
സ്വന്തം ലേഖകൻ: വാക്സിനേഷൻ പൂർത്തിയാക്കാതെ സൗദിയിലെത്തുന്ന വിദേശികൾക്ക് മേയ് 20 മുതൽ നടപ്പാക്കിയ ഒരാഴ്ചത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനായി കൂടുതൽ ഹോട്ടലുകൾ പ്രഖ്യാപിച്ച് സൗദി ടൂറിസ മന്ത്രാലയം. സൗദിയിലെ വിവിധ നഗരങ്ങളിൽ ടൂറിസ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള മുഴുവൻ ഹോട്ടലുകളുടെയും പേരുകൾ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിയാദിൽ 889 ഉം ദമ്മാമിൽ 367 ഉം ജിദ്ദയിൽ 541 ഉം മദീനയിൽ 353 ഉം അബ്ഹയിൽ 344 ഉം ഹോട്ടലുകൾ പട്ടികയിലുണ്ട്.
ത്രീ സ്റ്റാറുകൾ മുതലുള്ള ഹോട്ടലുകൾക്കായിരുന്നു നേരത്തേ മന്ത്രാലയ അംഗീകാരമെങ്കിൽ പുതിയ ലിസ്റ്റിൽ താഴെ തട്ടിലുള്ള ഹോട്ടലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളുടെ പേര്, ലഭ്യമായ റൂമുകൾ, ബന്ധപ്പെടാനുള്ള നമ്പർ, ഇ-മെയിൽ തുടങ്ങിയ വിവരങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. രാജ്യത്തെ വിമാന കമ്പനികളോട് ഈ ഹോട്ടലുകളുമായി കരാർ ഉണ്ടാക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി.
സൗദിയിൽ 1,261 പുതിയ രോഗികളും 1,364 രോഗമുക്തിയും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,54,217 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,36,884 ഉം ആയി. 15 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,406 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,925 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,516 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല