1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2019

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവായിരുന്ന മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു; ഓര്‍മയായത് ഇന്ദിര ഗാന്ധിയെ വിറപ്പിച്ച പോരാട്ടവീര്യം. സോഷ്യലിസ്റ്റ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടണിന് 88 വയസായിരുന്നു. തെക്കന്‍ ഡല്‍ഹി സാകേതിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ഏറെക്കാലമായി മറവിരോഗബാധിതനായി കഴിയുകയായിരുന്ന അദ്ദേഹത്തെ പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ന്യൂയോര്‍ക്കിലുള്ള മകന്‍ എത്തിയശേഷം ശവസംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്തെ റോമന്‍ കത്തോലിക്കാ കുടുംബത്തിലാണ് ഫെര്‍ണാണ്ടസ് ജനിച്ചത്. മൊറാര്‍ജി ദേശായി, വി.പി. സിങ്, അടല്‍ ബിഹാരി വാജ്‌പേയ് മന്ത്രിസഭകളില്‍ പ്രധാനവകുപ്പുകള്‍ വഹിച്ച അദ്ദേഹം തൊഴിലാളി നേതാവായാണ് രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്തത്. മുംബൈയില്‍ ഒട്ടേറെ തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. റാംമനോഹര്‍ ലോഹ്യയുടെ അടുത്ത അനുയായി മാറി.

1967ല്‍ അന്നത്തെ ദക്ഷിണ ബോംബെ ലോക്‌സഭാമണ്ഡലത്തില്‍ കോണ്‍ഗ്രസിലെ അതികായനായിരുന്ന എസ്.കെ. പാട്ടീലിനെ തോല്‍പ്പിച്ചായിരുന്നു സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഫെര്‍ണാണ്ടസിന്റെ ദേശീയ രാഷ്ട്രീയത്തിലെ അരങ്ങേറ്റം. 1974ലെ റെയില്‍വേ സമരമാണ് അദ്ദേഹത്തിലെ തീപ്പൊരിനേതാവിനെ രാജ്യത്തിനു കാണിച്ചുകൊടുത്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായായിരുന്നു റെയില്‍വേ സ്തംഭിപ്പിച്ചുള്ള സമരം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതു വരെയെത്തിച്ച ഇന്ദിരാവിരുദ്ധവികാരത്തിന്റെ പ്രതിഫലനമായിരുന്നു ആ സമരം.

അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ ജോര്‍ജ് ഫെര്‍ണാണ്ടസ് തടവറയില്‍നിന്നാണ് 1977ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബിഹാറിലെ മുസാഫര്‍പുരില്‍ ഉജ്ജ്വലവിജയം നേടിയ അദ്ദേഹം മൊറാര്‍ജി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി. ജനതാദള്‍വിട്ട് 1994ല്‍ അദ്ദേഹം സമത പാര്‍ട്ടി രൂപവത്കരിച്ച് എന്‍.ഡി.എ. സഖ്യകക്ഷിയായി മാറി. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധമന്ത്രി ആയിരിക്കെ ഉണ്ടായ ശവപ്പെട്ടി കുംഭകോണം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പാടായി.

അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടി വന്നു. എന്നാല്‍, കുംഭകോണം അന്വേഷിച്ച രണ്ടു കമ്മിഷനുകളും അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 2010ല്‍ പാര്‍ക്കിന്‍സണും അല്‍ഷിമേഴ്‌സും ബാധിച്ച് അദ്ദേഹത്തിന്റെ ഓര്‍മകള്‍ മാഞ്ഞു തുടങ്ങി. അടിയന്തരാവസ്ഥയുടെ വേട്ടയാടല്‍ നാളുകളില്‍ ജോര്‍ജ് ഫെര്‍ണാണ്ടസില്‍ നിന്നകന്ന ഭാര്യ ലൈല കബീറും മകന്‍ സീനും അദ്ദേഹം രോഗശയ്യയിലായിരിക്കേ മടങ്ങിയെത്തി. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സന്തതസഹചാരിയായിരുന്ന ജയ ജെയ്റ്റ്‌ലിയും ലൈലയും തമ്മിലുള്ള ഏറ്റുമുട്ടലിനും ഇതു വഴിവെച്ചു.

ജയയ്ക്കു ഫെര്‍ണാണ്ടസിനെ കാണാന്‍ കോടതിയുടെ അനുമതി വേണ്ടിവന്നു. പഞ്ചശീല്‍ പാര്‍ക്കിലെ ലൈലയുടെ വസതിയിലായിരുന്നു അന്ത്യകാലത്ത് ഫെര്‍ണാണ്ടസ്. ഇന്ദിര ഗാന്ധിയെപ്പോലും വിറപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ്, അടിയന്തിരാവസ്ഥയിലെ പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ നിര്‍ഭയം പോരാടിയ തീവ്രസോഷ്യലിസ്റ്റ്, കേന്ദ്രമന്ത്രിയായിരിക്കെ കൊക്കക്കോളയുള്‍പ്പെടെയുള്ള കോര്‍പറേറ്റ് കമ്പനികളോട് ഇന്ത്യ വിടാന്‍ കല്‍പിച്ച സാമ്രാജ്യത്വ വിരോധി, ആര്‍എസ്എസിനോട് മൃദുസമീപനം പുലര്‍ത്തിയതിന് ജനതാ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ മതേതരവാദി എന്നിങ്ങനെ സംഭവബഹുലമായ ജീവിതമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിന്റേത്.

ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് നാടകീയത എന്ന വാക്ക് അതിന്റെ എല്ലാ അര്‍ഥ തലങ്ങളോടും കൂടെ ജീവിതത്തെ തൊട്ട മറ്റൊരു വ്യക്തിയുണ്ടാകുമോ എന്നത് സംശയമാണ്.പൗര സ്വാതന്ത്ര്യമുള്‍പ്പെടെ സകലതും അടിച്ചമര്‍ത്തപ്പെട്ട, അടിയന്തരാവസ്ഥയുടെ നാളുകളിണ് തീപ്പൊരി നേതാവെന്ന നിലയിലുള്ള ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വളര്‍ച്ച. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട നാളുകളില്‍ പൗരാവകാശം നിഷേധിക്കപ്പെടുന്ന കാഴ്ച അദ്ദേഹത്തിന്റെയുള്ളിലെ പോരാളിയെ ഉണര്‍ത്തി.

ഇന്ദിരാ ഗാന്ധി പ്രസംഗിക്കുന്ന ചടങ്ങില്‍ ഡൈനാമിറ്റ് സ്‌ഫോടനത്തിന് പദ്ധതിയിട്ടെങ്കിലും പൊളിഞ്ഞു. തുടര്‍ന്ന് അറസ്റ്റിലായി. അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ മുഷ്ടി ചുരുട്ടി ജയ് വിളിക്കുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ചിത്രം ടൈം മാഗസിന്‍ ഉള്‍പ്പെടെയുള്ളവയില്‍ അച്ചടിച്ചുവന്നു. അടിച്ചമര്‍ത്തലുകളോട് പ്രതികരിക്കാന്‍ വെമ്പുന്ന സാധാരണക്കാരന്റെ പ്രതിനിധിയായി ആ ഒരൊറ്റ ചിത്രത്തിലൂടെ അദേഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.