1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2017

 

സ്വന്തം ലേഖകന്‍: 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ വാഗ്ദാനം നല്‍കിയ കമ്പനിയുടമ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റില്‍. നോയിഡയിലെ റിങ്ങിങ് ബെല്‍സ് ഡയറക്ടര്‍ മോഹിത് ഗോയലിനെയാണ് ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം നാല് പേരെക്കൂടെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. 251 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ നല്‍കും എന്ന പ്രഖ്യാപനത്തിലൂടെ മോഹിത് ഉടമയായ റിംഗിംഗ് ബെല്‍സ് എന്ന കമ്പനി വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

അയാം കമ്പനി ഉടമ അക്ഷയ് മല്‍ഹോത്ര യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 251 രൂപക്ക് മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും നല്‍കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും കരാറില്‍ പറഞ്ഞതൊന്നും പാലിക്കാതെ വന്നതോടെയാണ് മോഹിതിനെതിരെ പരാതിയുമായി നീങ്ങിയതെന്ന് അക്ഷയ് മല്‍ഹോത്ര വ്യക്തമാക്കി. അതിനിടെ മോഹിത് റിംഗിംഗ് ബെല്‍സിന്റെ എം.ഡി പദവി ഒഴിഞ്ഞിരുന്നു. കരാറിലുള്ള ഫോണുകള്‍ ലഭിക്കാതെ വന്നതോടെ കമ്പനിയോട് പണം തിരികെ ചോദിച്ചുവെങ്കിലും രണ്ട് ഗഡുക്കളായി 10 ലക്ഷം രൂപ തിരികെ നല്‍കി. നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും നല്‍കി.എന്നാല്‍ ഉപകരണങ്ങള്‍ നിലവാരം കുറഞ്ഞവയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ബാക്കിയുള്ള 16 ലക്ഷം രൂപയോളം നല്‍കാന്‍ കമ്പനി തയാറാകുന്നില്ലെന്നും ഇയാള്‍ക്കെതിരെയുള്ള പരാതിയില്‍ പറയുന്നു.

‘ഫ്രീഡം 251’ എന്ന പേരില്‍ 251 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് 2015 നവംബറിലാണ് റിങ്ങിങ് ബെല്‍സ് രംഗത്തെത്തിയത്. കഴിഞ്ഞ ജൂലായില്‍ ആകെ 5,000 ഫോണ്‍ മാത്രമാണ് നല്‍കിയതെന്ന് പരാതിക്കാരന്‍ പറയുന്നു. ഫോണിനു പകരം പവര്‍ ബാങ്കും ബള്‍ബുകളുമാണ് നല്‍കിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അറസ്റ്റുണ്ടായതോടെ നിരവധി വിതരണക്കാര്‍ പരാതിയുമായി എത്തുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനിടെ, റിങ്ങിങ് ബെല്‍സ് അടച്ചുപൂട്ടി ഇവര്‍ എംഡിഎം ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ഒരു പോര്‍ട്ടല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത റിങ്ങിങ് ബെല്‍സ് ഉടമകള്‍ നിഷേധിച്ചു.

കഴിഞ്ഞ ഡിസംബര്‍ വരെ ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി 70,000 ഫോണുകള്‍ വിറ്റുവെന്നും റിങ്ങിങ്ങ് ബെല്‍ നേരത്തെ അവകാശപ്പെടുകയുണ്ടായി. ഫ്രീഡം 251ന്റെ പ്രഖ്യാപനത്തിന് ശേഷം കമ്പനി നിരവധി നിയമകുരുക്കുകളില്‍ അകപ്പെട്ടിരുന്നു. 2 ലക്ഷം രൂപയുടെ ചെക്ക് ബൗണ്‍സ് ആയ കേസില്‍ കോടതി കമ്പനി ഉടമകളെ വിളിച്ചുവരുത്തിയത് അടുത്തിടെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.