1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2016

ഷിനു മാണി.

ഇന്ഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ഷിങ്ങ്ഹാം ദൈവാലയത്തില്‍ പത്താമത് സീറോ മലബാര്‍ തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.ഒരു പതിറ്റാണ്ടിന്റ്‌റെ നിറവിലേക്ക് എത്തുന്നു എന്ന ചരിത്രപരമായ മഹാ നേട്ടം കൈവരിച്ചു കൊണ്ട് ഈസ്റ്റ് അന്ഗ്ലിയയിലെ മലയാളി മക്കളുടെ സീറോ മലബാര്‍ വാല്‍ഷിങ്ങ്ഹാം തിരുനാള്‍ ഈ വര്‍ഷം ജൂലൈ 17 നാണ് ആഘോഷിക്കപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ നാനാ ഭാഗത്തുനിന്നും, സ്‌കോട് ലാന്‍ഡ് ,അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലെ മറ്റു വിവിധ ഭാഗങ്ങളില്‍ നിന്നും മരിയഭക്തരായ അനേകം സീറോ മലബാര്‍ വിശ്വാസികള്‍ പങ്കെടുക്കുന്ന അനുഗ്രഹ മുഹൂര്‍ത്തം കൂടിയാണ് കടലിനോടു ഓരം ചേര്‍ന്നുകിടക്കുന്ന കൊച്ചു ഗ്രാമമായ വാല്‍ഷിങ്ങാമിലെ ഈ തിരുനാള്‍.

മരിയഭക്തിയും വിശ്വാസവും പാരമ്പര്യവും ഒന്നുപോലെ കൂടിച്ചേരുന്ന വാല്‍ഷിങ്ങ്ഹാം തിരുനാളിനോടനുബന്ധിച്ചു മുന്‍പെങ്ങുമില്ലാത്ത വിധം അതിവിപുലമായ ഒരുക്കങ്ങളാണ് ഇത്തവണത്തെ തിരുനാള്‍ നടത്തിപ്പുകാരായ നോര്‍വിച്ച് കാത്തലിക്ക് കമ്യൂണിറ്റി ഒരുക്കിയിരിക്കുന്നത്.ഫരീദാബാദ് രൂപത ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയാണ് ഇക്കുറി വല്‍ഷിഹാം തീര്ത്ഥാടന കര്‍മ്മങ്ങള്‍ നയിക്കുന്നത്.

ഓരോ വര്‍ഷവും വര്ദ്ധിച്ചു വരുന്ന ഭക്ത ജനപ്രവാഹവും പങ്കെടുക്കുന്ന വിശ്വാസികളെ ആനന്ദത്തിലാറാടിക്കുന്ന ആഘോഷ രീതിയിലുള്ള പുതുമകളും കൊണ്ട് യു കെ യിലെ എന്നതിലുപരി യുറോപ്പിലെ തന്നെ എണ്ണം പറയുന്ന തീര്‍ഥാടന മഹാമഹങ്ങളില്‍ ഒന്നായി വല്‍ഷിങ്ങാം തിരുനാള്‍ മാറിയിരിക്കുന്നു.

ഈസ്റ്റ് അന്ഗ്ലിയന്‍ സീറോ മലബാര്‍ തീര്‍ഥാടന പെരുന്നാളിന്റ്‌റെ പത്താം വാര്‍ഷികം എന്നതിനോടൊപ്പം യു കെ യിലെ രണ്ടാമത്തെ മൈനര്‍ ബസലിക്ക എന്ന പദവിയിലേക്ക് വല്‍ഷിങ്ങാം ആശ്രമ ചാപ്പലിനെ പോപ്പ് ഫ്രാന്‍സിസ് ഉയര്‍ത്തിയതിനു ശേഷം നടക്കുന്ന ആദ്യ തിരുനാള്‍ എന്ന നിലയിലും ഇക്കുറി സീറോ മലബാര്‍ തീര്‍ത്ഥാടനം വലിയ പ്രാധാന്യം അര്‍ഹിക്കുന്നു.അതിനാല്‍ തന്നെ മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ഏറെ തീവ്രവും അച്ചടക്കം നിറഞ്ഞതുമായ ഒരുക്കങ്ങളോടെയാണ് ഇക്കുറി തിരുനാള്‍ നടത്തിപ്പുകാരായ നോര്‍വിച്ച് കാത്തലിക്ക് കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു നീങ്ങുന്നത്.

യുകെയിലെക്കുള്ള സീറോ മലബാര്‍ വിശ്വാസികളുടെ വരവ് ഏതാണ്ട് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചെങ്കിലും പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വല്‍ഷിങ്ങാമിലേക്ക് മുടങ്ങാതെ എല്ലാവര്‍ഷവും തീര്‍ഥാടനം തുടങ്ങി വച്ചത് ഫാ മാത്യു വണ്ടാലക്കുന്നേല്‍ നേത്രുത്വം നല്കിയ ഈസ്റ്റ് ആന്‍ഗ്ലിയയിലെ കത്തോലിക്കാ സമൂഹം ആയിരുന്നു.ഇന്നിപ്പോള്‍ ഇന്ഗ്ലാണ്ടിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളി ക്രിസ്തീയ സമൂഹങ്ങള്‍ ഈ പുണ്യസ്ഥലത്തേക്ക് മുടങ്ങാതെ ഒഴുകിയെത്തുന്നു.വിശ്വാസം തുടിക്കുന്ന ഹൃദയങ്ങളും പ്രാര്‍ഥനകള്‍ നിറഞ്ഞ അധരങ്ങളുമായി പരിശുദ്ധ അമ്മയുടെ അരികിലെത്തി രോഗ സൌഖ്യങ്ങളും മനശാന്തിയും മറ്റനവധി അനുഗ്രഹങ്ങളും നേടി മടങ്ങിയ നാനാ ജാതി മതസ്ഥരായ ആളുകളുടെ എണ്ണം നിത്യേനെ ഈ പുണ്യാശ്രമത്തില്‍ കൂടി വരികയാണ്.

ക്രിസ്തീയ വിശ്വാസത്തിന്റ്‌റെ പാരമ്പര്യത്തില്‍ അടിസ്ഥിതമായ വിവിധ തിരുനാളുകള്‍ യു കെയുടെ എല്ലാ ഭാഗങ്ങളിലും ഉള്ള വിവിധ സഭാ വിശ്വാസികള്‍ നടത്തുന്നുണ്ടെങ്കിലും ആയിരക്കണക്കിനു വരുന്ന യുകെയിലെ സീറോ മലബാര്‍ സമൂഹം ഒത്തൊരുമിച്ച് പങ്കെടുക്കുന്ന വാല്‍സിങ്ങാം തിരുനാള്‍ ആണ് ജനബാഹുല്യത്തില്‍ ഇപ്പോള്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് എന്ന വസ്തുത ഈ തിരുനാളിന്റ്‌റെ മാഹാത്മ്യം വിളിച്ചോതുന്നു.

ഇംഗ്ലണ്ടിലെ ഏറ്റവും പുരാതനമായ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍സിങ്ങാമില്‍ എഡി 1061 ല്‍ റിഷന്ദിസ് പ്രഭ്വിക്ക് ദിവ്യ ദര്‍ശനം ഉണ്ടായതോടെയാണ് വിശ്വാസികളുടെ ഒഴുക്ക് ആരംഭിക്കുന്നത്. മാതാവിന്റെ കാരുണ്യ പ്രതീകമായി പ്രഭ്വി വാല്‍സിങ്ങാമിലെ ചതുപ്പു നിലത്തില്‍ നസ്രേത്തിലെ വീടിന്റെ മാതൃക പണിയുകയും ചെയ്തു.ചരിത്രത്തിന്റെ ഇടനാഴികകളില്‍ നിലനില്‍പ്പിന്റെ വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയ ഈ ആശ്രമത്തെ
ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ വര്‍ഷം ബസലിക്ക പദവിയിലേക്ക് ഉയര്‍ത്തിയതോടെ യൂറോപ്പിലെ തീര്‍ഥാടന ഭൂപടത്തില്‍ പ്രധാന സ്ഥാനവും വാല്‍സിങ്ങാമിന് കൈവന്നു. ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് വാല്‍സിങ്ങാം യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രിയപ്പെട്ട തീര്‍ഥാടന കേന്ദ്രമായത്.

ഈസ്‌ററ് ആംഗ്ലിയായുടെ സീറോ മലബാര്‍ ചാപ്ലിനായി സ്ഥാനമേറ്റെടുത്തതിനു ശേഷം ഫാ ടെറിന്‍ മുല്ലക്കര ആധ്യാത്മിക നേതൃത്വം നല്‍കുന്നു എന്ന പ്രേത്യേകതയും ഇത്തവണത്തെ വാല്ഷിങ്ങാം തീര്‍ത്ഥാടനത്തിനുണ്ട്.

ഇന്ഗ്ലണ്ടിന്റ്‌റെ കിഴക്കന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ സീറോ മലബാര്‍ കൂട്ടായ്മയായ നോര്‍വിച്ച് കാത്തലിക് കമ്മ്യൂണിറ്റി തിരുനാളിന്റെ പത്താം വാര്‍ഷികം അവിസ്മരണീയമാക്കുവാനുള്ള പ്രാര്‍ഥനാ യഞ്ജങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും വളരെ ചിട്ടയോടെയും ഉത്സാഹത്തോടെയും നടത്തി വരുന്നു.തിരുനാളിനൊരു ക്കമായി പ്രത്യേകം വെഞ്ചരിച്ച വല്ഷിങ്ങാം മാതാവിന്റ്‌റെ തിരു സ്വരൂപം ഓരോ ഭവനങ്ങളിലും പ്രതിഷ്ടിച്ചു നട ത്തിയ ജപമാലയും ഇടവകാന്ഗങ്ങളുടെ കുടുംബങ്ങളില്‍ അര്‍പ്പിക്കപ്പെട്ട അനേകം ദിവ്യബലികളും ഇത്തവണത്തെ തിരുനാള്‍ ഒരുക്കങ്ങളുടെ പ്രേത്യേകം എടുത്തു പറയപ്പെടേണ്ട ഭാഗങ്ങളാണ്.

