1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2020

സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് വ്യാപനം രണ്ടു വർഷം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്നാണു പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ്. 1918 ഫെബ്രുവരി മുതല്‍ 1920 ഏപ്രില്‍ വരെ നീണ്ടുനിന്നതും ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കപ്പെടുന്നതുമായ സ്പാനിഷ് ഫ്‌ളൂവിനെ അതിജീവിക്കാൻ രണ്ടുവർഷമെടുത്ത കാര്യം അദാനം ചൂണ്ടിക്കാട്ടി.

സാങ്കേതിക വിദ്യയുടെ മുന്നേറ്റം വേഗത്തിൽ കൊവിഡ് വ്യാപനം തടയാൻ സഹായിക്കും. സ്പാനിഷ് ഫ്‌ളൂവിനെക്കാൾ വേഗത്തിൽ ഭൂലോകത്തുനിന്ന് കൊവിഡിനെ തുടച്ചുമാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ടെഡ്രോസ് അദാനം പറഞ്ഞു.

“സ്പാനിഷ് ഫ്‌ളൂവിനെക്കാൾ അതിവേഗം കൊവിഡ് പടരാൻ കാരണം ഇക്കാലത്ത് ആളുകൾ പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ കൂടുതലായതിനാലാണ്. നമുക്ക് ഈ മഹാമാരിയെ തടയാനുള്ള സാങ്കേതികത്തികവുണ്ട്, അറിവുണ്ട്. ഈ മഹാമാരിയെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും,” ടെഡ്രോസ് അദാനം പറഞ്ഞു.

സ്പാനിഷ് ഫ്‌ളൂ 500 ദശലക്ഷത്തോളം പേരെ ബാധിക്കുകയും 50 ദശലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്തു. സ്പാനിഷ് ഫ്‌ളൂവിനെപ്പോലെയോ അതിലേറെയോ കൊവിഡ് മാരകമാകാനുള്ള സാധ്യതയുണ്ടെന്ന് ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

കൊവിഡിനെതിരെ പോർമുഖം തുറക്കുന്നതിൽ ദേശീയ, ആഗോള ഐക്യദാർഢ്യത്തിന്റെ പ്രാധാന്യവും ടെഡ്രോസ് അദാനം ഊന്നിപ്പറഞ്ഞു. ലോകത്ത് 23,120,216 പേർക്കാണ് ഇത് വരെ കൊവിഡ് ബാധിച്ചത്. 803,201 പേർ മരണമടഞ്ഞു.

അതിനിടെ റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം.

40,000 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ലോകത്ത് ആദ്യമായി വികസിപ്പിച്ച് ഫലപ്രദമെന്ന് തെളിഞ്ഞ വാക്‌സിനാണ് തങ്ങളുടേതെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

ലോകത്തിലെ ആദ്യത്തെ വാക്‌സിന് ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിനെ ഓര്‍മിപ്പിക്കുന്ന സ്പുട്‌നിക് അഞ്ച് എന്നാണ് റഷ്യ പേരിട്ടിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ കാലത്താണ് ലോകത്ത് ആദ്യമായി ഒരു രാജ്യം വിജയകരമായി കൃത്രിമോപഗ്രഹം വിക്ഷേപിച്ചത്.

വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. രണ്ടുമാസം നീണ്ടുനിന്ന മനുഷ്യരിലെ പരീക്ഷണങ്ങള്‍ ഫലപ്രദമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നതെങ്കിലും അതിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.