1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

സംഗീത് ശേഖര്‍

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്രാഫ്‌റ്‌സ്മാന്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന ഒരു സംവിധായകനെ തല്‍ക്കാലം ഇവിടെയുള്ളൂ . ജോഷി, കാലത്തിനൊപ്പം നടന്ന സംവിധായകന്‍ ആണ് അദ്ദേഹം. കാലം വരുത്തുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞു അത് വിജയകരമായി സിനിമയിലേക്ക് പകര്‍ത്തിയ സംവിധായകന്‍… പ്രേംനസീര്‍ കാലഘട്ടം മുതല്‍ ജോഷി ഇവിടെയുണ്ട് . അന്നും സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയ അദ്ദേഹം ഇന്നും അത് ആവര്‍ത്തിക്കുന്നത് മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള അസാധാരണമായ കഴിവ് കൊണ്ടാണ് മറ്റ് പല പ്രഗല്‍ഭ സംവിധായകരും ഈ മാറ്റം ഉള്‍ക്കൊള്ളാനാകാതെ വീണു പോയി . പലരും തങ്ങളുടെ കഴിഞ്ഞകാലത്തിന്റെ നിഴലില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ . ജോഷി അന്നും ഇന്നും ഹിറ്റുകള്‍ തീര്‍ത്തു കൊണ്ട് ഇവിടെ നില നില്‍ക്കുന്നു . ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ ആയിരുന്നു എന്നും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവ . ശശി കുമാറിന് ശേഷം മലയാള സിനിമയില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളുടെ അമരക്കാരന്‍. ഒന്നിലധികം വമ്പന്‍ താരങ്ങളെ ഒരു വലിയ കാന്‍വാസില്‍ ഉള്‍പ്പെടുത്തി അദ്ദേഹം വന്‍ചിത്രങ്ങള്‍ ഒരുക്കി . താര സംഘടനയായ അമ്മ മലയാള സിനിമയിലെ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ അമരത്ത് ആര് വരും എന്ന കാര്യത്തില്‍ മാത്രമേ ആര്‍ക്കും സംശയം ഉണ്ടാകാതെ ഇരുന്നുള്ളൂ. ട്വൊന്റി ട്വൊന്റി മലയാള സിനിമയിലെ ഒരു അപൂര്‍വ സംഭവം ആയതിനു പിന്നില്‍ ജോഷിയുടെ കഴിവ് തന്നെ ആയിരുന്നു. തീര്‍ച്ചയായും റണ്‍ ബേബി റണ്‍ ജോഷിയുടെ ഏറ്റവും മികച്ച ചിത്രമല്ല . എന്നാല്‍ ഇത് അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു നല്ല എന്റര്‍ടെയിനര്‍ തന്നെയാണ് .

സച്ചി സേതുമാരിലെ സച്ചിയുടെ കൊള്ളാവുന്ന ഒരു തിരക്കഥ, ജോഷിയുടെ സംവിധാനമികവ്, പിന്നെ മോഹന്‍ലാല്‍ എന്ന വണ്‍ മാന്‍ എന്റര്‍ടെയിന്‍മെന്റ്! ട്രൂപ്പ്, ഇതാണ് റണ്‍ ബേബി റണ്‍ എന്ന സിനിമയുടെ വിജയ രഹസ്യം . തിരക്കഥയിലെ പിഴവുകളെ സംവിധാന മികവ് കൊണ്ട് മറികടക്കുക എന്ന തന്റെ അസാധാരണമായ കഴിവ് ജോഷി ഇവിടെയും പ്രകടമാക്കുന്നു. ഒരു ക്യാമറമാനും ന്യൂസ് എഡിറ്ററും തമ്മിലുള്ള പ്രണയത്തിന്റെ കഥയെ, ന്യൂസ് ചാനലുകള്‍ തമ്മിലുള്ള മത്സരത്തിന്റെ ബാക്ക് ഗ്രൗണ്ടില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു . വര്‍ഷങ്ങള്‍ക്ക് മുന്നെ വേര്‍പിരിഞ്ഞ ഇവര്‍ രണ്ട് പേരും ഒരു സെന്‍സേഷണല്‍ ദൗത്യത്തിനായി ഒരുമിക്കുകയാണ് . ഈ ദൗത്യത്തിന് വേണ്ടിയുള്ള യാത്രക്കിടയില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന സാഹസികമായ അനുഭവങ്ങള്‍ ആണ് ചിത്രത്തിന്റെ കാതല്‍ . റണ്‍ ലോല റണ്‍ എന്ന ചിത്രവുമായിട്ടുള്ള സാമ്യം ഒന്ന് ചികഞ്ഞു നോക്കി . പക്ഷെ പേരില്‍ മാത്രമേ സാമ്യം ഉള്ളൂ . ലാല്‍ ആലപിച്ച ആറ്റുമണല്‍ പായയില്‍ എന്ന ഗാനം ഇന്‍സ്റ്റന്റ് ഹിറ്റായിരുന്നു. യൂട്യൂബില്‍ 4 ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞു ഈ ഗാനം . രതീഷ് വേഗയുടെ സംഗീതം നിലവാരം പുലര്‍ത്തി ..

മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തെ ചുമലില്‍ ഏറ്റുന്നത് . ലാലിന്റെ അനായാസത ഒരിക്കല്‍കൂടി മറനീക്കി പുറത്ത് വരുന്നു. ലാലിനെ പോലുള്ള ഒരു നടന് വെല്ലുവിളി ഉയര്‍ത്തുന്ന ക്യാരക്ടര്‍ ഒന്നുമല്ല ഇതിലെ വേണു എന്ന ക്യാമറാമാന്‍ . പ്രത്യേകിച്ച് എഫര്‍ട്ട് ഒന്നും എടുക്കാതെ തികച്ചും നാച്വറല്‍ ആയി ലാല്‍ തകര്‍ത്തു. മലയാള സിനിമയിലെ പല യുവ താരങ്ങളും ലാലിനെ മാതൃക ആക്കേണ്ടതാണ് . പ്രത്യേകിച്ചും അനായാസമായി ചെയ്യേണ്ട കഥപാത്രങ്ങളെ അഭിനയിച്ച് തകര്‍ത്ത് ഓവര്‍ ആക്കുന്നവര്‍ . ഓരോ സിനിമ കഴിയുമ്പോഴും തന്റെ ഗ്രാഫ് മുകളിലേക്ക് ഉയര്‍ത്തികൊണ്ടിരിക്കുകയാണ് ബിജു മേനോന്‍ എന്ന നടന്‍ . ഓര്‍ഡിനറിക്ക് ശേഷം മറ്റൊരു മികച്ച പെര്‍ഫോമന്‍സ് . അദ്ദേഹത്തിന്റെ ടൈമിംഗ് പലപ്പോഴും നമ്മെ അതിശയിപ്പിക്കുന്നു . ഡയലോഗ് ഡെലിവറിയും തകര്‍പ്പന്‍ തന്നെ.

അമല പോള്‍ ഒരു റിഫ്രഷിംഗ് എക്‌സ്പീരിയന്‍സ് ആണ് . സ്ഥിരം കാണുന്ന സൂപ്പര്‍താര നായികമാരില്‍ നിന്നും വ്യത്യസ്തമായ ഒരു മുഖം. പെര്‍ഫോമന്‍സിലും ആ റിഫ്രഷിംഗ് ടച്ച് കൊണ്ട് വരാന്‍ അമലക്ക് കഴിഞ്ഞു . സായ്കുമാര്‍, സിദ്ദിഖ് എന്ന രണ്ട് നടന്മാരെ പ്രത്യേകം ശ്രദ്ധിച്ചു. നിര്‍ഭാഗ്യവശാല്‍ മലയാളത്തില്‍ ഇന്നുള്ള ഈ രണ്ട് മികച്ച ക്യാരക്ടര്‍ നടന്‍മാര്‍ ടൈപ്പ് ചെയ്യപ്പെടുകയാണ് . സ്റ്റീരിയോ ടൈപ്പ് വില്ലന്‍ വേഷങ്ങള്‍ ചെയ്ത് കാലം കഴിക്കെണ്ടവരല്ല ഈ അനുഗ്രഹീത നടന്മാര്‍ . കരിയറില്‍ ഇവര്‍ ശ്രദ്ധാപൂര്‍വം! നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

ലാല്‍ നിറഞ്ഞു നില്‍ക്കുന്നു എങ്കിലും ഇത് ആത്യന്തികമായി ഒരു സംവിധായകന്റെ ചിത്രമാണ് . സിനിമയുടെ ക്രാഫ്റ്റ് അറിയുന്ന ജോഷി എന്ന സംവിധായകന്റെ ചിത്രം . വളരെ ഫാസ്റ്റ് ആയി ബോറടിപ്പിക്കാതെ കഥ പറഞ്ഞിരിക്കുന്നു . മികച്ച ഷോട്ടുകള്‍ എന്നും ജോഷി ചിത്രങ്ങളുടെ പ്രത്യേകത ആയിരുന്നു . റണ്‍ ബേബി റണ്‍ ഒട്ടും വ്യത്യസ്തമല്ല . ചിത്രത്തിന്റെ ഛായാഗ്രാഹകന്റെ മികവിനെ പ്രശംസിക്കാതെ വയ്യ . പ്രമേയത്തിലെ പുതുമ അല്ല, ട്രീററ്‌മെന്റിലെ പുതുമയാണ് റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന്റെ വിജയ രഹസ്യം .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.