1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2019

സ്വന്തം ലേഖകൻ: ഇസ്ലാമിക്ക് സ്റ്റേറ്റ് തലവനായി സ്വയം അവരോധിച്ച, അബൂബക്കര്‍ അല്‍ ബാഗ്ദാദി അമേരിക്കയുടെ സൈനിക നടപടിക്കിടെ സ്വയം പൊട്ടിത്തെറിച്ചതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രം‌പ്. വടക്ക് പടി‌ഞ്ഞാറൻ സിറിയയിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് അമേരിക്ക പറയുന്നത്. സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡോകളായ ഡെൽറ്റ ഫോഴ്സാണ് ദൗത്യം നിർവഹിച്ചതെന്നും സൈനിക നടപടികൾ തത്സമയം വീക്ഷിച്ചുവെന്ന് പറഞ്ഞ ട്രംപ്, ബാഗ്ദാദിയുടെ അവസാന നിമിഷങ്ങൾ ഏതൊരു ഭീരുവിന്‍റേതും പോലെ ആയിരുന്നുവെന്നും പരിഹസിച്ചു.

“ഒരു തുരങ്കത്തിനകത്തേക്ക് കരഞ്ഞ് ബഹളം വച്ച് കൊണ്ട് ഓടിയ ബാഗ്ദാദി അമേരിക്കൻ സൈന്യത്തെ കണ്ട് ഭയന്ന് വിറച്ചു. നായയെപ്പോലെ മരിച്ചു, ഭീരുവിനെപ്പോലെ മരിച്ചു,” ട്രംപ് ടെലിവിഷനിലൂടെ ലോകത്തെ അറിയിച്ചു.

സ്വന്തം സൈന്യം ബാഗ്ദാദിയെ വേട്ടയാടുന്നത് ട്രം‌പ് പെന്റഗണിൽ തത്സമയം വീക്ഷിച്ചെന്നും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

1971 ല്‍ ഇറഖിലെ സാമ്രയിലെ ഒരു ഇടത്തരം സുന്നി കുടുംബത്തിലായിരുന്നു ബാഗ്ദാദിയുടെ ജനനം. ഇസ്ലാമിക് സ്റ്റഡീസില്‍ 1996 ല്‍ ബാഗ്ദാദില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കി. പിന്നീട് ബിരുദാനന്ത ബിരുദവും പിഎച്ച്ഡിയും ഖുറാന്‍ സ്റ്റഡീസില്‍. തന്‍റെ പ്രദേശത്തെ കുട്ടികള്‍ക്കും പ്രദേശത്തെ പള്ളിയിലും ഖുറാന്‍ പഠങ്ങള്‍ പഠിപ്പിച്ചു കൊണ്ട് തുടക്കം.

പതുക്കെ തീവ്രമുസ്‍ലിം വാദങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പിന്നീട് തീവ്ര മുസ്‍ലിം വിഭാഗത്തിന്‍റെ ഏറ്റവും വലിയ വക്താക്കളില്‍ ഒരാളായി ബാഗ്ദാദി മാറി. 2014ലാണ് അവസാനമായി ബാഗ്ദാദി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി സ്വയം അവരോധിക്കുകയായിരുന്നു ഇയാൾ.

2014 ജൂൺ 9 ന് ഐഎസ്ഐസ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ഐഎസ് ആക്രമിച്ചു. അതോടെ സിറിയയിലെ റഖ മുതൽ മൊസൂൾ വരെയുള്ള വലിയൊരു പ്രദേശം ഐഎസിന്‍റെ അധീനതയിലായി. തുടർ ദിവസങ്ങിൽ വടക്ക് കിഴക്കൻ ഇറാഖിലെ വലിയൊരു പ്രദേശം ഇവൻ കീഴടക്കി. എല്ലായിടത്തുനിന്നും ഇറാഖി സൈന്യം പാലായനം ചെയ്തു.

2014 ജൂൺ 29ന് തങ്ങളുടെ കീഴിലുള്ള അധീന പ്രദേശങ്ങൾ മുഴുവൻ ചേർത്ത് ഖിലാഫത്ത് പ്രഖ്യാപിച്ചതായും നേതാവ് അബൂബക്കർ അൽ ബഗ്ദാദിയെ ഖലീഫ ആയി തെരെഞ്ഞെടുതതായും പേര് ഇസ്‌ലാമിക്ക് സ്റ്റേറ്റ് എന്ന് മാറ്റിയതായും പ്രഖ്യാപിച്ചു. 2017 മേയില്‍ വ്യോമാക്രണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് നേരത്തെ യുഎസ് സൈന്യം വ്യക്തമാക്കിയിരുന്നു.

2010 മുതല്‍ 2019 വരെ അബൂബക്കര്‍ അല്‍ ബാഗ്ദാദി കുറഞ്ഞത് ഏഴ് തവണയെങ്കിലും കൊല്ലപ്പെട്ടതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യു.എസ്. വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.