1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2022

സ്വന്തം ലേഖകൻ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. പേരറിവാളനെ വിട്ടയയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രസക്തമായ പരിഗണനകളോടെയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 30 വർഷത്തിനു ശേഷമാണ് പേരറിവാളൻ ജയിൽമോചിതനാകുന്നത്.

രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂൺ 11നാണു പേരറിവാളനെ സിബിഐ അറസ്‌റ്റ് ചെയ്യുന്നത്. അറസ്‌റ്റിലാകുമ്പോൾ വെറും 19 വയസ്സ് മാത്രമുള്ള പേരറിവാളന് ഇപ്പോൾ 50 വയസ്സുണ്ട്. ജയിലിൽ പഠനം തുടങ്ങിയ പേരറിവാളൻ ബിസിഎ, എംസിഎ ബിരുദങ്ങളും ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമയും കരസ്‌ഥമാക്കിയിട്ടുണ്ട്.

ഇതേ വർഷംതന്നെ ജൂൺ 14ന് മുരുകനും 22ന് ശാന്തനും അറസ്‌റ്റിലായി. ഇവരെ കൂടാതെ കേസുമായി മറ്റ് 23 പേരും പിടിയിലായിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബുണ്ടാക്കുന്നതിനായി 2 ബാറ്ററികൾ വാങ്ങി പ്രധാന പ്രതിക്ക് കൈമാറിയെന്നാണു പേരറിവാളനെതിരെയുള്ള ആരോപണം. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണു സിബിഐ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. ഇതിനിടെ കേസിൽ പ്രതികളായിരുന്ന എൽടിടിഇ നേതാക്കളായ വേലുപ്പിള്ള പ്രഭാകരൻ, പൊട്ടു അമ്മൻ, അകില എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.

തുടർന്ന് വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ 1998 ജനുവരി 28ന് പ്രതികളായ 26 പേർക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ പരിഗണിച്ച് 1999 മെയ് 11ന് മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്‌ക്കുകയും 19 പേരെ വെറുതെ വിടുകയും ചെയ്‌തുവെങ്കിലും നളിനി, ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ ശരിവയ്‌ക്കുകയുമായിരുന്നു. 2000ൽ സുപ്രീം കോടതി വധശിക്ഷ ശരിവച്ചതിനെ തുടർന്നു സമർപ്പിച്ച ദയാഹർജി 2011നാണു രാഷ്‌ട്രപതി തള്ളിയത്.

ഇതിനിടെ തമിഴ്‌നാട് മന്ത്രിസഭയുടേയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേയും അഭ്യർഥനകൾ പരിഗണിച്ച ഗവർണർ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്‌തിരുന്നു. 2014ൽ പേരറിവാളന്റെ വധഷിക്ഷയും സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു.

ഈ വർഷം മാർച്ചിൽ പേരറിവാളന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനുപിന്നാലെ നേരത്തെയുള്ള ജയിൽമോചനം ആവശ്യപ്പെട്ട് പേരറിവാളൻ അപ്പീൽ നൽകി. എന്നാൽ തമിഴ്നാട് ഗവർണർ ഇക്കാര്യം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്നും അതിനാൽ തീരുമാനമെടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം എതിർത്തു. ഗവർണറുടെ തീരുമാനം വൈകുന്നതു ചോദ്യം ചെയ്ത സുപ്രീം കോടതി, ഇക്കാര്യത്തിൽ സംസ്ഥാന മന്ത്രിസഭയുടെ നിലപാടും പരിഗണിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.