ്രിട്ടീഷുകാര്‍ പലപ്പോഴും തഴയപ്പെടുകയാണ്. ബ്രിട്ടനില്‍ 16-24വയസിനുള്ളിലെ തൊഴില്‍രഹിതരുടെ എണ്ണം 1.04 മില്ല്യനിലേക്ക് എത്തിയിരിക്കുകയാണ്.

ഇതില്‍ 311,000പേര്‍ മുഴുവന്‍ സമയ വിദ്യാര്‍ഥികള്‍ ആയിരുന്നു. ബ്രിട്ടണിലെ പല യുവാക്കള്‍ക്കും ഇന്ന് ജോലി ചെയ്യുന്നതിന് ആവശ്യമായ പല ഗുണങ്ങളും ഇല്ലെന്നു പ്രമുഖകമ്പനികളായ എച്ച്.എസ്.ബി.സി. കെ.പി.എം.ജി. എന്നിവര്‍ അഭിപ്രായപ്പെട്ടു. മിക്ക കമ്പനികളും തങ്ങള്‍ക്കു ആവശ്യമായ കഴിവുകളുള്ള ബ്രിട്ടന്‍കാരെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന്‍ പരാതിപ്പെടുന്നവരാണ്. എന്തായാലും ഈ പ്രശ്നത്തെ മറികടക്കുവാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ട് എന്നാണു അറിയുവാന്‍ കഴിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.