1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2019

സ്വന്തം ലേഖകന്‍: പാക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് അഭിനന്ദന്‍; ഇന്ത്യയുടെ വീരപുത്രനെ കാണാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ആശുപത്രിയിലെത്തി. ഭീകരമായ മാനസിക പീഡനമാണ് താന്‍ പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ നേരിട്ടതെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പറഞ്ഞു. പാക് സൈനികോദ്യോഗസ്ഥര്‍ തന്നെ ശാരീരികമായല്ല പകരം മാനസിക പീഡനമേല്‍പിക്കാനാണ് ശ്രമിച്ചതെന്നും വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരോട് അഭിനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അഭിനന്ദനെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദ പരിശോധനയ്ക്ക് വിധേയനാക്കി. ഫെബ്രുവരി 26ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെയാണ് പാക് സൈന്യത്തിന്റെ വെടിയേറ്റ് അഭിനന്ദന്റെ മിഗ് 21 വിമാനം പാക് അധീന കശ്മീരില്‍ ചെന്ന് പതിച്ചത്. വിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പറന്നിറങ്ങിയ അഭിനന്ദന് വലിയ പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല, പാക് അധീനകശ്മീരിലെ നാട്ടുകാര്‍ അഭിനന്ദനെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അഭിനന്ദനെ വിദഗ്ദ്ധ പരിശോധന നടത്തിയത്. ഇനി എന്തെല്ലാം ചികിത്സ വേണമെന്നും ഉടന്‍ തീരുമാനിക്കും.

വ്യോമസേനാ ഉദ്യോഗസ്ഥര്‍ നടത്തിയ ‘ഡീ ബ്രീഫിംഗ്’ സെഷനുകളിലാണ് പാക് കസ്റ്റഡിയില്‍ താന്‍ നേരിട്ട മാനസികപീഡനത്തെക്കുറിച്ച് അഭിനന്ദന്‍ വെളിപ്പെടുത്തിയത്. ശാരീരികമായല്ല, മാനസികമായി പീഡിപ്പിക്കാനാണ് പാക് സൈന്യം ശ്രമിച്ചതെന്ന് അഭിനന്ദന്‍ വ്യക്തമാക്കി. അഭിനന്ദന്റെ മാനസികനില കൂടി പരിശോധിക്കാനും, ഈ ആക്രമണമുണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്ന് മോചനം നേടാനുമാണ് ഡീ ബ്രീഫിംഗ് സെഷനുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വിമാനാപകടത്തില്‍ പരിക്കേറ്റ ഒരു വൈമാനികന് തിരികെ ഫ്‌ളൈയിംഗ് സര്‍വീസിലേക്ക് വരുന്നതിന് മുമ്പ് ചില പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ട്.

അഭിനന്ദന് കാലില്‍ പരിക്കേറ്റിട്ടുണ്ട് എന്നാണ് സൂചന. ‘അസെസ്‌മെന്റ് ഓഫ് ഫൈറ്റര്‍ ഫ്‌ളൈറ്റ് ഫ്‌ളൈയിംഗ്’ എന്ന രീതിയില്‍ ഒരു യുദ്ധവിമാനം ഓടിക്കാന്‍ അഭിനന്ദന് കഴിയുമോ എന്നതിന് കൃത്യമായ പരിശോധനകളും പരിചരണവും വിദഗ്ദ്ധ ചികിത്സയും ആവശ്യമാണ്. അതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് മെഡിസിന്‍ എന്ന അത്യാധുനിക ചികിത്സാ കേന്ദ്രമുണ്ട്. അഭിനന്ദനെ അവിടെയെത്തിച്ച് ഉടന്‍ ചികിത്സ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.