1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2018

സ്വന്തം ലേഖകന്‍: പായ്‌വഞ്ചിയില്‍ നിന്ന് രക്ഷിച്ച അഭിലാഷ് ടോമി ആംസ്റ്റര്‍ഡാം ദ്വീപില്‍; സംസാരിച്ചതായും ആഹാരം കഴിച്ചതായും നാവികസേന; ചികിത്സ തുടരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ മലയാളി നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി നാവികസേന അറിയിച്ചു. ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അഭിലാഷ് ഇപ്പോള്‍. അഭിലാഷ് ആഹാരം കഴിച്ചുവെന്നും സംസാരിക്കുന്നുണ്ടെന്നും സേന അറിയിച്ചു.

ഫ്രഞ്ചുകാരനായ ഡോക്ടറാണ് ചികിത്സിക്കുന്നത്. ചികിത്സയുടെ ഭാഗമായി മയക്കിക്കിടത്തിയിരിക്കുകയാണ്. അഭിലാഷിന്റെ മുതുകിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് അദ്ദേഹത്തെ രക്ഷിക്കുന്നതിന് നേതൃത്വം നല്‍കിയ ഓസ്‌ട്രേലിയന്‍ ഓഫീസറായ ഫില്‍ ഗാഡെന്‍ പറയുന്നത്. അഭിലാഷിന് ചലിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറയുന്നു.

തിങ്കളാഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തിലെ അപകടസ്ഥലത്തുനിന്ന് അഭിലാഷിനെ രക്ഷിച്ച ഫ്രഞ്ച് കപ്പലായ ഒസിരിസ് ചൊവ്വാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് ആംസ്റ്റര്‍ഡാം തീരത്തടുത്തത്. പതിനൊന്നിന് അഭിലാഷിന്റെ എക്‌സ്‌റേയെടുത്തു. അഭിലാഷിനൊപ്പം അപകടത്തില്‍പ്പെട്ട ഐറിഷ് നാവികന്‍ ഗ്രിഗര്‍ മക്ഗുകിനെയും ഇതേ ആശുപത്രിയിലാക്കിയിട്ടുണ്ട്.

വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷിനെ മൗറീഷ്യസിലേക്ക് മാറ്റുമെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. ആംസ്റ്റര്‍ഡാമിലേക്ക് നീങ്ങുന്ന ഐ.എന്‍.എസ്. സത്പുരയില്‍ അദ്ദേഹത്തെ മൗറീഷ്യസിലെത്തിക്കുമെന്ന് നിര്‍മല ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ചയോടെ സത്പുര ആംസ്റ്റര്‍ഡാമിലെത്തും. അതുവരെ ഒസിരിസ് ദ്വീപിന്റെ തീരത്തുതന്നെയുണ്ടാവും.

ഓസ്‌ട്രേലിയന്‍ പടക്കപ്പലായ എച്ച്.എം.എ.എസ്. ബലാററ്റും ഇവിടേക്ക് നീങ്ങുന്നുണ്ട്. അഭിലാഷിന് എറ്റവും ഉചിതമായ ചികിത്സ നല്‍കുന്നതിന് എല്ലാ തയ്യാറെടുപ്പും നടത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3200 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.