1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2023

സ്വന്തം ലേഖകൻ: അജ്ഞാത ഉറവിടങ്ങളുമായി ഒറ്റത്തവണ പാസ്‌വേഡുകള്‍ (ഒടിപി) പങ്കിടുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്. ഡിജിറ്റല്‍ യുഗത്തിലെ സൈബര്‍ ഭീഷണികള്‍ക്കെതിരെ സ്വദേശികളെയും വിദേശികളെയും ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ശക്തമാക്കാനും പോലീസ് തീരുമാനിച്ചു.

കുട്ടികള്‍ ഇരയാക്കപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പു കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ‘ബി അവേര്‍: സ്റ്റോപ്പ്, തിങ്ക്, പ്രൊട്ടക്റ്റ്’ കാമ്പെയ്ന്‍ ഷാര്‍ജ പോലീസ് ആരംഭിക്കുകയാണ്.

സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ സൈബര്‍ തട്ടിപ്പുകാര്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണെന്നും സ്‌നാപ്ചാറ്റ് വഴിയാണ് കൂടുതല്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ഷാര്‍ജ പോലീസിലെ ക്രിമിനല്‍ ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സൈബര്‍ സെക്യൂരിറ്റി ടെക്‌നീഷ്യന്‍ നദ അല്‍ സുവൈദി ചൂണ്ടിക്കാട്ടി.

സൈബര്‍ കുറ്റവാളികള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്തുകിട്ടുന്നതിന് വിവിധ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പിന്നീട് അത് പണംതട്ടുന്നതിനുള്ള മാര്‍ഗമായി ഉപയോഗിക്കുകയും ചെയ്യുന്നു.

വിവാഹിതരായ ദമ്പതികള്‍, സ്ത്രീകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, കൗമാരക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറാതെ ഫലപ്രദമായി പരിഹരിക്കുന്നതിനും സ്വകാര്യ ഫോട്ടോകളും വീഡിയോകളും ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാനുമായി ഷാര്‍ജ പോലീസ് പ്രത്യേക പരിശീലനം സിദ്ധിച്ച വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ അനുദിനം തന്ത്രങ്ങള്‍ മാറ്റുകയാണ്. ഡീപ് ഫെയ്ക് വീഡിയോ കോള്‍ എന്ന തട്ടിപ്പ് രീതിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ് അല്‍ഗോരിതങ്ങളും ഉപയോഗപ്പെടുത്തി ആളുകളുടെ ഇമേജുകള്‍, ഓഡിയോ, റെക്കോഡിങുകള്‍ എന്നിവ ഉപയോഗിച്ച് അവരുടെ പേരില്‍ വ്യാജ വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഡീപ്‌ഫേക്ക്.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രതപാലിക്കണമെന്ന് യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പ്രശസ്ത ഷോപ്പുകളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടും ഉണ്ടാക്കി ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചും വ്യാജ തൊഴില്‍ ഓഫറുകള്‍ നല്‍കി പ്രോസസിങ് ഫീസ് ആവശ്യപ്പെട്ടും തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതായി അബുദാബി പോലീസ് അറിയിച്ചിരുന്നു.

പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് തട്ടിപ്പുകാര്‍ നടത്തുന്ന ഫോണ്‍കോളുകളോടും സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുത്. ഒറ്റത്തവണ പാസ്‌വേഡുകള്‍, എടിഎം വ്യക്തിഗത തിരിച്ചറിയല്‍ നമ്പറുകള്‍, ബാങ്ക് കാര്‍ഡുകളിലെ സെക്യൂരിറ്റി നമ്പര്‍ (സിസിവി) എന്നിങ്ങനെയുള്ള രഹസ്യവിവരങ്ങള്‍ ആരുമായും പങ്കിടരുത്. ബാങ്ക് ജീവനക്കാര്‍ ഒരിക്കലും ഇടപാടുകാരോട് ഇവ ചോദിക്കാറില്ല.

ബാങ്കിങ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതരായ വ്യക്തികളില്‍ നിന്ന് കോളുകള്‍ വന്നാല്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ കൈമാറണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അല്ലെങ്കില്‍ 8002626 എന്ന നമ്പറില്‍ അമന്‍ സേവനത്തില്‍ വിളിച്ചോ അല്ലെങ്കില്‍ 2828 എന്ന നമ്പറില്‍ വാചക സന്ദേശം അയച്ചോ അധികാരികളെ അറിയിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.