1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2024

സ്വന്തം ലേഖകൻ: ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് അഭിമാനമേറ്റി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് 77-ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ‘ഗ്രാന്‍ഡ് പ്രി’ പുരസ്‌കാരം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന ചരിത്ര നേട്ടവും ചിത്രം സ്വന്തമാക്കി.

ആദ്യമായാണ് ഇന്ത്യന്‍ സംവിധായികയ്ക്ക് ഗ്രാന്‍ഡ് പ്രി ലഭിക്കുന്നത്. 80 ശതമാനവും മലയാളഭാഷയിലുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. അസീസ് നെടുമങ്ങാടും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കാനില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. കാണികള്‍ എഴുന്നേറ്റുനിന്ന് എട്ടുമിനിറ്റ് കൈയടിച്ചു. പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നീ മലയാളി നഴ്സുമാരുടെ മുംബൈ ജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.’ മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.

‘കാവ്യാത്മകം’, ‘ലോലം’, ‘ഹൃയദയാവര്‍ജകം’ എന്നെല്ലാമാണ് കാനിലെ ആദ്യ പ്രദര്‍ശനത്തിനുശേഷം ചിത്രത്തിനു ലഭിച്ച വിശേഷണങ്ങള്‍. ‘ബാര്‍ബി’ സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെര്‍വിഗ് അധ്യക്ഷയായ ജൂറിയാണ് മത്സരവിഭാഗം ചിത്രങ്ങള്‍ വിലയിരുത്തിയത്.

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂര്‍വ വിദ്യാര്‍ഥിയായ പായല്‍ കപാഡിയയുടെ ഡോക്യുമെന്ററി ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്ങി’ന് 2021-ല്‍ കാനിലെ ‘ഗോള്‍ഡന്‍ ഐ’ പുരസ്‌കാരം ലഭിച്ചിരുന്നു.

ഇന്ത്യയിലെ ആദ്യതലമുറ വീഡിയോ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായ നളിനി മാലനിയുടെ മകളാണ് പായല്‍. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയോസും ഇന്ത്യന്‍ കമ്പനികളായ ചോക്ക് ആന്‍ഡ് ചീസും അനദര്‍ ബെര്‍ത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു മനോഹരയാത്രയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.

ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി ചിത്രത്തിലെ സംവിധായക പായല്‍ കപാഡിയ, ചിത്രത്തിലെ പ്രധാന താരങ്ങളായ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂണ്‍, ഛായാ ഖദം എന്നിവരോടൊപ്പം രണബീര്‍ ദാസ്, ജൂലിയന്‍ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവര്‍ റെഡ് കാര്‍പ്പറ്റില്‍ ചുവടുവച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ താരങ്ങളെ ആവേശത്തോടെയാണ് കാന്‍ ഫെസ്റ്റിവലില്‍ സ്വീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.