1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2012

വീണ്ടും ഒരു ഓണക്കാലം വരവായി. കര്‍ക്കിടകത്തിന്റെ ഇരുളില്‍നിന്നു ചിങ്ങത്തിന്റെ വെളിച്ചത്തിലേക്കുള്ള പ്രകൃതിയുടെ പ്രയാണം പൂര്‍ത്തിയാവുന്നു. സമ്പല്‍സമൃദ്ധിയുടെ നാളുകളെ ഓര്‍മ്മപ്പെടുത്തികൊണ്ട്‌ മലയാളിയുടെ ഹൃദയത്തോടു ചേര്‍ന്ന് നില്‍ക്കുന്ന ഓണം ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് പിറന്ന നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാണു സമ്മാനിക്കുന്നത്.

ഇന്ന് ഓണം ആഘോഷിക്കപ്പെടുന്നത് മറുനാടന്‍ മലയാളികളുടെയിടയിലാണ്. കാരണം ഗൃഹാതുരത്വം പ്രവാസിക്ക് മാത്രമുള്ളതാണല്ലോ. നാട്ടില്‍ ഓണം ഒരു ചടങ്ങുമാത്രമായിരിക്കുന്നു. കേരളത്തിലെ ദാരിദ്ര്യം മാറിയതോടെ ഓണം അപ്രസക്തമായ ആഘോഷമായിരിക്കുന്നു. ഹോട്ടല്‍ ഭക്ഷണവും, മദ്യസല്‍ക്കാരവും, ചാനല്‍പരിപാടികളുമായി ഓണം കഴിക്കുക ഇന്നു പതിവാണ്. തുമ്പയും, മുക്കുറ്റിയും, ചെത്തിയും, കൊങ്ങിണിയുമൊക്കെ നിറഞ്ഞിരുന്ന നാട്ടിന്‍പുറത്തെ തൊടികളിന്നു മണ്ണിട്ടുനികത്തി പ്ലോട്ടുകളാക്കിയിരിക്കുന്നു. തെങ്ങും വാഴയും നട്ടിരുന്ന പുരയിടങ്ങളില്‍ റബ്ബര്‍ മരങ്ങള്‍ നിറഞ്ഞിരിക്കുന്നു. പരന്നു ശാന്തമായി ഒഴുകിയിരുന്ന നദികള്‍ മണലൂറ്റുകാരുടെ ആക്രമണത്തില്‍ ശോഷിച്ചു പോയിരിക്കുന്നു.

കേരളത്തിലേക്ക് പൂക്കള്‍ വരുന്നത് തമിഴ്നാട്ടില്‍നിന്നും ബാംഗ്ലൂരില്‍നിന്നുമാണ്. അവിടിവിടെ വിരിയുന്ന ഓണപ്പൂക്കാളാകട്ടെ പൂക്കളമിടാന്‍ സമയമില്ലാത്തവരെ നോക്കി വിഷാദത്തോടെ വാടിനില്‍ക്കുന്നു.
കേരളത്തിന്‌ ഓണം അന്യമാകുമ്പോള്‍ വിദേശത്തെ ഓണത്തിന്റെ നിറപ്പകിട്ടു കൂടിവരികയാണ്. ഓണം ആഘോഷിക്കാത്ത ഒരു മലയാളി സംഘടനപോലും ഈ ഭൂലോഗത്ത്‌ ഉണ്ടാവില്ല. കേരളത്തിലെ കലാകാരന്മാര്‍ അധികവും വിദേശ ത്തായിരിക്കുന്നതും ഓണക്കാലത്താണ്. പ്രവാസികളിലേറെയും ഓണത്തിനു നാട്ടില്‍ പോകുന്നതിനെക്കാള്‍ ഇവിടെ ഓണം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം ഓര്‍മ്മയിലെ ഓണത്തിന്റെ നിറം നാട്ടിലെ യഥാര്‍ത്ഥ ഓണത്തിനില്ല എന്നതുതന്നെ.

വലിയ പ്രതീക്ഷകളോടെ തീവിലക്കു വിമാനടിക്കറ്റെടുത്തു നാട്ടില്‍ പോകുന്നവരോ ഓണം വാണിജ്യവല്‍ക്കരിക്കപ്പെട്ടത്തിന്റെ പരിഭവങ്ങളുമായി തിരിച്ചുവരുന്നു. പ്രവാസി അങ്കിളുമാര്‍ക്കും ആന്റിമാര്‍ക്കും നാട്ടില്‍നിന്നു വാങ്ങിയതോ വരുത്തിയതോ ആയ കസവ് സാരിയും, സ്വര്‍ണ്ണക്കരയുള്ള മുണ്ടും, വടിപോലെ തേച്ചുമിനുക്കിയ ജൂബയുമൊക്കെ അണിഞ്ഞു വിലസാന്‍ ഓണത്തേക്കാള്‍ നല്ല അവസരമില്ല. അല്‍പ്പം തടിയും കുടവയറും ചോരക്കണ്ണുമുള്ള അച്ചായന്മാര്‍ സ്ഥിരം മാവേലി വേഷം കെട്ടിയാടുന്നതും അമ്മച്ചിമാര്‍ നിലവിളക്കിനു ചുറ്റുംനിന്ന് സ്ലോ മോഷനില്‍ തിരുവാതിര കളിക്കുന്നതും പ്രവാസി ഓണത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ഗള്‍ഫിലെ സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം മെസ്സിലെ സ്ഥിരം ചിക്കന്‍ – മട്ടന്‍ കറിയില്‍നിന്നുമാറി അവിയലും, തോരനും, സാമ്പാറും കാളനുമൊക്കെകൂട്ടി ഒരൂണ്‌ തരപ്പെടുന്നതു മലയാളി സംഘടനകള്‍ നടത്തുന്ന ഓണസദ്യയിലാണ്. ഗള്‍ഫുകാരന് ഓണം സമ്മാനിക്കുന്നത് പ്രതീക്ഷകള്‍കൂടിയാണ്. ഒരുനാള്‍ മരുഭൂമിയിലെ വിപ്രവാസമൊക്കെ അവസാനിപ്പിച്ച്‌ നാട്ടിന്‍പുറത്തെ നന്മകളുടെ സമൃദ്ധിയിലേക്കു തിരികെ പോകാമെന്ന പ്രതീക്ഷ. ആ പ്രതീക്ഷകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി വലിയ ബന്ധമൊന്നും ഇല്ലെങ്കിലും മറ്റു പലതുംപോലെ വെറുതെ സ്വപ്നം കാണുന്നതിന്റെ സുഖം അവന്‍ ആസ്വദിക്കുന്നു. എല്ലാ പ്രവാസിമലയാളികള്‍ക്കും ഓണാശംസകള്‍!

മറുപുറം: മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയ മഹാബലി ചക്രവര്‍ത്തി തിരുവോണദിവസം കേരളത്തിലെ തന്റെ പ്രജകളെ കാണാന്‍ വരുമെന്നുള്ളതാണല്ലോ ഓണത്തിന്‍റെ പിന്നലെ ഐതിഹ്യം. എന്നാല്‍ ഭാഗവതത്തില്‍ മഹാവിഷ്ണുവിന്റെ ദശാവതാര ക്രമപ്രകാരം വാമനനുശേഷം അവതാരം ചെയ്ത പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്നതു മറ്റൊരു ഐതിഹ്യം. അപ്പോള്‍ മഹാബലി ഭരിച്ചിരുന്നത് കേരളമായിരുന്നില്ല എന്നും വാദിക്കുന്നവരുണ്ട്. എന്തായാലും ഐതിഹ്യത്തില്‍ ചോദ്യത്തിനു പ്രസക്തിയില്ല.

മനോജ്‌ മാത്യു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.