സ്വന്തം ലേഖകന്‍: ആരുഷി കൊലക്കേസില്‍ തല്‍വാര്‍ ദമ്പതിമാര്‍ കുറ്റക്കാരെന്ന് ആവര്‍ത്തിച്ച് സിബിഐ. നോയിഡ ഇരട്ടക്കൊലക്കേസില്‍ രാജേഷ് തല്‍വാറിനെയും ഭാര്യ നൂപുറിനെയും വിട്ടയച്ച വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയില്‍. രാജേഷിന്റെയും നൂപുറിന്റെയും മകള്‍ ആരുഷി തല്‍വാര്‍, വീട്ടുജോലിക്കാരനായിരുന്ന ഹേംരാജ് എന്നിവരുടെ കൊലക്കേസിലാണ് അലഹബാദ് ഹൈക്കോടതി ദമ്പതികളെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ കുറ്റവിമുക്തരാക്കിയത്.
ഇരുവരെയും ശിക്ഷിച്ച പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ദമ്പതികള്‍ക്കെതിരായുള്ള ആരോപണം സംശയാതീതമായി തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്നു വിലയിരുത്തിയായിരുന്നു കോടതി നടപടി. എന്നാല്‍ ആരുഷിയുടെയും ഹേംരാജിന്റെയും കൊലയ്ക്കു പിന്നില്‍ തല്‍വാര്‍ ദമ്പതികള്‍ തന്നെയാണെന്നു സിബിഐ പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയുടെ വിധി കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല. തെറ്റായ ഒട്ടേറെ കാര്യങ്ങളുടെ അടിസ്ഥാനത്തിനാണ് ദമ്പതികള്‍ക്കെതിരെ തെളിവില്ലെന്നു കോടതി വിധിച്ചതെന്നും സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നു. ദമ്പതികളെ വിട്ടയച്ചതിനെതിരെ ഹേംരാജിന്റെ ഭാര്യയും നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
2008 മേയ് 16ന് ആണ് ആരുഷിയെ (15) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസില്‍ വീട്ടുജോലിക്കാരനായ ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി. 2013 നവംബറിലാണ് ഇരുവരുടെയും കൊലയില്‍ ആരുഷിയുടെ മാതാപിതാക്കള്‍ക്കു പങ്കുണ്ടെന്നു സിബിഐ പ്രത്യേക കോടതി വിധിച്ചത്. സംശയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ശിക്ഷിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഇവരെ വെറുതെ വിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല