സ്വന്തം ലേഖകന്‍: വിമാനക്കമ്പനികള്‍ അടുത്ത ശൈത്യകാല ഷെഡ്യൂള്‍ തീരുമാനിക്കുമ്പോള്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നു ദിവസേന 30 അധിക സര്‍വീസുകള്‍ ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള ഉറപ്പു നല്‍കി. 3 മാസത്തിനകം ഇതു നിലവില്‍ വരും. തിരുവനന്തപുരത്തുനിന്നു ഡല്‍ഹിയിലേക്കു ദിവസേന അധികമായി 5 സര്‍വീസുണ്ടാകും.
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു സര്‍വീസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണു മുഖ്യമന്ത്രി യോഗം വിളിച്ചത്. ഉത്സവ സീസണില്‍ മുന്‍കൂട്ടി അധിക ഫ്‌ലൈറ്റുകള്‍ ഏര്‍പ്പെടുത്തിയാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ടു കുറയ്ക്കാന്‍ കഴിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു. അമിത നിരക്കു തടയാന്‍ വ്യോമയാന മന്ത്രാലയം ഇടപെടണം. യോഗത്തിനുമുമ്പ് വിമാനക്കമ്പനികളുമായി വ്യോമയാനമന്ത്രാലയം അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ യോഗത്തില്‍ വിമാന ഇന്ധനത്തിന്റെ (എ.ടി.എഫ്.) നികുതിനിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയരുകയുണ്ടായി. സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും അതിനെ പിന്തുണച്ചു. ഇത് കണക്കിലെടുത്ത് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ ഈ നികുതി 25 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായും കണ്ണൂര്‍ വിമാനത്താവളത്തില്‍ അത് ഒരുശതമാനമായും കുറച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഇതനുസരിച്ചുള്ള അനുകൂല പ്രതികരണം ഉണ്ടായില്ല. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസ് ഗണ്യമായി കുറയ്ക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് കൂടുതല്‍ സര്‍വീസ് നടത്താന്‍ കമ്പനികള്‍ തയ്യാറായാല്‍ ഇന്ധന നികുതിനിരക്ക് ഇനിയും കുറയ്ക്കാന്‍ കേരളം സന്നദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല