
സ്വന്തം ലേഖകൻ: നൈജീരിയന്‍ തീരത്തുനിന്ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാര്‍ മോചിതരായി. ഡിസംബര്‍ മൂന്നിനാണ് ബോണി ദ്വീപിനു സമീപത്തുനിന്ന് ഹോങ്കോങ്ങിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യക്കപ്പലില്‍നിന്ന് ഇവരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. മോചിപ്പിച്ചവരെ നൈജീരിയന്‍ തലസ്ഥാനമായ അബുജയിലെത്തിച്ചു.
ഇന്ത്യക്കാരെ വിട്ടയച്ച കാര്യം നെജീരിയയുടെ നാവികസേനയും ഷിപ്പിങ് കമ്പനിയും സ്ഥിരീകരിച്ചതായി നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. എ.ആര്‍.എക്‌സ് മാരിടൈം നല്‍കുന്ന വിവരപ്രകാരം 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പത്തൊമ്പതുപേരെയാണ് ഡിസംബര്‍ മൂന്നിന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്.
ഹോങ്കോങ് പതാകയുള്ള കപ്പലാണ് എംടി നേവ് കോണ്‍സ്റ്റലേഷന്‍ നൈജീരിയ തീരത്തിനടുത്ത് വെച്ച് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കപ്പലിന്‍റെ നിയന്ത്രണം ഏറ്റെടുത്ത കൊള്ളക്കാര്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ജീവനക്കാരുടെ യാത്രാരേഖകള്‍ തയ്യാറായതിന് ശേഷം മടക്കി അയക്കും. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. എല്ലാവര്‍ക്കും കുടുംബവുമായി സംസാരിക്കാന്‍ അവസരം നല്‍കി. ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കിയ നൈജീരിയ സര്‍ക്കാരിനും നാവികസേനയ്ക്കും നന്ദി പറഞ്ഞുകൊണ്ട് നൈജീരിയയിലെ ഇന്ത്യന്‍ മിഷന്‍ ട്വീറ്റ് ചെയ്‍തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല