
സ്വന്തം ലേഖകൻ: യുഎഇയില്‍ എവിടെ നിന്നും എയര്‍ ആംബുലന്‍സിനായി 998 എന്ന നമ്പറില്‍ വിളിക്കാമെന്നും ആവശ്യം അനിവാര്യമെങ്കില്‍ എയര്‍ ആംബുലന്‍സ് അയക്കുമെന്നും അബൂദബി പൊലീസിന്റെ ഏവിയേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ പൈലറ്റ് സഈദ് സാലിം അല്‍ മരാര്. അടിയന്തര ആവശ്യങ്ങളില്‍ ദൗത്യത്തിലേര്പ്പെടാന് പൊലീസിന്റെ എയര്‍ ആംബുലന്‍സുകള്‍ എപ്പോഴും സുസജ്ജമാണ്.
2022ല്‍ അബൂദബി പൊലീസിന്റെ വ്യോമയാന വിഭാഗം നടത്തിയത് 1340 ദൗത്യമാണ്. പരിക്കേറ്റവരെയും സുഖമില്ലാത്തവരെയും എയര്‍ ലിഫ്റ്റ് ചെയ്ത 101 ദൗത്യം ഉള്‍പ്പെടെയാണിത്. 370 പൊലീസ് പട്രോളിങ് ദൗത്യവും 611 ജീവനക്കാരുടെ പരിശീലന ദൗത്യവും ഇതില്‍ ഉള്‍പ്പെടുന്നു. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ദൗത്യവും ഇതിനു പുറമെ നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
അടിയന്തര സിസേറിയന് ആവശ്യമായ സ്ത്രീക്കുവേണ്ടി ആരോഗ്യ പ്രവര്‍ത്തകരുമായി 2022 സെപ്റ്റംബറില്‍ പൊലീസിന്റെ എയര്‍ ആംബുലന്‍സ് സര്‍വിസ് നടത്തിയിരുന്നു. ഇതിനുശേഷം നവജാത ഇരട്ട ശിശുക്കളുമായി സമീപ ആശുപത്രിയിലേക്കും എയര്‍ ആംബുലന്‍സ് പറന്നു.
അബൂദബി സൈ്വഹാന്‍ റോഡില്‍ ട്രക്കുമായി കൂട്ടിയിടിച്ച വാഹനത്തിലെ യാത്രികനായ ഏഷ്യന്‍ പൗരനെ അബൂദബി പൊലീസിന്റെ എയര്‍ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. അബൂദബിക്ക് സമീപം അല്‍ ദഫ്റ മേഖലയിലെ മരുഭൂമിയിൽ അപകടത്തില്‍പ്പെട്ടവരെയും മുമ്പ് എയര്‍ ആംബുലന്‍സില്‍ സായിദ് സിറ്റി ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല