1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2016

 

 

 

 

 

 

 

 

 

ഷിനു മാണി.

ഒരു പതിറ്റാണ്ടിന്റ്‌റെ നിറവിലേക്ക് എത്തുന്ന ഈസ്റ്റ് അന്ഗ്ലിയയിലെ മലയാളി മക്കളുടെ സീറോ മലബാര്‍ വാല്‍ഷിങ്ങ്ഹാം തിരുനാള്‍ ജൂലൈ 17 ന് ആഘോഷിക്കപ്പെടുന്നു. തിരുനാളിനോടനുബന്ധിച്ചു അതിവിപുലമായ ഒരുക്കങ്ങളാണ് ഇക്കുറി തിരുനാള്‍ നടത്തിപ്പുകാരായ നോര്‍വിച്ച് കാത്തലിക്ക് കമ്യൂണിറ്റി ഒരുക്കുന്നത്.

ഓരോ വര്‍ഷവും വര്ദ്ധിച്ചു വരുന്ന ഭക്ത ജനപ്രവാഹവും പങ്കെടുക്കുന്ന വിശ്വാസികളുടെ മനം കുളിപ്പിക്കുന്ന ആഘോഷ രീതിയിലുള്ള പുതുമകളും കൊണ്ട് യു കെ യിലെ എന്നതിലുപരി യുറോപ്പിലെ തന്നെ എണ്ണം പറയുന്ന തീര്‍ഥാടന മഹാമഹങ്ങളില്‍ ഒന്നായി വല്‍ഷിങ്ങാം തിരുനാള്‍ മാറിയിരിക്കുന്നു.

ഈസ്റ്റ് അന്ഗ്ലിയന്‍ സീറോ മലബാര്‍ തീര്‍ഥാടന പെരുന്നാളിന്റ്‌റെ പത്താം വാര്‍ഷികം എന്നതിനോടൊപ്പം യു കെ യിലെ രണ്ടാമത്തെ മൈനര്‍ ബസലിക്ക എന്ന പദവിയിലേക്ക് വല്‍ഷിങ്ങാം ആശ്രമ ചാപ്പലിനെ പോപ്പ് ഫ്രാന്‍സിസ് ഉയര്‍ത്തിയതിനു ശേഷം നടക്കുന്ന ആദ്യ തിരുനാള്‍ എന്ന നിലയിലും ഇക്കുറി സീറോ മലബാര്‍ തീര്‍ത്ഥാടനം വലിയ പ്രാധാന്യം അര്‍ഹിക്കുന്നു.അതിനാല്‍ തന്നെ മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ഏറെ ഒരുക്കങ്ങളോടെയാണ് ഇക്കുറി തിരുനാള്‍ നടത്തിപ്പുകാരായ നോര്‍വിച്ച് കാത്തലിക്ക് കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു നീങ്ങുന്നത്.

യുകെയിലെ സീറോ മലബാര്‍ വിശ്വാസികളുടെ വരവ് ഏതാണ്ട് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചെങ്കിലും പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വല്‍ഷിങ്ങാമിലേക്ക് മുടങ്ങാതെ എല്ലാവര്‍ഷവും തീര്‍ഥാടനം തുടങ്ങി വച്ചത് ഫാ മാത്യു വണ്ടാലക്കുന്നേല്‍ നേത്രുത്വം നല്കിയ ഈസ്റ്റ് ആന്‍ഗ്ലിയയിലെ കത്തോലിക്കാ സമൂഹം ആയിരുന്നു.ഇന്നിപ്പോള്‍ ഇന്ഗ്ലാണ്ടിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളി ക്രിസ്തീയ സമൂഹങ്ങള്‍ ഈ പുണ്യസ്ഥലത്തേക്ക് മുടങ്ങാതെ ഒഴുകിയെത്തുന്നു.വിശ്വാസം തുടിക്കുന്ന ഹൃദയങ്ങളും പ്രാര്‍ഥനകള്‍ നിറഞ്ഞ അധരങ്ങളുമായി പരിശുദ്ധ അമ്മയുടെ അരികിലെത്തി രോഗ സൌഖ്യങ്ങളും മനശാന്തിയും മറ്റനവധി അനുഗ്രഹങ്ങളും നേടി മടങ്ങിയ നാനാ ജാതി മതസ്ഥരായ ആളുകളുടെ എണ്ണം നിത്യേനെ ഈ പുണ്യാശ്രമത്തില്‍ കൂടി വരികയാണ്.

ക്രിസ്തീയ വിശ്വാസത്തിന്റ്‌റെ പാരമ്പര്യത്തില്‍ അടിസ്ഥിതമായ വിവിധ തിരുനാളുകള്‍ യു കെയുടെ എല്ലാ ഭാഗങ്ങളിലും ഉള്ള വിവിധ സഭാ വിശ്വാസികള്‍ നടത്തുന്നുണ്ടെങ്കിലും ആയിരക്കണക്കിനു വരുന്ന യുകെയിലെ സീറോ മലബാര്‍ സമൂഹം ഒത്തൊരുമിച്ച് പങ്കെടുക്കുന്ന വാല്‍സിങ്ങാം തിരുനാള്‍ ആണ് ജനബാഹുല്യത്തില്‍ ഇപ്പോള്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് എന്ന വസ്തുത ഈ തിരുനാളിന്റ്‌റെ മാഹാത്മ്യം വിളിച്ചോതുന്നു.

ഫാ ടെറിന്‍ മുല്ലക്കര നേതൃത്വം നല്‍കുന്ന നോര്‍വിച്ച് കാത്തലിക് കമ്മ്യൂണിറ്റി തിരുനാളിന്റെ പത്താം വാര്‍ഷികം അവിസ്മരണീയമാക്കുവാനുള്ള പ്രാര്‍ഥനാ യഞ്ജങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും വളരെ ചിട്ടയോടെയും ഉത്സാഹത്തോടെയും ആരംഭിച്ചു കഴിഞ്ഞു.തിരുനാളിനൊരു ക്കമായി പ്രത്യേകം വെഞ്ചരിച്ച വല്ഷിങ്ങാം മാതാവിന്റ്‌റെ തിരു സ്വരൂപം ഓരോ ഭവനങ്ങളിലും പ്രതിഷ്ടിച്ചു നടത്തുന്ന ജപമാലയാണ് ഇപ്പോള്‍ നടന്നു വരുന്നത്.

ഇംഗ്ലണ്ടിലെ ഏറ്റവും പുരാതനമായ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍സിങ്ങാമില്‍ എഡി 1061 ല്‍ റിഷന്ദിസ് പ്രഭ്വിക്ക് ദിവ്യ ദര്‍ശനം ഉണ്ടായതോടെയാണ് വിശ്വാസികളുടെ ഒഴുക്ക് ആരംഭിക്കുന്നത്. മാതാവിന്റെ കാരുണ്യ പ്രതീകമായി പ്രഭ്വി വാല്‍സിങ്ങാമിലെ ചതുപ്പു നിലത്തില്‍ നസ്രേത്തിലെ വീടിന്റെ മാതൃക പണിയുകയും ചെയ്തു.
ഫ്രാന്‍സിസ് മാര്‍പാപ്പ വാല്‍സിങ്ങാമിനെ കഴിഞ്ഞ വര്‍ഷം ബസലിക്ക പദവിയിലേക്ക് ഉയര്‍ത്തിയതോടെ യൂറോപ്പിലെ തീര്‍ഥാടന ഭൂപടത്തില്‍ പ്രധാന സ്ഥാനവും വാല്‍സിങ്ങാമിന് കൈവന്നു. ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് വാല്‍സിങ്ങാം യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രിയപ്പെട്ട തീര്‍ഥാടന കേന്ദ്രമായത്.


തിരുനാള്‍ ദിനത്തില്‍ രാവിലെ 8.30 ന് കൊടിയേറ്റത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. 9 മണി മുതല്‍ 12 വരെ സ്ലിപ്പര്‍ ചാപ്പലില്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റ്‌റെ യു കെ യിലെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഫാ സോജി ഓലിക്കല്‍ നയിക്കുന്ന ധ്യാന പ്രഭാഷണത്തിനു ശേഷം കന്യകാമാതാവിനോടുള്ള ഭക്തിയും ആരാധനയും വഴിഞ്ഞൊഴുകുന്ന പ്രദക്ഷിണവും തിരുനാള്‍ റാസയും മറ്റു തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും. 12 മുതല്‍ 1.30 വരെ ഉച്ച ഭക്ഷണം, 1.30 മുതല്‍ 3 മണി വരെ സ്ലിപ്പര്‍ ചാപ്പല്‍ പ്രദക്ഷിണം, 3 മണിക്ക് പെരുന്നാള്‍ കുര്‍ബാന എന്നിങ്ങനെയാണ് ചടങ്ങുകള്‍. ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയാണ് ആഘോഷപൂര്‍വമായ കുര്‍ബാനക്ക് നേതൃത്വം നല്‍കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ഫാ. ടെറിന്‍ മുല്ലക്കര: 07985695056,
ഡോ. നെല്‍സണ്‍ ഡേവിഡ് (പെരുന്നാള്‍ കമ്മിറ്റി ചെയര്‍മാന്‍): 07519144288

തീര്‍ഥാടന കേന്ദ്രത്തിന്റെ വിലാസം,

Slipper Chapel,
Houghton St. Giles,
Walsingham,
Norfolk,
NR22 6AL

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.