സ്വന്തം ലേഖകന്‍: പായ്‌വഞ്ചി അപകടത്തില്‍ പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സുരക്ഷിതനെന്ന് നാവിക സേന; ഫ്രഞ്ച് കപ്പലിലേക്ക് മാറ്റി. ഫ്രഞ്ച് കപ്പലിലെ സംഘമാണ് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത്. നാവിക സേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മേഖലയില്‍ ഇന്ത്യന്‍ നാവിക സേനയുടെ വിമാനവും എത്തിയിട്ടുണ്ട്. അഭിലാഷ് ടോമിക്ക് പ്രാഥമിക ചികിത്സ നല്‍കുകയാണ് അടിയന്തര ദൗത്യം. ഫ്രഞ്ച് ഫിഷറീസ് പട്രോള്‍ വെസലായ ഓസിരിസിലേക്ക് അഭിലാഷിനെ മാറ്റിയിരിക്കുകയാണ്. അഭിലാഷ് ടോമി സുരക്ഷിതനെന്ന് നാവികസേന ട്വീറ്റ് ചെയ്തു.
അഭിലാഷ് ടോമിയെ ഇലെ ആംസ്റ്റംഡാം എന്ന ദ്വീപിലേക്ക് വൈകിട്ടോടെ എത്തിക്കുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞു. വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ കപ്പലായ ഐഎന്‍എസ് സത്പുരയില്‍ മൗറീഷ്യസിലേക്കു മാറ്റുമെന്നും നാവികസേന ട്വീറ്റ് ചെയ്തു. ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെ, പായ്മരങ്ങള്‍ തകര്‍ന്ന്, പ്രക്ഷുബ്ധമായ കടലില്‍ വന്‍തിരമാലകളില്‍ ഉലയുന്ന നിലയിലായിരുന്നു അഭിലാഷിന്റെ തുരീയ പായ്‌വഞ്ചി. അഭിലാഷിന്റെ വഞ്ചിക്ക് 266 കിലോമീറ്റര്‍ അരികില്‍ ഒസിരിസ് എത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ മണിക്കൂറില്‍ എട്ടു കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ സഞ്ചരിക്കാനായുള്ളൂ.
ഇലെ ആംസ്റ്റംഡാം എന്ന ദ്വീപിലേക്കാണ് അഭിലാഷിനെ ആദ്യമെത്തിക്കുക. ഇവിടെ വിശദ പരിശോധനകള്‍ക്കു വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലേക്കു പോകുമെന്ന് അഭിലാഷിന്റെ പിതാവ് ടോമി അറിയിച്ചു. മകന്‍ ബോധവാനാണെന്നു പറഞ്ഞ ടോമി, അഭിലാഷ് ക്ഷീണിതനാണെന്നും ശരീരം ജലാംശം ഇല്ലാത്ത അവസ്ഥയിലാണെന്നും കൂട്ടിച്ചേര്‍ത്തു. നടുവിന് പരുക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവന്‍ ഛര്‍ദിച്ചെന്നും അഭിലാഷ് സന്ദേശമയച്ചിരുന്നു. കാല്‍വിരലുകള്‍ അനക്കാം. എന്നാല്‍, ദേഹത്താകെ നീരുണ്ട്. പായ്‌വഞ്ചിയിലെ ആശയവിനിമയ ഉപകരണങ്ങളുടെ ചാര്‍ജ് തീരാറായതായും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല