1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2014

ന്യൂഡല്‍ഹി: ആരോപണ വിധേയനായ ജസ്റ്റിസ് ദിനകരനെ സുപീംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ശ്രമിച്ചുവെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജിയും, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്‌ഠേയ കട്ജുവിന്റെ വെളിപ്പെടുത്തല്‍. ദിനകരനെ കൊളീജിയം ശുപാര്‍ശ ചെയ്യുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ ആരോപണങ്ങള്‍ ജസ്റ്റിസ് എസ്.എച്ച് കപാഡിയയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത് തള്ളിയാണ് കൊളീജിയം ദിനകറിനെ നിര്‍ദ്ദേശിച്ചതെന്നും കട്ജു പറഞ്ഞു. അതെ,സമയം കോടതിയലക്ഷ്യ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നും തന്റെ ബ്ലോഗ് കുറിപ്പുകളില്‍ കട്ജു ആവശ്യപ്പെട്ടു.കോടതികളുടെ അന്തസിനും ജഡ്ജിമാരുടെ ബഹുമതിക്കും മുറിവേല്‍ക്കരുതെന്ന ലക്ഷ്യമാണ് കോടതിയലക്ഷ്യ നിയമങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.

       1965 ല്‍ ഇംഗ്ലണ്ടിലെ ജസ്റ്റിസ് വില്‍മോര്‍ട്ടിന്റെ ജഡ്ജ്‌മെന്റിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലും കോടതിയലക്ഷ്യ നിയമങ്ങള്‍ രൂപീകരിച്ചത്. എന്നാല്‍ ഇത് ഉപയോഗിക്കുന്നത് കോടതികളുടെ അന്തസും മഹിമയും നിലനിര്‍ത്തുന്നതിനു വേണ്ടിമാത്രമാണോ എന്ന ചോദ്യം ഉന്നയിക്കുന്നത് മറ്റാരുമല്ല മുന്‍ സൂപ്രീം കോടതി ജഡ്ജിയും പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷനുമായ മാര്‍ക്കണ്ഡേയ കട്ജുവാണ്. മദ്രാസ് ഹൈക്കോടതി ജഡ്ജി നിയമനവുമായി ബന്ധപെട്ട് കട്ജു ബ്ലോഗിലൂടെ നടത്തിയ പരാമര്‍ശങ്ങളുണ്ടാക്കിയ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് കോടതിയലക്ഷ്യ നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ധേഹം തന്റെ ബ്ലോഗിലൂടെ ആവശ്യപെട്ടിരിക്കുന്നത്.

       കൊളോണിയല്‍ പാരമ്പര്യം പേറുന്ന പിന്തിരിപ്പന്‍ കോടതിയലക്ഷ്യ നിയമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഈ നിയമത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്ത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മറ്റൊരു സ്ഥാപനത്തിനും ഉദ്യോഗസ്ഥനും ഇല്ലാത്തെ പരിരക്ഷയും അപ്രമാദിതവും കോടതികള്‍ക്കും ജഡ്ജിമാര്‍ക്കും നല്‍കുന്ന ഈ നിയമം യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപെടാനാവാത്തതാണ്. രാജവാഴ്ചകാലത്ത് രാജാവിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുന്ന പോലെയാണ് ഇന്ന് കോടതിയലക്ഷ്യ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ അഴിമതിയും കുറ്റകൃത്യങ്ങളും വര്‍ധിച്ച് വരുന്ന ഇക്കാലത്ത് ജഡ്ജിമാരുടെ നിക്ഷ്പക്ഷതയെ കുറിച്ചു ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികം എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ കോടതിയലക്ഷ്യ നിയമം വ്യാപകമായി ഉപയോഗിക്കുന്ന പ്രവണത ചോദ്യ ചെയ്യപെടേണ്ടതുതന്നെ. ഈ സാഹചര്യത്തില്‍ കോടതിയലക്ഷ്യ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ നിയമഭേദഗതി നടത്തേണ്ടത് ആവശ്യമാണ്. ഒരു ജനാധിപത്യ രാജ്യത്ത് കോടതികളോട് ജനങ്ങള്‍ക്കുള്ള ബഹുമാനം നിയമങ്ങളിലൂടെയല്ല ജഡ്ജിമാരുടെ പ്രവര്‍ത്തിയിലൂടെ ഉണ്ടാക്കിയെടുക്കേണ്ടതാണെന്ന് കട്ജു അഭിപ്രായപെടുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.