1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2017

സ്വന്തം ലേഖകന്‍: കേന്ദ്രമന്ത്രി ഉള്‍പ്പെടെ ഇന്ത്യക്കാരായ 714 കള്ളപ്പണക്കാരുടെ പട്ടിക പുറത്ത്. വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍ കെ സിന്‍ഹ എന്നിവര്‍ ഉള്‍പ്പെടെയുള്ള കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലൂടെയാണ് പുറത്തുവിട്ടത്.

പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പനാമ പേപ്പര്‍ വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടതും ഐസിഐജെയാണ്. പട്ടികയില്‍ പ്രമുഖരുള്‍പ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളാണ് ഉള്ളത്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനമാണ്. ഞായറാഴ്ച അര്‍ധരാത്രിയാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 13.4 ദശലക്ഷം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ഈ കമ്പനിയുടെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണെന്നാണ് വിവരം. രാജ്യാന്തര തലത്തില്‍ തന്നെ ആപ്പിള്‍ ബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപാടുകാര്‍ ഇന്ത്യക്കാരാണ്. വിദേശങ്ങളില്‍ 118 വ്യത്യസ്ത സ്ഥാപനങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യക്കാരായ കള്ളപ്പണക്കാരുടേതാണ്.

ഇവരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്തിരുന്നത് ആപ്പിള്‍ബൈ കമ്പനിയായിരുന്നുവെന്ന് രേഖകളില്‍ പറയുന്നു. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലുള്ള കോര്‍പ്പറേറ്റുകളും പാരഡൈസ് പേപ്പേഴ്‌സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആഗോള തലത്തില്‍ റഷ്യന്‍ സ്ഥാപനങ്ങള്‍ക്ക് ട്വിറ്ററിലും ഫെയ്‌സ് ബുക്കിലുമുളള നിക്ഷേപവും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ കുടുംബത്തേക്കുറിച്ചുമുള്ള വിവരങ്ങളും രേഖകളില്‍ ഉള്‍പ്പെടുന്നു.

കൂടാതെ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍ എന്നിവരുടെ വിവരങ്ങളും പാരഡൈസ് പേപ്പറില്‍ പറയുന്നുണ്ട്. മാത്രമല്ല റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കുടുംബവുമായി വില്‍ബര്‍ റോസിന്റെ ബന്ധങ്ങളും പുറത്തുവന്ന രേഖകളില്‍ പെടുന്നു.

ടാക്‌സ് ആഡൈ്വസര്‍ എന്ന നിലയില്‍ ആപ്പിള്‍ബൈ കമ്പനിയാണ് ഈ പ്രമുഖര്‍ക്കു വേണ്ടി ഇടപാടുകള്‍ നിയന്ത്രിച്ചത്. 119 വര്‍ഷം പഴക്കമുളള ഈ കമ്പനി, അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍, ബാങ്കേഴ്‌സ് ഇതുമായി ബന്ധമുളള മറ്റുളളവര്‍ എന്നിവരുടെ ആഗോള നെറ്റ്‌വര്‍ക്കാണ്. ഇവര്‍ വിദേശത്ത് കമ്പനികള്‍ ആരംഭിച്ച് അവരുടെ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മാനേജ് ചെയ്യുകയും ചെയ്യുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.