സൂപ്പർതാരം രജനികാന്തിന്റെ പരാതിയെത്തുടർന്ന് മെം ഹൂം രജനികാന്ത് എന്ന ഹിന്ദി ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചിത്രം രജനികാന്തിന്റെ വ്യക്തിത്വത്തെ ഉപയോഗിക്കുകയാണെന്നും അത് അദ്ദേഹത്തിന്റെ സ്വകാര്യതയിലുള്ള കടന്നു കയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
മെം ഹൂം രജനികാന്ത് പോലുള്ള ഒരു തരംതാണ ചിത്രത്തിൽ തന്റെ പേര് ഉപയോഗിക്കുന്നത് അനാശാസ്യവും അപമാനകരവുമാണെന്ന് രജനികാന്ത് കോടതിയിൽ ബോധിപ്പിച്ചു. തന്റെ ഇമേജ് അനുവാദമില്ലാതെ ഇതുപോലുള്ള ഒരു ചിത്രത്തിന്റെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് സമൂഹത്തിനു മുന്നിൽ തന്റെ പ്രതിഛായ മോശമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ചിത്രത്തിന്റെ പേരിൽ മാത്രമാണ് രജനികാന്ത് എന്നുപയോഗിക്കുന്നത് എന്ന് സിനിമയുടെ നിർമ്മാതാവ് അവകാശപ്പെട്ടു. കൂടാതെ ചിത്രത്തിലെ നായകന്റെ പേരും രജനികാന്ത് റാവു എന്നാണ്. 2014 ജനുവരി മുതൽ തന്നെ ചിത്രത്തെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ ഇതുവരെ മിണ്ടാതിരുന്ന രജനികാന്ത് ഇപ്പോൾ കോടതിയെ സമീപിച്ചത് ശരിയായില്ലെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരോപിച്ചു.
എന്നാൽ ചിത്രം തന്റെ ജീവിത കഥയാണ് പറയുന്നത് എന്നമട്ടിൽ പ്രചാരണം നടത്താനാണ് മെം ഹൂം രജനികാന്ത് എന്നു പേരിട്ടിരിക്കുന്നത് എന്നാണ് സൂപ്പർതാരത്തിന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല