1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2022

സ്വന്തം ലേഖകൻ: സമൂഹത്തില്‍ നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ഫിറ്റ്‌നെസ് ചാലഞ്ചുമായി അബൂദാബി. ഒക്ടോബര്‍ 26നകം അബൂദാബി നിവാസികള്‍ ചേര്‍ന്ന് കൂട്ടനടത്തത്തിലൂടെ ഒരു ബില്യണ്‍ അഥവാ നൂറു കോടി ചുവടുകള്‍ വയ്ക്കുകയെന്ന വണ്‍ ബില്യണ്‍ സ്‌റ്റെപ്‌സ് ചാലഞ്ചുമായാണ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. ഫിറ്റ്‌നെസ് ചാലഞ്ചുമായി ബന്ധപ്പെട്ട് ഇത്തിഹാദ് എയര്‍വെയ്‌സിന്റെ വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അബൂദാബി പബ്ലിക് ഹെല്‍ത്ത് സെന്ററും ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയവും സാമൂഹിക വികസന വകുപ്പും അബൂദാബി സ്‌പോര്‍ട്‌സ് കൗണ്‍സിലും ഫിറ്റ്‌നെസ് ആപ്പായ സ്റ്റെപ്പിയും സംയുക്തമായാണ് ഫിറ്റ്‌നെസ് ചാലഞ്ച് സംഘടിപ്പിക്കുന്നത്. അബൂദാബിയില്‍ നടക്കുന്ന ഒന്‍പതാമത് ഫിസിക്കല്‍ ആക്ടിവിറ്റി ആന്റ് ഹെല്‍ത്ത് അന്താരാഷ്ട്ര കോണ്‍ഗ്രസ് സമാപനത്തോട് അനുബന്ധിച്ച് അവസാനിക്കുന്ന രീതിയിലാണ് വണ്‍ ബില്യണ്‍ സ്റ്റെപ്പ്‌സ് ചാലഞ്ച് അധിതര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

സെപ്റ്റംബര്‍ 23ന് തുടങ്ങി ഒക്ടോബര്‍ 26 വരെയാണ് വണ്‍ ബില്യണ്‍ സ്റ്റെപ്പ്‌സ് ചാലഞ്ച് നടക്കുക. ഓരോ ചുവടുവയ്പ്പും പ്രധാനം എന്ന ഫിസിക്കല്‍ ആക്ടിവിറ്റി ആന്റ് ഹെല്‍ത്ത് കോണ്‍ഗ്രസിന്റെ പ്രമേയവുമായി ബന്ധപ്പെടുത്തിയാണ് വണ്‍ ബില്യണ്‍ സ്റ്റെപ്പ്‌സ് ചാലഞ്ച് നടക്കുക. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകളുടെ സഹകരണത്തോടെ 100 കോടി ചുവടുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ജനങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പികുകയെന്ന ലക്ഷ്യത്തോടെയാണിത്.

ചാലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ എവിടേക്കും യാത്ര ചെയ്യന്നതിനുള്ള ഇത്തിഹാദ് എയര്‍വെയ്‌സിന്റെ വിമാന ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യുഎഇയിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വണ്‍ ബില്യണ്‍ സ്റ്റെപ്പ്‌സ് ചാലഞ്ചില്‍ പങ്കാളികളാകാം. ഇവര്‍ക്കും പുറമെ, ഒന്‍പതാമത് ഫിസിക്കല്‍ ആക്ടിവിറ്റി ആന്റ് ഹെല്‍ത്ത് അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്ദര്‍ശകരായി എത്തിച്ചേരുന്ന ആയിരത്തിലേറെ പ്രതിനിധികളെയും ചാലഞ്ചിന്റെ ഭാഗമാക്കാനാണ് പദ്ധതി. ഒക്ടോബര്‍ 23 മുതല്‍ 26 വരെ അബൂദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലാണ് അന്താരാഷ്ട്ര കോണ്‍്രസ് നടക്കുന്നത്.

ചാലഞ്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യമായി സ്റ്റെപ്പി (STEPPI) എന്ന ഫിറ്റ്‌നെസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അവരുടെ ചുവടുകള്‍ ട്രാക്ക് ചെയ്യാം. ഓരോരുത്തരുടെയും സ്‌റ്റെപ്പുകളുടെ എണ്ണവും ചവിട്ടടികള്‍ പരമാവധി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ഇതുമായി ബന്ധപ്പെട്ട് ഒരുക്കിയ വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ സ്റ്റെപ്പുകള്‍ സമ്പാദിച്ചവര്‍ക്ക് വെബ്‌സൈറ്റ് വഴി നടക്കുന്ന മല്‍സരത്തില്‍ പങ്കാളികളാവാനും സാധിക്കും.

എല്ലാവരിലും മികച്ച ആരോഗ്യ ശീലം വളര്‍ത്തുകയും ആരോഗ്യം നേടിയെടുക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് വണ്‍ ബില്യണ്‍ സ്‌റ്റെപ്പ് ചാലഞ്ചെന്ന് അബൂദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ഡയരക്ടര്‍ ജനറല്‍ മത്താര്‍ അല്‍ നുഐമി പറഞ്ഞു. ഈ ചാലഞ്ചില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ചാലഞ്ചിന്റെ ഭാഗമായി നടത്തമോ ഓട്ടമോ ആവാം. ചാലഞ്ച് വിജയിപ്പിക്കുന്നതിന് യുഎഇയിലെ ഓരോ വ്യക്തിയുടെയും സംഘടനയുടെയും സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.