1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2020

അലക്സ് വർഗീസ് (ലണ്ടൻ): സീറോ മലങ്കര കത്തോലിക്കാ സഭാ സ്ഥാപകനും പ്രഥമ ആർച്ചുബിഷപും പുണ്യശ്ലോകനുമായ ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ അറുപത്തി ഏഴാം ഓർമ്മപ്പെരുന്നാൾ ഇന്ന് ജൂലൈ 19 ഞായറാഴ്ച യു.കെ.യിലെ മിഷൻ കേന്ദ്രങ്ങളിൽ സമുചിതമായി ആചരിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തിൽ സഭയുടെയും രാഷ്ട്രത്തിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് വി. കുർബാനയും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.

ഈസ്റ്റ്‌ ലണ്ടൻ സെന്റ്‌ ജോസഫ് മിഷൻ കേന്ദ്രത്തിൽ സഭയുടെ കോർഡിനേറ്റർ ഫാ. തോമസ് മടക്കംമൂട്ടിൽ 10.30 ന് വി. കുർബാന അർപ്പിക്കും. ഫാ. രഞ്ജിത് മടത്തിറമ്പിൽ, ഫാ. ജോൺസൻ മനയിൽ, ഫാ. ജോൺ അലക്സ്‌ പുത്തൻവീട്ടിൽ, ഫാ. മാത്യു നെരിയാറ്റിൽ വിവിധ മിഷൻ കേന്ദ്രങ്ങളിൽ വി. കുർബാനയ്ക്കും പ്രാർത്ഥനാശുശ്രൂഷകൾക്കും നേതൃത്വം നൽകും
.
1953 ജൂലൈ 15 നാണ് ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തത്. മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ അദ്ദേഹവും അനുയായികളും 1930 സെപ്റ്റംബർ 20 ന് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. മലങ്കര കാതോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പായി 1953 വരെ ശുശ്രൂഷ ചെയ്തു. 2007 ജൂലൈ 14 നു ദൈവദാസൻ എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു. വിശുദ്ധരുടെ ശ്രേണിയിലേക്ക് ഉയർത്തപ്പെടുന്നതിനുള്ള നാമകരണ നടപടികൾ പുരോഗമിച്ചു വരുന്നു.

അത്യുന്നത കർദിനാൾ മോറൻ മോർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ നേതൃത്വം നൽകുന്ന മലങ്കര കത്തോലിക്കാ സഭാ സമൂഹം പ്രാർത്ഥനാപൂർവ്വം ഈ ദിനങ്ങൾ ആചരിക്കുന്നു. 1932 – ൽ ദൈവദാസൻ മാർ ഇവാനിയോസ് ഇംഗ്ലണ്ട് സന്ദർശിച്ചു. ലണ്ടനിലും ബിർമിങ്ഹാമിലുമാണ് അന്നു പ്രത്യേക സന്ദർശനം നടത്തിയത്. യു. കെ. യിലെ മലങ്കര കത്തോലിക്കാ സഭാ സമൂഹത്തിന് ഇത് ഏറെ സന്തോഷവും അഭിമാനവും പകർന്നു നൽകുന്ന വസ്തുതയാണ്. ദൈവദാസന്റെ ഛായാചിത്രം എല്ലാ ഭവനങ്ങളിലും പ്രതിഷ്ഠിക്കുന്നതിനും തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്താനും അറുപത്തിയേഴാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് തുടക്കം കുറിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.