
സ്വന്തം ലേഖകൻ: സൗദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം നടന്നത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുവാദത്തോടെയാണെന്ന യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ കൊലപാതകത്തിലെ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമെന്ന സൂചനകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെയെല്ലാം ശരിവെച്ചു കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
പ്രസിഡന്റ് ജോ ബൈഡനാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇസ്താംബുളില്‍ ഓപ്പറേഷന് അനുവാദം നല്കിയതും ഖഷോഗ്ജിയെ കൊല്ലുക അല്ലെങ്കില്‍ പിടിച്ചുകൊണ്ടു വരിക എന്നായിരുന്നു സല്മാന് രാജകുമാരന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ട് പറയുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ 2018ല്‍ നടന്ന ഈ കൊലപാതകം സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തനിക്കെതിരെ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നവരെ അക്രമാസക്തമായ വഴികളിലൂടെ നിശബ്ദരാക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ രീതികളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനോ സൗദിക്കോ എതിരെ അമേരിക്ക വിലക്കുകളോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഖഷോഗ്ജി ആക്ട് എന്ന പുതിയ നിയമം അമേരിക്ക അവതരിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകരെയോ എതിരഭിപ്രായം പുലര്‍ത്തുന്നവരെയോ അവരുടെ കുടുംബാംഗങ്ങളെയോ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഈ ആക്ട്. ഇതിന്റെ ഭാഗമായി 76 സൗദി പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തി.
റിപ്പോര്‍ട്ടിനെതിരെ സൗദി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് തെറ്റാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അംഗീകരിക്കില്ലെന്നും സൗദി അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വിവരങ്ങളെ സൗദി പൂര്‍ണ്ണമായും നിഷേധിച്ചു.
ഇസ്താംബുളില്‍ വെച്ചാണ് സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തു വിടാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ബൈഡന് അധികാരത്തിലേറിയാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിനിടെ റിപ്പോർട്ട് പു റത്തു വിടുന്നതിന് മുമ്പായി സൗദി ഭരണാധികാരി സൽമാൻ രാജാവും അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും തമ്മിൽ ഫോൺ സംഭാഷണം നടത്തി. അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റ ബൈഡനെ രാജാവ് അഭിനന്ദിച്ചു. യമൻ യുദ്ധത്തിെൻറ സമാധാനപരമായ അന്ത്യത്തെക്കുറിച്ച് ബൈഡനും സൽമാൻ രാജാവും ചർച്ച ചെയ്തെന്ന് വൈറ്റ്ഹൗസിനെ ഉദ്ധരിച്ച് ‘അൽ അറബിയ’ചാനൽ റിപ്പോർട്ട് ചെയ്തു.
ഇരുരാജ്യങ്ങൾ തമ്മിലെ ആഴത്തിലുള്ള ബന്ധം അനുസ്മരിച്ച രാജാവ് ഉഭയകക്ഷി താൽപര്യങ്ങൾ നിറവേറ്റുന്നതിനും മേഖലയിലും ലോകത്തും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തേണ്ട പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു. ഇരുവരും മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളും സംഭവവികാസങ്ങളും അവലോകനം ചെയ്തു.
മേഖലയിലെ ഇറാെൻറ പെരുമാറ്റം, മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളും, തീവ്രവാദ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണ എന്നിവയും ചർച്ച ചെയ്തു. സൗദിക്കെതിരെയുള്ള ഭീഷണികൾ പ്രതിരോധിക്കാനുള്ള അമേരിക്കൻ പ്രസിഡൻറിെൻറ പ്രതിബദ്ധതക്കും ഇറാനെ ആണവായുധങ്ങൾ കൈവശം വെക്കാൻ അനുവദിക്കില്ലെന്ന ബൈഡെൻറ ഉറപ്പിനും രാജാവ് നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല