സ്വന്തം ലേഖകന്‍: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വെളിപ്പെടുത്തല്‍; വാര്‍ത്ത നിഷേധിച്ച് യു.ഐ.ഡി.എ.ഐ. ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന് ഇന്റര്‍നെറ്റ് സുരക്ഷ വിദഗ്ധനെ ഉദ്ധരിച്ച് പ്രമുഖ ബിസിനസ് ടെക്‌നോളജി വെബ്‌സൈറ്റ് ഇസഡ് ഡി നെറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് യു.ഐ.ഡി.എ.ഐയുടെ വിശദീകരണം.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ സുരക്ഷവീഴ്ച കാരണം ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും എളുപ്പം ലഭിക്കുമെന്നായിരുന്നു ഇസഡ് ഡി നെറ്റ് പുറത്തുവിട്ട വാര്‍ത്ത. സേവനങ്ങള്‍ക്ക് രേഖയായി ആധാര്‍ നിര്‍ബന്ധമാക്കിയ കമ്പനിയില്‍നിന്നാണ് വിവരം എളുപ്പത്തില്‍ ചോരുന്നതെന്നു പറയുന്നു. സാങ്കേതികമായി സാമാന്യ പരിജ്ഞാനമുള്ള ആര്‍ക്കും ആധാര്‍ ഉടമയുടെ പൂര്‍ണ വിവരങ്ങള്‍ ഈ വെബ്‌സൈറ്റില്‍നിന്ന് അനായാസം ഡൗണ്‍ലോഡ് ചെയ്യാം.
എന്നാല്‍, ഡാറ്റ ബേസില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും മൂന്നാമതൊരാള്‍ക്ക് ആധാര്‍ ഉപഭോക്താവിന്റെ നമ്പര്‍ ലഭിച്ചാലും അത് ദുരുപയോഗം ചെയ്യാന്‍ കഴിയില്ലെന്നുമാണ് ഏജന്‍സി നിലപാട്. നേരത്തേ സുപ്രീംകോടതിക്ക് മുമ്പാകെ യു.ഐ.ഡി.എ.ഐ സി.ഇ.ഒ അജയ് ഭൂഷണ്‍ നടത്തിയ പവര്‍ പോയന്റ് അവതരണത്തില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തല്‍ മനുഷ്യായുസ്സിന് അസാധ്യമായ കാര്യമാണെന്നായിരുന്നു പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല