1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2020

സ്വന്തം ലേഖകൻ: ടെക്സസ് സംസ്ഥാനത്തെ കോർപ്പസ് ക്രിസ്റ്റി ഉൾപ്പെടുന്ന ന്യൂസെസ് കൗണ്ടിയിൽ ഒരു വയസിനു താഴെയുള്ള 85 കുട്ടികൾക്കു കൊവിഡ് സ്ഥിരീകരിച്ചതായി ന്യൂസെസ് കൗണ്ടി പബ്ലിക് ഹെൽത്ത് ഡയറക്ടർ അനറ്റ് റോഡ്രിസ് മാധ്യമങ്ങളെ അറിയിച്ചു. യുഎസിൽ കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ആദ്യത്തെ സംഭവമാണിത്.

ഒന്നാം പിറന്നാൾ പോലും ആഘോഷിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നതു വളരെ വേദനാജനകമാണെന്നും രോഗം കൂടുതൽ വ്യാപിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഹെൽത്ത് ഡയറക്ടർ അഭ്യർഥിച്ചു. കുട്ടികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനു ഡയറക്ടർ വിസമ്മതിച്ചു.

ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വെള്ളിയാഴ്ചയും കൊവിഡ് കേസുകള്‍ 70,000 കടന്നു. ഒരു ദിവസം മുമ്പ്, 75,600 പുതിയ കേസുകളുമായി രാജ്യം റെക്കോര്‍ഡ് സൃഷ്ടിച്ചതിനു പിന്നാലെയാണിത്. 3,790,830 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണം 142,405.

രോഗവ്യാപനം രൂക്ഷമായ 18 യുഎസ് സംസ്ഥാനങ്ങളിൽ റെഡ് സോണ്‍ മുന്നറിയിപ്പ് നല്‍കി. അലബാമ, അരിസോണ, അര്‍ക്കന്‍സാസ്, കാലിഫോര്‍ണിയ, ഫ്ലോറിഡ, ജോര്‍ജിയ, ഐഡഹോ, അയോവ, കന്‍സാസ്, ലൂസിയാന, മിസിസിപ്പി, നെവാഡ, നോര്‍ത്ത് കരോലിന, ഒക്ലഹോമ, സൗത്ത് കരോലിന, ടെന്നസി, ടെക്‌സസ്, യൂട്ട എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം രാജ്യത്തിന്റെ മൂന്നിലൊന്നില്‍ കൂടുതലാണ്.

ടെകസസിലെ രോഗികളുടെ കാര്യത്തിലും വലിയ മുന്നേറ്റമാണ് കാണുന്നത്. മലയാളികള്‍ അധികവും താമസിക്കുന്ന ഹ്യൂസ്റ്റണ്‍ പ്രാന്തപ്രദേശങ്ങളില്‍ കൊറോണ കേസുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സ്ഥിതി നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ. പല സംസ്ഥാനങ്ങളും വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊണ്ടിട്ടും രോഗികളുടെ എണ്ണം കുറയാത്തതാണ് ട്രം‌പ് ഭരണകൂടത്തിന് തലവേദനയാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.