
സ്വന്തം ലേഖകൻ: വാഹനത്തിൽ നിന്നു സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. സിഗരറ്റിനു പുറമേ ചായക്കപ്പ്, കവറുകൾ, മറ്റു പാഴ്‌വസ്തുക്കൾ തുടങ്ങിയവ പുറത്തേക്കു എറിഞ്ഞാൽ ഓർക്കുക, പിഴയ്ക്കു പുറമെ ലൈസൻസിൽ ബ്ലാക്ക് മാർക്കും വീഴും.
വണ്ടിയുടെ ഗ്ലാസ് പകുതി താഴ്ത്തി കൈ പുറത്തേക്കിട്ടു സിഗരറ്റ് ആസ്വദിക്കുന്നവർ കുറ്റിയെരിഞ്ഞു തീരുമ്പോൾ ആരും കാണാതെ പുറത്തേക്കിടും. ഓടുന്ന വണ്ടിയിൽ ചായ കുടിക്കുന്നവരും ഇതു തന്നെയാണ് ചെയ്യുന്നത്. ചായ കുടിച്ചു കഴിയുമ്പോൾ കപ്പുകൾ ബാധ്യതയാകും.
പതുക്കെ ഗ്ലാസ് താഴ്ത്തി കപ്പുകൾ പുറത്തേക്കെറിയുന്നവർ വർധിക്കുന്നതായി പൊലീസ് പറഞ്ഞു. ഇത്തരം പെരുമാറ്റങ്ങൾ വച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്. പ്രകൃതിക്കു ദോഷം ചെയ്യുന്ന ഇത്തരം പ്രവൃത്തികൾക്കു 1000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
കുട്ടികൾക്കിടയിൽ പുകവലിച്ചാൽ കേസിന്റെ ഗൗരവം കൂടും. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ‘വദീമ’ നിയമ പ്രകാരമായിരിക്കും ഇത്തരം കേസുകളിൽ കുറ്റക്കാരെ ശിക്ഷിക്കുക. പുകയില ഉൽപന്നങ്ങൾ കുട്ടികൾക്ക് വിൽക്കുന്നതിനും വിലക്കുണ്ട്. പുകയില ഉൽപന്നങ്ങൾ കൈമാറാനുള്ള പ്രായം 18 വയസ്സാണ്. പൊതുഗതാഗതം, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പുകവലിക്ക് നിരോധനം നിലനിൽക്കുന്നുണ്ട്.
12 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനത്തിലുണ്ടായിരിക്കെ പുകവലിക്കുന്നവരെ നിരീക്ഷിച്ചു പിടിക്കാൻ പട്രോളിങ് വാഹനങ്ങൾ നിരത്തിലുണ്ട്. പിടിക്കപ്പെട്ടാൽ ആദ്യഘട്ടത്തിൽ 500 ദിർഹം പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ 10000 ദിർഹമായിരിക്കും. പുകയില പ്രതിരോധ നിയമപ്രകാരമാണ് ഈ ശിക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല