1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2017

സ്വന്തം ലേഖകന്‍: യാത്രക്കാരോടുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് ക്രൂരത വീണ്ടും, കോസ്റ്റാറിക്കയിലേക്ക് കല്യാണം കഴിക്കാന്‍ പോയ പ്രതിശ്രുത വധുവിനേയും വരനേയും ഇറക്കിവിട്ടു. വിമാനത്തിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പുറത്താക്കിയത്. കഴിഞ്ഞയാഴ്ച ചിക്കാഗോയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് യാത്രക്കാരനെ പുറത്തേക്ക് വലിച്ചിഴച്ച നടപടി വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം.

മൈക്കിള്‍ ഹോല്‍, പ്രതിശ്രുത വധു അംബെര്‍ മാക്‌സ്‌വെല്‍ എന്നിവരെയാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. തങ്ങളുടെ സീറ്റിനു സമീപത്തിരുന്ന യാത്രക്കാരന്‍ ഉറങ്ങുന്നത് ശല്യമായതോടെയാണ് സീറ്റ് മാറി ഇരുന്നതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ സീറ്റിന് അധിക പണം നല്‍കണമെന്ന് കമ്പനി നിര്‍ദേശിച്ചത് അംഗീകരിച്ചില്ല. സ്വന്തം സീറ്റിലേക്ക് മടങ്ങാന്‍ ജീവനക്കാര്‍ നിര്‍ദേശിച്ചുവെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ദമ്പതികള്‍ ഉയര്‍ന്ന ക്ലാസിലെ സീറ്റുകളില്‍ കയറി ഇരുന്നുവെന്നും ജീവനക്കാരുടെ നിര്‍ദേശം വകവെക്കാതെ വിമാനത്തിനുള്ളില്‍ ബഹളം വയ്ക്കുകയും ചെയ്തുവെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ വിശദീകരിച്ചു. എന്നാല്‍ ഇതേകുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ കമ്പനി ഉടമകളായ യുണൈറ്റഡ് കോണ്ടിനെന്റല്‍ ഹോള്‍ഡിംഗ് തയ്യാറായിട്ടില്ല.

കഴിഞ്ഞയാഴ്ച വിയറ്റ്‌നാം സ്വദേശിയായ ഡോ.ഡേവിഡ് റോ(69)യെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെ രൂക്ഷമായ വിമര്‍ശനത്തിനും ദൃശ്യങ്ങള്‍ കാരണമായി. സംഭവത്തില്‍ കമ്പനി പിന്നീട് ഖേദം പ്രകടിപ്പിച്ചുവെങ്കിലും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് റോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.