
സ്വന്തം ലേഖകൻ: സൗദിയിൽ മൾട്ടിപ്ൾ റീ എൻട്രി സന്ദർശക വിസകൾ അബ്ഷീർ ഓൺലൈൻ വഴി പുതുക്കി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം വിസകൾ ഓൺലൈനായി പുതുങ്ങുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇത് പരിഹരിച്ചതോടെയാണ് വിസകൾ പുതുക്കിത്തുടങ്ങിയത്.
രണ്ട് വർഷങ്ങൾ വരെ കാലാവധിയുള്ള മൾടിപ്ൾ റീ എൻട്രി സന്ദർശക വിസ എടുത്ത് സൗദിയിലെത്തുന്നവർക്ക് ഓരോ മൂന്ന് മാസങ്ങൾ കൂടുമ്പോഴും വീണ്ടും അടുത്ത മൂന്നു മാസത്തേക്ക് വിസ പുതുക്കുന്നതിന് സൗകര്യമുണ്ടായിരുന്നു. 100 റിയാൽ ഇൻഷുറൻസ് ഫീ അടച്ച് തങ്ങളുടെ അബ്ശിർ അക്കൗണ്ട് വഴിയാണ് വിസ പുതുക്കിയിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങിനെ വിസ പുതുക്കാൻ ശ്രമിക്കുന്നവർക്ക് ‘മൾട്ടിപ്ൾ റീ എൻട്രി സന്ദർശക വിസ പുതുക്കാൻ സാധിക്കില്ല’ എന്ന മെസേജ് ആണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത്തരം തടസ്സം നേരിട്ടവർ സൗദി പാസ്പോർട്ട് വിഭാഗവുമായി (ജവാസാത്ത്) ബന്ധപ്പെട്ടപ്പോൾ അബ്ശിറിലെ തവാസുൽ വഴി അപേക്ഷ നൽകി ജവാസാത്തിൽ നേരിട്ട് ബന്ധപ്പെട്ട് വിസ പുതുക്കാൻ ശ്രമിക്കണമെന്ന മറുപടിയാണ് ലഭിച്ചിരുന്നത്.
ഇങ്ങിനെ ശ്രമിച്ച ചിലർക്ക് 14 ദിവസം മാത്രം താൽക്കാലികമായി വിസ പുതുക്കി കിട്ടുകയും ചെയ്തിരുന്നു. ശേഷം ചൊവ്വാഴ്ച വൈകീട്ടോട് കൂടിയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും മൾട്ടിപ്ൾ റീ എൻട്രി സന്ദർശക വിസകൾ അബ്ഷീർ ഓൺലൈൻ വഴി പുതുക്കി തുടങ്ങിയത്. മൾട്ടിപ്ൾ റീ എൻട്രി സന്ദർശക വിസയെടുത്ത് രാജ്യത്ത് തങ്ങുന്ന പതിനായിരങ്ങളുടെ ആശങ്കയാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല