സ്വന്തം ലേഖകന്‍: കലാഭവന്‍ മണി അന്തരിച്ചു, അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. കരള്‍ രോഗ ബാധയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയുടെ ആരോഗ്യനില ഇന്ന് വഷളാകുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. 45 വയസായിരുന്നു.
നാടന്‍ പാട്ടുകളിലൂടെയും മിമിക്രിയിലൂടേയും മലയാള സിനിമയിലേക്കും മലയാളി പ്രേക്ഷകരുടെ മനസിലേക്കും തന്റേതായ വഴി വെട്ടിത്തുറന്ന മണി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി. ഈ ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന, ദേശീയ തലങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശവും മണി സ്വന്തമാക്കി.
സവിശേഷമായ ചിരിയും അഭിനയ ശൈലിയും മണിയെ തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ഏറെ പ്രിയങ്കരനാക്കി. ചുരുങ്ങിയ സമയം കൊണ്ടുതന്നെ തെന്നിന്ത്യയിലെ പ്രമുഖ വില്ലന്‍ നടനായി മാറിയ മണിക്ക് മലയാളത്തിലേക്ക് എത്തിനോക്കാന്‍ കഴിയാത്ത തിരക്കായിയിരുന്നു ഇടക്കാലത്ത്.
നായകനും വില്ലനും ഹാസ്യതാരവും യുവാവും വൃദ്ധനും ഉള്‍പ്പെടെ വേഷങ്ങളുടെ വൈവിധ്യത്തിലൂടെ കടന്നു പോകുമ്പോഴും ചാലക്കുടിക്കാരുടെ സ്വന്തം മണിയായി നാടന്‍ വേഷത്തില്‍ മണി പ്രത്യക്ഷപ്പെട്ടു. പ്രേക്ഷകരെ കരയിക്കാനും ചിരിപ്പിക്കാനും കഴിയുന്ന അനേകം വേഷങ്ങള്‍ അണിയാതെ മണി വിട വാങ്ങുമ്പോള്‍ മലയാള സിനിമക്ക് ബാക്കിയാകുന്നത് നിഷ്‌കളങ്കമായ, മണിമുഴക്കം പോലുള്ള ആ പൊട്ടിച്ചിരിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല