1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2024

സ്വന്തം ലേഖകൻ: “ഞങ്ങളുടെ സിനിമ ഇവിടെ എത്തിച്ചതിന് കാൻസ് ഫിലിം ഫെസ്റ്റിവലിന് വളരെ നന്ദി. മറ്റൊരു ഇന്ത്യൻ സിനിമ എത്തിക്കാന്‍ ദയവായി ഇനി അടുത്ത 30 വർഷം കാത്തിരിക്കരുത്, ” 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ തന്‍റെ ആദ്യ ഫീച്ചറായ ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന്‍റെ അഭിമാനകരമായ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയതിനു ശേഷം സംവിധായിക പായൽ കപാഡിയ പറഞ്ഞു. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാനിലെ മത്സര വിഭാഗത്തിലേക്ക് കടക്കുന്നത് – 1994 ൽ ഷാജി എൻ കരുണിന്‍റെ ‘സ്വം’ മത്സര വിഭാഗത്തില്‍ ഇടം പിടിച്ചിരുന്നു.

അതിനു ശേഷം വന്ന ഒരു നീണ്ട ഇടവേളയാണ് പായല്‍ കപാഡിയയുടെ ചിത്രം ‘ഓള്‍ വെ ഇമാജിന്‍ ഈസ്‌ ലൈറ്റ്’ കടന്നത്. മത്സര വിഭാഗത്തിലെ രണ്ടാം സ്ഥാനമായ ‘ഗ്രാന്‍ഡ്‌ പ്രി’ പുരസ്കാരവും ചിത്രം നേടി. മലയാളി അഭിനേത്രികളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കാന്‍ ചലച്ചിത്രമേളയിലെ സ്ക്രീനിംഗിലും ഇന്നലെ നടന്ന അവാര്‍ഡ്‌ നിശയിലും ഇവര്‍ പങ്കെടുത്തിരുന്നു.

ബൾഗേറിയൻ സംവിധായിക കോൺസ്റ്റാന്റിന്‍ ബൊജനോവിന്‍റെ ‘ഷെയിംലെസ്സ്’ (Un Certain Regard section) ചിത്രത്തിലെ അഭിനയനിനു അനസൂയ സെൻഗുപ്ത മികച്ച നടിയായി .’ലാ സിനിഫ്’ വിഭാഗത്തിൽ ചിദാനന്ദ എസ് നായിക്കിന്‍റെ ‘സണ്‍ഫ്ലവേര്‍സ് വേര്‍ ദി ഫസ്റ്റ് ടോ നോ,’ മാൻസി മഹേശ്വരിയുടെ ‘ബണ്ണിഹുഡ്‌’ എന്നീ ചിത്രങ്ങള്‍ ഒന്നും മൂന്നും സമ്മാനങ്ങൾ നേടി. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, പിയറി ആൻജെനിയക്സ് എക്സൽലെൻസ് പുരസ്‌കാരം ലഭിച്ചു. ഛായാഗ്രഹണത്തിനുള്ള അഭിമാനകരമായ ഈ അവാർഡ് നേടുന്ന ആദ്യ ഏഷ്യക്കാരനാണ് സന്തോഷ്‌ ശിവന്‍.

‘ഓള്‍ വി ഇമാജിന്‍ ഈസ്‌ ലൈറ്റ്’

മുംബൈ നഗരത്തില്‍ ജോലി ജോലി ചെയ്യുന്ന രണ്ടു മലയാളി നേഴ്സ്മാര്‍ – പ്രഭയും അനുവും. വലിയ നഗരത്തില്‍ അവര്‍ അനുഭവിക്കുന്ന ഏകാന്തതയുടെയും അവര്‍ക്കുണ്ടാവുന്ന ബന്ധങ്ങളുടെയും കഥയാണ് ‘ഓള്‍ വി ഇമാജിന്‍ ഈസ്‌ ലൈറ്റ്.’

കനി കുസൃതിയും ദിവ്യ പ്രഭയുമാണ് ഇവിടെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദയയും ക്രൂരതയും മാറി മാറി വരുന്ന വലിയ നഗര ജീവിതത്തിന്‍റെ വഴികൾ ഇവര്‍ നിത്യേന താണ്ടുന്നു. ആ പ്രയത്‌നം വലിയ ഒരു വെല്ലുവിളിയായി നിലനില്‍ക്കുമ്പോള്‍ തന്നെ ആ സ്ത്രീകൾ മഹാനഗരം തരുന്ന അജ്ഞാതത്വവും സുരക്ഷിതത്വവും ആസ്വദിക്കുന്നതായും കാണാം.

ഹൃദു ഹാറൂൺ അവതരിപ്പിക്കുന്ന മുസ്ലീം കഥാപാത്രമായ ഷിസുമായി രഹസ്യ ബന്ധത്തിലാണ് അനു. ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫുകൾക്കിടയിൽ ഇതൊരു’ ഗോസിപ്പാണ്; പ്രഭ വിവാഹിതയാണ്, പക്ഷേ ഭർത്താവിന്‍റെ അവ്യക്തവും നീണ്ടതുമായ അഭാവത്തെ അവള്‍ക്ക് നേരിടേണ്ടി വരുന്നു.

പ്രഭയിലെയും അനുവിലെയും അടിച്ചമർത്തപ്പെട്ട ആഗ്രഹത്തിന്‍റെ ഉറവിടങ്ങള്‍ സിനിമ അന്വേഷിക്കുന്നത്, വെളിച്ചത്തിന്‍റെയും ഇരുട്ടിന്‍റെയും പാരസ്പര്യത്തോടെയാണ്.

അനുവിന്‍റെ സ്വതന്ത്രമായ വഴികളോട് വിയോജിപ്പുള്ള പ്രഭ, പാർവതിക്കൊപ്പം സമയം ചിലവഴിക്കുന്നു. ഛായ കദം എന്ന നടിയാണ് പാര്‍വതിയായി എത്തുന്ന. തന്റെ വീട്ടില്‍ താമസിച്ചിരുന്നുവെന്ന് തെളിയിക്കാൻ പേപ്പറുകളില്ലാത്ത, പുറത്താക്കപ്പെടലിന്‍റെ വക്കിലായ ഒരു വിധവയാണ് പാര്‍വതി. കുടിയേറ്റവും ഇറക്കിവിടലും എന്ന മുംബൈ യാഥാർത്ഥ്യത്തെയും സിനിമ പ്രതിഫലിപ്പിക്കുന്നു.

“മൂന്ന് സ്ത്രീകൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചാണ് ഈ സിനിമ. പലപ്പോഴും സ്ത്രീകൾ പരസ്പരം ഏറ്റുമുട്ടുന്നതായി കാണാം. സമൂഹം സ്ത്രീകളെ രൂപകല്പന ചെയ്തിരിക്കുന്ന രീതിയാണ് ഇത്. അത് വളരെ ദൗർഭാഗ്യകരമാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം സൗഹൃദം വളരെ പ്രധാനപ്പെട്ട ഒരു ബന്ധമാണ്, കാരണം അത് പരസ്പരം കൂടുതൽ ഐക്യദാർഢ്യം, ഉൾക്കൊള്ളൽ, സഹാനുഭൂതി എന്നിവയിലേക്ക് നയിക്കും,” കപാഡിയ തന്‍റെ അവാര്‍ഡ്‌ പ്രസംഗത്തിൽ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.