1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2018

സ്വന്തം ലേഖകന്‍: ആധാര്‍ വിഷയത്തില്‍ നിര്‍ണായക വിധിന്യായവുമായി സുപ്രീം കോടതി; കര്‍ശന നിയന്ത്രണങ്ങളോടെ ആധാര്‍ ആകാം; ആധാര്‍ ബില്‍ മണി ബില്ലായി അവതരിപ്പിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനവുമായി ജസ്റ്റിസ് ചന്ദ്രചൂഡ്. ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീംകോടതിയുടെ അംഗീകാരം. ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ക്ഷേമപദ്ധതികള്‍ക്കും പാന്‍കാര്‍ഡിനും ആദായനികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കി. എന്നാല്‍, മൊബൈല്‍ നമ്പറുമായും ബാങ്കുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല.

448 പേജുളള വിധിയില്‍ ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയ പല സേവനങ്ങളെയും സുപ്രീംകോടതി ഭരണഘടനാബെഞ്ച് ഒഴിവാക്കി. പൗരന്റെ സ്വകാര്യത എന്ന മൗലികാവകാശത്തെ അംഗീകരിച്ചുകൊണ്ടാണ് തീരുമാനം. കളളപണം കണ്ടുപിടിക്കാനുളള ലക്ഷ്യമാണ് ആധാര്‍നമ്പര്‍, ബാങ്കുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശിച്ചതിന് പിന്നിലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം കോടതി തളളി. മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാനുളള നിര്‍ദേശം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്.

ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം ഉത്തരവുകള്‍ ഇറക്കിയതെന്നും കോടതി കണ്ടെത്തി. കുട്ടികളുടെ സ്‌കൂള്‍ പ്രവേശത്തിനും നീറ്റ്, യു.ജി.സി, സി.ബി.എസ്.ഇ പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ല. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.

സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍വേണം. എന്നാല്‍, ആധാറില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്. പാന്‍കാര്‍ഡ് ബന്ധിപ്പിക്കണം. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ അത്യാവശ്യമാണ്. ആധാര്‍വിവരങ്ങള്‍ സുരക്ഷിതമാക്കണം. ആറുമാസത്തിലധികം ഇവ സൂക്ഷിക്കാന്‍ പാടില്ല. ഡേറ്റ സുരക്ഷാനിയമം ഉടന്‍ കൊണ്ടുവരണമെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

അതേസമയം ആധാര്‍ ബില്ലിനെ മണി ബില്ലായി നടപ്പാക്കിയതിനെ അതിരൂക്ഷമായ ഭാഷയില്‍ ഭരണഘടനാബെഞ്ചിലെ അംഗമായ ഡി.വൈ.ചന്ദ്രചൂഡ് വിമര്‍ശിച്ചു. ആധാര്‍ ബില്ലിനെ മണി ബില്ലായി അവതരിപ്പിച്ചത് ഭരണഘടനാപരമായി തട്ടിപ്പാണെന്നും അത് കോടതിക്ക് റദ്ദാക്കാവുന്നതാണെന്നും ചന്ദ്രചൂഡ് തന്റെ വിധിന്യായത്തില്‍ പറഞ്ഞു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മുന്നു ജഡ്ജിമാരുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി ജസ്റ്റിസ് സിക്രി പുറപ്പെടുവിച്ച വിധിയോട് വിയോജിച്ചു കൊണ്ട് പ്രത്യേകം വിധിന്യായമാണ് ചന്ദ്രചൂഡ് എഴുതിയത്.

കോടതിയുടെ വിധി പാവങ്ങളുടെ മോദി സര്‍ക്കാരിന്റെ വിജയമാണെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. എന്നാല്‍ സുപ്രീംകോടതി വിധി മോദി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നാണ് കോണ്‍ഗ്രസ് വക്താക്കളുടെ അഭിപ്രായം. സമൂഹത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ കൈമാറാനുള്ള സാഹചര്യം ഇല്ലാതാക്കി ജനാധിപത്യ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് കോടതിവിധിയിലൂടെ സുപ്രീംകോടതി നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.