
സ്വന്തം ലേഖകൻ: യുഎഇയിൽ വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയവർക്ക് പിഴയൊന്നും കൂടാതെ നാടുവിടാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. മാർച്ച് ഒന്നിന് മുമ്പ് വീസ കാലാവധി കഴിഞ്ഞവർക്കുള്ള ആനുകൂല്യമാണ് അവസാനിക്കുന്നത്. ലക്ഷക്കണക്കിന് രൂപ പിഴ അടക്കാനുള്ളവർക്ക് ഏറെ ഉപകാരപ്രദമായ തീരുമാനം മുതലാക്കി നിരവധി പ്രവാസികൾ നാടണഞ്ഞിരുന്നു. ഇനിയും രാജ്യത്ത് തങ്ങുന്ന ഇത്തരക്കാർ നവംബർ 17ന് ശേഷം വീണ്ടും പിഴയടക്കേണ്ടി വരും.
കോവിഡ് വ്യാപകമായതോടെ നാടണയാൻ കഴിയാതെ വലഞ്ഞ പ്രവാസികളെ സഹായിക്കാനാണ് യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ പൊതുമാപ്പിെൻറ ആനുകൂല്യം നൽകുന്ന നടപടി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 17നുള്ളിൽ ഇത്തരക്കാർ രാജ്യം വിടണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.
എന്നാൽ, ഇത് മൂന്നുമാസം കൂടി ദീർഘിപ്പിക്കുകയായിരുന്നു. പൊതുമാപ്പിെൻറ ആനുകൂല്യമാണ് നൽകുന്നതെങ്കിലും ഇവർക്ക് തിരികെ യുഎഇയിൽ എത്താൻ തടസ്സമുണ്ടാകില്ല. സാധാരണ പൊതുമാപ്പ് നൽകുന്നവരുടെ പാസ്പോർട്ടിൽ ‘നോ എൻട്രി’ പതിപ്പിക്കാറുണ്ട്. എന്നാൽ, ഈ ആനുകൂല്യം ഉപയോഗിച്ച് മടങ്ങുന്നവർക്ക് വീണ്ടും മടങ്ങിയെത്താം.
ചൊവ്വാഴ്ചക്ക് ശേഷവും തങ്ങുന്ന ഇത്തരക്കാർ ആദ്യ ദിവസം 200 ദിർഹമും തുടർന്നുള്ള ഓരോ ദിവസവും 100 ദിർഹമും വീതം പിഴ അടക്കണം. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ വീസക്കാർക്ക് യുഎഇയിൽ തങ്ങാനുള്ള സമയപരിധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.
ഭൂരിപക്ഷം പ്രവാസികളും പിഴ അടക്കാതെ നാട്ടിലെത്തിയെങ്കിലും കേസിെൻറ നൂലാമാലകളിൽ കുടുങ്ങിയവരാണ് ഇനിയും ഇവിടെ തങ്ങുന്നത്. നാട്ടിലേക്ക് പോകുന്നവരുടെ രേഖകൾ ശരിയാക്കുന്നതിന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പൊതുമാപ്പിെൻറ ആനുകൂല്യം മുതലെടുത്ത് പിഴ അടക്കാതെ എത്രയും വേഗം നാട്ടിലെത്തണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് പലതവണ അറിയിപ്പ് നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല