
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് ചാനല്‍ വഴി അനധികൃതമായി ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവ്. 683 ഇന്ത്യക്കാര്‍ അനധികൃതമായി കഴിഞ്ഞ വർഷം ബ്രിട്ടനിലെത്തിയെന്നാണ് റിപ്പോർട്ട്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകും ഹോം സെക്രട്ടറി സുവല്ല ബ്രാവര്‍മാനും പാർലമെൻറിൽ ‘ഇല്ലീഗല്‍ മൈഗ്രേഷന്‍ ബില്‍’ അവതരിപ്പിച്ചതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവന്നത്.
ഫ്രാന്‍സില്‍ നിന്നും ചെറുബോട്ടുകള്‍ വഴിയാണ് അനധികൃതമായി ആളുകൾ ബ്രിട്ടിനിലേക്ക് കുടിയേറിയത്. 40 വയസ്സിന് താഴെയുള്ള യുവാക്കളാണ് ഭൂരിഭാഗവും. അനധികൃതമായി കുടിയേറുന്നവരെ നാടുകടത്താന്‍ നിർദേശിക്കുന്നതാണ് ‘ഇല്ലീഗല്‍ മൈഗ്രേഷന്‍ ബില്‍’. ഇത്തരക്കാര്‍ക്ക് യുകെയില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും വരും.
അനധികൃത കുടിയേറ്റം തടയാനും ഒരാള്‍ക്ക് 3000 പൗണ്ട് വരെ പിഴ ഈടാക്കി മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് തടയിടാനുമാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്. ഇംഗ്ലിഷ് ചാനൽ വഴി ബ്രിട്ടനിലേക്ക് അനധികൃതമായി ഇന്ത്യക്കാർ കടക്കുന്നത് ആദ്യമായി കണ്ടെത്തിയത് 2020 ലാണ്. അന്ന് 64 പേര്‍ ചാനല്‍ കടന്നു. 2021 ല്‍ ഇത് 67 ആയി ഉയര്‍ന്നു. 2022 ല്‍ അനധികൃതമായി കടക്കുന്നവരുടെ എണ്ണം പത്തിരട്ടിയോളം വർധിച്ചു. അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടൻ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല