1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2023

സ്വന്തം ലേഖകൻ: സെപ്റ്റംബറില്‍ 600 മുതല്‍ 700 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ട അവസ്ഥയിലാണെന്ന് കോടതിയില്‍ വെളിപ്പെടുത്തി വിമാനക്കമ്പനിയായ ആകാശ എയര്‍. 43 പൈലറ്റുമാരുടെ അപ്രതീക്ഷിത രാജിയാണ് പ്രതിസന്ധിക്ക് കാരണം. രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ ഡല്‍ഹി ഹൈക്കോടതിയിലാണ് പ്രതിസന്ധി സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പ്രവര്‍ത്തനം തുടങ്ങി 13 മാസങ്ങള്‍മാത്രം പിന്നിടുമ്പോഴാണ് വിമാനക്കമ്പനിക്ക് അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടിവരുന്നത്.

നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കാതെ രാജിവച്ച പൈലറ്റുമാര്‍ക്കെതിരെ കര്‍ശന നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് ആകാശയുടെ നീക്കം. വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതുമൂലം ഉണ്ടാകുന്ന നഷ്ടപരിഹാരം പൈലറ്റുമാരില്‍നിന്ന് ഈടാക്കാനാണ് ശ്രമം. സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുന്നത് കമ്പനിയുടെ സത്‌പേരിനെ പ്രതികൂലമായി ബാധിക്കുമെന്നും യാത്രക്കാരുടെ അപ്രീതിക്ക് ഇടയാക്കുമെന്നും ആകാശ കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ പൈലറ്റുമാരെ ചാക്കിട്ടുപിടിച്ചു കൊണ്ടുപോകുകയാണെന്ന ആരോപണവും ആകാശ ഉന്നയിച്ചിട്ടുണ്ട്. കമ്പനിയുടെ വികസന പദ്ധതികളെ പൈലറ്റുമാരുടെ രാജി പ്രതികൂലമായി ബാധിക്കും. കമ്പനിയില്‍ തുടരുന്ന പൈലറ്റുമാര്‍ക്ക് മികച്ച പ്രതിഫലമടക്കം നല്‍കി പിടിച്ചുനിര്‍ത്തുക എന്നതും വെല്ലുവിളിയാകും.

ശമ്പളത്തിലടക്കം മാറ്റംവരുത്തിയതിലൂടെ കമ്പനി തങ്ങളുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് രാജിവച്ച പൈലറ്റുമാര്‍ പറയുന്നത്. അടുത്തിടെ 20 പുതിയ വിമാനങ്ങള്‍കൂടി ആകാശ സര്‍വീസിനെത്തിച്ചിരുന്നു. വിദേശറൂട്ടുകളിലേക്കടക്കം സര്‍വീസ് വിപുലീകരിക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത പ്രതിസന്ധി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.