1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2022

സ്വന്തം ലേഖകൻ: ഇന്നു മുതല്‍ കൊച്ചിയിലും റിലയന്‍സ് ജിയോയുടെ 5 ജി സേവനങ്ങള്‍ ലഭ്യമാകും.കൊച്ചി നഗരത്തിലാണ് ഇന്ന് മുതല്‍ സേവനം ലഭിക്കുക. 5 ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ 5 ജി ലഭിക്കുക. കൊച്ചി നഗര പരിധിയില്‍ ഇന്ന് വൈകുന്നേരം 5.30 മുതല്‍ സേവനം ലഭ്യമാകും. കൊച്ചി നഗര പരിധിയില്‍ പാലാരിവട്ടം, തൃപ്പൂണിത്തുറ, ഫോര്‍ട്ടുകൊച്ചി എന്നിങ്ങനെ പ്രധാനപ്പെട്ട ഇടങ്ങളില്‍ സേവനം ലഭ്യമാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക് വരുന്ന ഏതാനും ദിവസം ട്രയല്‍ റണ്ണായി ആണ് 5 ജി കിട്ടുക.അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ വ്യക്തികളിലേക്ക് 5 ജി എത്തും. നിലവില്‍ 5ജി ഫോണുള്ളവര്‍ക്ക് സേവനം ലഭ്യമാകുന്നതിനായി ഫോണിലെ സെറ്റിങ്‌സില്‍ മാറ്റം വരുത്തിയാല്‍ മതി. സിം കാര്‍ഡില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ല.

മൈ ജിയോ ആപ്പോ വെബ് സൈറ്റോ തുറക്കുമ്പോള്‍ ഏറ്റവും മുകളില്‍ ജിയോ വെല്‍കം ഓഫര്‍ എന്ന ബാനര്‍ കാണുന്നുണ്ടെങ്കില്‍ 5ജി ഉപയോഗിക്കാന്‍ സാധിക്കും എന്നാണ് മനസിലാക്കേണ്ടത്‌. അതില്‍ ‘I’m interested’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഫോണിന്റെ സെറ്റിങ്ങിങ്‌സില്‍ മൊബൈല്‍ നെറ്റ്‌വര്‍ക് മെനുവില്‍ ‘പ്രിഫേര്‍ഡ് നെറ്റ്‌വര്‍ക്’ 5ജി ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതോടെ ഫോണിന്റെ മുകളില്‍ 5ജി ചിഹ്നം പ്രത്യക്ഷമാകും.

കഴിഞ്ഞ ഒക്ടോബര്‍ 1 മുതലാണ് രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായത്. 5 ജി സേവനം ലഭ്യമാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കേരളത്തില്‍ നിന്നും കൊച്ചിയാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. മെട്രോ നഗരത്തില്‍ 5 ജി എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ 5 ജി ആദ്യമെത്തുന്നത്. അടുത്ത വര്‍ഷം അവസാനമാകുമ്പോള്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5ജി സേവനം ലഭിക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ആഗസ്റ്റ് പതിനഞ്ചിന് ബിഎസ്എന്‍എല്‍ 5ജി സേവനം തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കുന്നു.

4 ജിയെ അപേക്ഷിച്ച് 100 മടങ്ങ് വേഗതയാണ് 5 ജി ക്ക് പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന് 1.ജിബിപിഎസ് വേഗത പ്രതീക്ഷിക്കുന്നുവെങ്കില്‍ ഉപയോക്താക്കളുടെ എണ്ണം അനുസരിച്ച് അത് വ്യത്യസപ്പെടാം. ഉപഭോഗം പരിശോധിച്ച ശേഷമെ ഇന്റര്‍നെറ്റ് വേഗതയില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് അറിയാന്‍ കഴിയൂ. വൈകുന്നേരം 5.30 ടെ മുഖ്യമന്ത്രി സേവനം ഉദ്ഘാടനം ചെയ്ത ശേഷമായിരിക്കും ഉപയോക്താക്കള്‍ സേവനം ലഭ്യമാകുക.

5ജി സേവനം സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകള്‍ക്കായിരിക്കും സേവനം ഉപയോഗത്തില്‍ വരുകയുള്ളു. ഫോണുകളില്‍ വരുന്ന ഇന്‍വിറ്റേഷന്‍ അസെപ്റ്റ് ചെയ്യുന്ന മുറയ്ക്ക് ഉപയോക്താക്കള്‍ക്ക് 5ജി സേവനം ആസ്വദിക്കാം. ഇതിനായി പുതിയ സ്വിം ആവശ്യമില്ല. നിലവിലുള്ള സ്വിമ്മില്‍ തന്നെ സേവനം ആസ്വദിക്കാം. ഇപ്പോള്‍ 4ജി സേവനം മാത്രമുള്ള സ്മാര്‍ട്ട് ഫോമുകളില്‍ 5 ജി അപ്‌ഡേഷന്‍ വരുന്നതനുസരിച്ചും 5 ജി സേവനം ഉപയോഗപ്പെടുത്താം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.