തിരുനാള്‍ ദിനത്തില്‍ രാവിലെ 8.30 ന് കൊടിയേറ്റത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. 9 മണി മുതല്‍ 12 വരെ സ്ലിപ്പര്‍ ചാപ്പലില്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റ്‌റെ യു കെ യിലെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഫാ സോജി ഓലിക്കല്‍ നയിക്കുന്ന ധ്യാന പ്രഭാഷണത്തിനു ശേഷം കന്യകാമാതാവിനോടുള്ള ഭക്തിയും ആരാധനയും വഴിഞ്ഞൊഴുകുന്ന പ്രദക്ഷിണവും തിരുനാള്‍ റാസയും മറ്റു തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും. 12 മുതല്‍ 1.30 വരെ ഉച്ച ഭക്ഷണം, 1.30 മുതല്‍ 3 മണി വരെ സ്ലിപ്പര്‍ ചാപ്പല്‍ പ്രദക്ഷിണം, 3 മണിക്ക് പെരുന്നാള്‍ കുര്‍ബാന എന്നിങ്ങനെയാണ് ചടങ്ങുകള്‍. ആഘോഷപൂര്‍വമായ വിശുദ്ധകുര്‍ബാനക്ക് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര,ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ കാനോനിക പദവിയിലേക്കുയര്‍ത്തപ്പെട്ട ഫാ.മാത്യു വണ്ടാലക്കുന്നേല്‍,സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ടെറിന്‍ മുല്ലക്കര എന്നിവര്‍ക്കൊപ്പം യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വൈദികരും സഹകാര്‍മ്മികരാകും.

തിരുനാളിനെത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാന്‍ ജെയ്‌സണ്‍ പന്തപ്ലാക്കല്‍ നേത്രുത്വം നല്‍കുന്ന ട്രാഫിക് കണ്ട്രോള്‍ ആന്‍ഡ് ഗയിഡന്‍സ് സ്‌ക്വാഡ് ,ഡോ. ദിവ്യ നെല്‍സന്‍ മേല്‍നോട്ടം വഹിക്കുന്ന പ്രത്യേകം സുസജ്ജമായ മെഡിക്കല്‍ ആന്‍ഡ് എമര്‍ജന്‍സി ടീം എന്നിവക്ക് പുറമേ നാല്‍പ്പതോളം വോളണ്ടിയര്‍മാരുടെ പ്രത്യേക സേവനവും രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണിവരെ തിരുനാള്‍ സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്.കൂടാതെ മിതമായ നിരക്കില്‍ ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വല്‍ഷിങ്ങാം പള്ളി അധികൃതരുടെ കീഴിലുള്ളതും തിരുനാള്‍ കമ്മറ്റി യുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുള്ളതും ആയ വ്യാപാര കര്‍മ്മങ്ങള്‍ മാത്രമേ പള്ളിപ്പരിസരത്ത് തിരുനാള്‍ ദിവസം പാടുള്ളൂ എന്ന് തിരുനാള്‍ കമ്മറ്റി കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വാഹനങ്ങളില്‍ എത്തുന്ന വിശ്വാസികള്‍ക്കായി വിപുലമായ പാര്‍ക്കിങ് സൗകര്യം പള്ളിപ്പരിസരത്ത് തന്നെ ഇക്കുറി ഒരുക്കിയിട്ടുണ്ട്.മുന്‍ വര്‍ഷങ്ങളിലേതു പോലെ പ്രദിക്ഷണം ആരംഭിക്കുന്ന ഫ്രൈഡേ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള സ്ഥലത്തു വാഹനങ്ങള്‍ പാര്‍ക്ക് ചെയുന്നത് ഇത്തവണ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ഫാ. ടെറിന്‍ മുല്ലക്കര: 07985695056,
ഡോ. നെല്‍സണ്‍ ഡേവിഡ് (പെരുന്നാള്‍ കമ്മിറ്റി ചെയര്‍മാന്‍): 07519144288

 

തീര്‍ഥാടന കേന്ദ്രത്തിന്റെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലത്തിന്റെയും വിലാസം,

Slipper Chapel,
Houghton St. Giles,
Walsingham,
Norfolk,
NR22 6AL

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.