1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2017

 

സ്വന്തം ലേഖകന്‍: ‘എന്റെ സിനിമയിലെ സ്ത്രീവിരുദ്ധ ഡലയോഗുകള്‍ ഞാന്‍ തിരുത്താം, താങ്കളുടെ ഭാര്യാപിതാവിനെ ആര് തിരുത്തും?’ മലയാള സിനിമയിലെ സ്ത്രീവിരുദ്ധത സംബന്ധിച്ച ചര്‍ച്ചകളെ പരിഹസിച്ച് രഞ്ജിത്. നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമകളിലെ ന്ന് പ്രഖ്യാപിച്ചുകൊണ്ടു രംഗത്തുവന്ന നടന്മാരെയും അത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയവരെയും സംവിധായകന്‍ രഞ്ജിത്ത് പരിഹസിച്ചതായി ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

മാതൃഭൂമി പത്രത്തിലെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും എന്ന കോളത്തിലൂടെയാണ് രഞ്ജിത്തിന്റെ പരിഹാസം. കഴിഞ്ഞദിവസം മാതൃഭൂമിയില്‍ സുഹൃത്തിന് കരുത്തും സിനിമയ്ക്ക് തിരുത്തുമായി പൃഥ്വിരാജിന്റെ മാപ്പ്’ എന്ന തലക്കെട്ടില്‍ പ്രേംചന്ദ് എഴുതിയ ലേഖനത്തിന് മറുപടിയായാണ് രഞ്ജിതിന്റെ കുറിപ്പ് വന്നിരിക്കുന്നത്. തന്റെ സിനിമകളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ താന്‍ തിരുത്തിയെഴുതാമെന്ന് പറയുന്ന രഞ്ജിത്, ലേഖകന്റെ ഭാര്യാപിതാവ് അന്തരിച്ച ടി ദാമോദരന്റെ ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ആര് മാറ്റിയെഴുതുമെന്നും ചോദിക്കുന്നു.

‘ലേഖന കര്‍ത്താവിന്റെ ഭാര്യ പിതാവ് അന്തരിച്ചുപോയ ടി ദാമോദരന്‍ മാഷിന്റെ സിനിമകളില്‍ നായകന്മാര്‍ നടത്തിയിട്ടുള്ള സ്ത്രീവിരുദ്ധ ഭാഷണങ്ങള്‍ ആര് മാറ്റിയെഴുതും എന്ന ചോദ്യം ഇവിടെ പങ്കുവെക്കുന്നു.’ രഞ്ജിത് കുറിക്കുന്നു. രഞ്ജിത്തിന്റെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തിലെ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം ചിത്രത്തിന്റെ പേരും മറ്റു വിശദാംശങ്ങളും പറയാതെ ലേഖനത്തില്‍ പ്രേംചന്ദ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഡയലോഗ് തിരുത്തിയെഴുതിയ രഞ്ജിത് ഇതുപോലെ താനും പ്രേക്ഷകരും മറന്നുപോയ തന്റെ ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എത്രയുണ്ടെന്ന് കണ്ടെത്തി തന്നാല്‍ മാറ്റിയെഴുതാമെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

‘കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ’ എന്ന സ്പിരിറ്റിലെ ഡയലോഗ് ‘ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു’. എന്ന രീതിയില്‍ മാറ്റിയെഴുതുന്നു’. രഞ്ജിത് കുറിപ്പില്‍ പറയുന്നു. ഇതു ചെയ്യുകവഴി സ്ത്രീവിരുദ്ധതയില്‍ നിന്ന് താനാ സിനിമയെ മോചിപ്പിച്ചിരിക്കുന്നു എന്നും രഞ്ജിത് പ്രഖ്യാപിക്കുന്നു.

രഞ്ജിത്തിന്റെ കുറിപ്പിന് മറുപടിയുമായി റിമ കല്ലിങ്കല്‍ രംഗത്തെത്തി. രഞ്ജിത്തിന്റെ തന്നെ ചിത്രത്തിലെ ഒരു സംഭാഷണശകലം ചൂണ്ടിക്കാട്ടിയാണ് റിമ രഞ്ജിത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. ആക്രമണം നടന്നതിന് ശേഷം ധീരമായി പരാതിയുമായി മുന്നോട്ട് വന്ന നടിയ്ക്കും, ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്ന് പിന്മാറിയ വൈക്കം വിജയലക്ഷ്മിക്കും കിട്ടിയ പിന്തുണ പൃഥ്വിരാജിന് കിട്ടിയ പിന്തുണയോളം വന്നില്ല. എന്നാല്‍ പൃഥ്വിയുടെ നിലപാട് വലിയ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകള്‍ക്ക് മുകളില്‍ സമഗ്രാധിപത്യമുണ്ടെന്ന തരത്തില്‍ വളര്‍ത്തപ്പെടുന്ന പുരുഷന്മാരുള്ള സമൂഹത്തില്‍ പൃഥ്വിക്ക് അതിനപ്പുറം കാണാനായത് പ്രശംസിക്കപ്പെടേണ്ടതാണെന്നും റിമ കുറിച്ചു.

‘അറിവിന്റെ ഗിരിനിരകള്‍ കീഴടക്കുമ്പൊഴും ഒരുവന്റെയുള്ളില്‍ അലയടിക്കുന്ന ഉത്തരമില്ലാത്ത ചോദ്യം, ഞാനാര്?. അതിന്റെ അര്‍ഥമറിയുക എന്നതാണ് ഓരോ മനുഷ്യന്റേയും ജീവിതലക്ഷ്യം’ എന്ന സംവിധായകന്‍ രഞ്ജിത്തിന്റെ സിനിമയിലെ സംഭാഷണവും റിമ ഓര്‍മ്മിപ്പിച്ചു. ഇതിന്റെ ഔരു തലം സ്ത്രീത്വത്തെ മനസിലാക്കുകയും അറിയുകയും ചെയ്യുകയാണെന്നും റിമ പറഞ്ഞു.

സ്ത്രീ വിരുദ്ധത പരാമര്‍ശങ്ങളുള്ള ചിത്രങ്ങളില്‍ ഇനിമേല്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് മുന്‍പ് തന്റെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നടന്‍ പൊതുസമൂഹത്തോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു. കൊച്ചിയില്‍ പ്രമുഖ നടി ആക്രമണത്തിന് ഇരയായ സംഭവത്തിന് പിന്നാലെയാണ് പൃഥ്വി നിലപാട് വ്യക്തമാക്കിയത്. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും പൃഥ്വിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.