
സ്വന്തം ലേഖകൻ: യുഎഇയിൽ അതിശൈത്യം പിടിമുറുക്കിയതോടെ പ്രഭാതങ്ങളിൽ എങ്ങും കനത്ത മൂടൽമഞ്ഞ്. അസ്ഥിരമായി തുടരുന്ന കാലാവസ്ഥയിൽ ഞായറാഴ്ച അനുഭവപ്പെട്ട ശക്തമായ മൂടൽ മഞ്ഞിൽ ദുബായിൽ 24 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് ദുബൈ പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ അറിയിച്ചു.
രാവിലെ ആറിനും ഒമ്പത് മണിക്കുമിടയിലെ മൂന്ന് മണിക്കൂർ കൊണ്ടാണ്, കാഴ്ചമറക്കുന്ന തരത്തിലുള്ള മൂടൽമഞ്ഞ് കാരണം ഇത്രയും അപകടങ്ങൾ സംഭവിച്ചത്. ഈ സമയത്തിനിടെ പൊലീസ് സഹായം 1810 അടിയന്തര ഫോൺ കാളുകളും ലഭിച്ചുവെന്ന് അധികൃതർ അറിയിച്ചു. അപകടങ്ങളുടെ എണ്ണം കുറക്കാനായി ദേശീയപാതകളിൽ ട്രക്കുകൾ സഞ്ചരിക്കുന്നത് തടയാനായി ഞായറാഴ്ച പുലർച്ച മുതൽ മറ്റ് എമിറേറ്റുകളുമായി പൊലീസ് ‘ഫോഗ് സിസ്റ്റം’ നടപ്പാക്കിയതായി കേണൽ ബിൻ ഫാരെസ് പറഞ്ഞു.
അസ്ഥിരമായ കാലാവസ്ഥയിൽ ട്രാഫിക് നിർദേശങ്ങൾ പാലിക്കണം. വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. ദൃശ്യപരത കുറവായതിനാൽ മൂടൽമഞ്ഞ് അല്ലെങ്കിൽ മഴയുള്ള കാലാവസ്ഥയിൽ ഉണ്ടാകുന്ന വാഹനാപകടങ്ങൾ വളരെ കഠിനമായിരിക്കും -അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാസമയത്തും വേഗപരിധി പാലിക്കണമെന്നും വേഗം കുറക്കണമെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും മൂടൽമഞ്ഞിൽ വാഹനമോടിക്കുമ്പോൾ ലൈറ്റുകളും ഹെഡ് ബീമുകളും ഓണാക്കണമെന്നും ദുബൈ പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു.
കഴിഞ്ഞ ആഴ്ചയിലേക്കാൾ 30 ശതമാനം അധികം ഫോൺ കാളുകളാണ് അടിയന്തര സഹായം തേടി ലഭിച്ചിരിക്കുന്നതെന്ന് ദുബൈ പൊലീസ് ഡയറക്ടർ ഓഫ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ കേണൽ തുർഖി അബ്ദുറഹ്മാൻ ബിൻ ഫറാസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച 1257 ഫോൺ അത്യാവശ്യ ഫോൺകാളുകളും 26 റോഡ് അപകടങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
ചരിത്രത്തിലെ ഏറ്റവും തണുപ്പേറിയ ജനുവരിയാണ് ഇതെന്ന് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. മൈനസ് രണ്ടുവരെയാണ് യു.എ.ഇ.യിൽ രേഖപ്പെടുത്തിയ ഏറ്റവുംകുറഞ്ഞ താപനില. ചൂട് കൂടിയ സ്ഥലമെന്ന നിലക്കാണ് യു.എ.ഇ. അറിയപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ചൂടും തണുപ്പും ഒരുപോലെ അനുഭവപ്പെടുന്ന ഭൂപ്രദേശമായി മാറിക്കഴിഞ്ഞു.
ക്യമ്പിങ്, ഓഫ്റോഡിങ്, കയാക്കിങ്, സൈക്ലിങ്, മലകയറ്റം തുടങ്ങി നിരവധി പുതിയ കായികവിനോദങ്ങൾ കൂടി സജീവമായ സമയമാണിത്. കൂടുതൽപ്പേരാണ് ഇത്തരം വിനോദങ്ങൾക്കായി വിവിധകേന്ദ്രങ്ങളിൽ എത്തുന്നത്. ക്യാമ്പിങ് ഉപകരണങ്ങളായ മടക്കിസൂക്ഷിക്കാവുന്ന ചെറിയ കൂടാരങ്ങൾ, ഉറങ്ങാൻ ഉപയോഗിക്കുന്ന ബാഗുകൾ, കസേരകൾ, ബാർബിക്യൂ സെറ്റുകൾ, കരി, വിറക് തുടങ്ങിയയെല്ലാം വിൽക്കുന്ന കേന്ദ്രങ്ങളിൽ റെക്കോഡ് കച്ചവടമാണ് ഈ സീസണിൽ നടക്കുന്നത്.
പല സ്ഥലങ്ങളിലും ആവശ്യക്കാർക്ക് സാധനങ്ങൾ കൊടുക്കാൻ കഴിയാത്തവിധം തിരക്കാണ്. മരുഭൂമിയിലും കുന്നിൻമുകളിലുമെല്ലാം സംഘമായി ആഘോഷിക്കാൻ എത്തുന്നവരിൽ എല്ലാ പ്രായക്കാരും ഉൾപ്പെടും. ആസ്ത്മയടക്കമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ തണുപ്പ് കൂടുന്ന സമയങ്ങളിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല