സ്വന്തം ലേഖകന്‍: ‘നായകന് ആളാകാന്‍ ആഫ്രിക്കക്കാരെ വിഡ്ഢികളും ക്രൂരന്മാരുമായി ചിത്രീകരിക്കുന്നു,’ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളെ പേരെടുത്ത് വിമര്‍ശിച്ച് അരുന്ധതി റോയ്. മമ്മൂട്ടി ചിത്രമായ ‘അബ്രഹാമിന്റെ സന്തതികള്‍’ വംശീയത ഉപയോഗിച്ചാണ് നായകനെ ഉയര്‍ത്തിക്കാട്ടുന്നതെന്നും അതിനുവേണ്ടി ആഫ്രിക്കക്കാരെ ഇറക്കുമതി ചെയ്തുവെന്നും ബുക്കര്‍ പ്രൈസ് ജേതാവും എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയ്.
ബോസ്റ്റണ്‍ റിവ്യൂ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അരുന്ധതി റോയ് ഇക്കാര്യം പറയുന്നത്. താന്‍ ഈയിടെ ഒരു മലയാള ചിത്രം കണ്ടുവെന്നും അതില്‍ വംശീയമായി ആണ് ആഫ്രിക്കക്കാരെ ചിത്രീകരിച്ചിരിക്കുന്നതെന്നും ഇത് കേരള സംസ്ഥാനത്തിന്റെ പ്രശ്‌നമല്ലെന്നും സമൂഹത്തിന്റെ മനസ്ഥിതിയുടെ പ്രശ്‌നമാണെന്നും ചിത്രത്തിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് അരുന്ധതി റോയ് പറയുന്നു.
‘ഞാനീയിടയ്ക്ക് ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന മലയാള ഭാഷയിലുള്ള ഒരു സിനിമ കണ്ടു. കേരളമെന്ന പുരോഗമന മനസ്ഥിതിയുള്ള സംസ്ഥാനത്താണ് ഈ ചിത്രം നിര്‍മ്മിക്കപ്പെട്ടത്. ചിത്രത്തില്‍ എടുത്തുപറയേണ്ട കാര്യം, ഇതിലെ ക്രൂരന്മാരും, വിഡ്ഢികളുമായ വില്ലന്മാരെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് ആഫ്രിക്കക്കാരാണ് എന്നുള്ളതാണ്.
കേരളത്തില്‍ ആഫ്രിക്കക്കാരില്ല. അപ്പോള്‍ അവരെ ഈവിധം വംശീയമായി ചിത്രീകരിക്കുന്നതിനു വേണ്ടി മാത്രം ഇറക്കുമതി ചെയ്തുവെന്നാണ് മനസിലാക്കേണ്ടത്. ഈ പ്രവൃത്തിക്ക് നമ്മുക്ക് സംസ്ഥാനത്തെ കുറ്റം പറയാന്‍ സാധിക്കില്ല. ഇത് സമൂഹമാണ്. ജനങ്ങളാണ്. കലാകാരന്മാര്‍, ചലച്ചിത്രകാരന്മാര്‍, നടീനടന്മാര്‍, എഴുത്തുകാര്‍, എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഉത്തരേന്ത്യക്കാര്‍ ദക്ഷിണേന്ത്യക്കാരെ തൊലിയുടെ നിറത്തിന്റെ പേരില്‍ അപഹസിക്കുമ്പോള്‍ അവര്‍ ആഫ്രിക്കക്കാരോട് അതേ കാര്യം തന്നെയാണ് ചെയ്യുന്നത്, കഷ്ടം തന്നെ!,’ അരുന്ധതി റോയ് പറഞ്ഞു.
തന്റെ പുതിയ നോവലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹിക അവസ്ഥകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് റോയ് ഇക്കാര്യം പറഞ്ഞത്. കഥപറച്ചിലിനെ സെന്‍സര്‍ ചെയ്യുന്നത് ഭരണകൂടം മാത്രമല്ലെന്നും, നിലനില്‍ക്കുന്ന വ്യവസ്ഥിതിയും, അബദ്ധധാരണകളും, സമൂഹത്തിന്റെ മുന്‍വിധികളും അതിനു കാരണമാണെന്നും റോയ് ചൂണ്ടിക്കാട്ടി. എല്ലാത്തരം മത, വംശീയ, ആശയ ഭ്രാന്തുകളും പൂര്‍വാധികം ശക്തിയോടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും രാഷ്ട്രീയമോ, മതപരമായോ ഉള്ള പിന്തുണയില്ലാത്തവര്‍ ഭീഷണിയിലാണെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല