1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2022

സ്വന്തം ലേഖകൻ: അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധനയുടെ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലുള്ള യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. പൂര്‍ണമായും വാക്‌സിന്‍ എടുത്തവരും അല്ലാത്തവരുമായ യാത്രക്കാര്‍ക്കും ഈ ഇളവ് ലഭിക്കുമെന്നും എയര്‍വെയ്‌സ് വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് ഭരണകൂടം പുറപ്പെടുവിച്ച ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ഇവിടെയുള്ള പരിശോധനാ കേന്ദ്രത്തില്‍ നിന്ന് സ്വന്തം ചെലവില്‍ പിസിആര്‍ പരിശോധന നടത്താം. നിര്‍ബന്ധമില്ല എങ്കിലും ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ പരിശോധനക്ക് വിധേയമാകാം. ഇതിന് 40 ദിര്‍ഹം നല്‍കേണ്ടിവരുമെന്നും ഇത്തിഹാദ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചു.

പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ച യാത്രികര്‍ക്ക് പുറപ്പെടുന്നതിനു മുമ്പുള്ള കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് യുഎഇ ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ അബൂദാബി അന്താരാഷ്ട്ര വിമാനത്തിവളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണം എന്നതായിരുന്നു നിബന്ധന. പുതിയ തീരുമാനപ്രകാരം ആ നിബന്ധനയും ഒഴിവാക്കിയിരിക്കുകയാണ്.

അതേസമയം, വാക്‌സിന്‍ സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതോടൊപ്പം അബൂദാബിയില്‍ നിന്ന് യാത്ര പുറപ്പെടുന്നവരും ഇവിടെ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാരും ഇനി മുതല്‍ പിസിആര്‍ പരിശോധനയ്ക്കു വിധേയരാവേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. പോകുന്ന രാജ്യത്ത് പിസിആര്‍ നിര്‍ബന്ധമാണെങ്കില്‍ മാത്രം പരിശോന നടത്തിയാല്‍ മതി.

അതേസമയം, വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടരും. കോവിഡ് ബാധിതരായി രോഗമുക്തി നേടിയവരാണെങ്കില്‍ 30 ദിവസത്തിനുള്ളില്‍ കോവിഡ് മുക്തരായെന്ന് വ്യക്തമാക്കുന്ന ക്യുആര്‍ കോഡ് അടങ്ങിയ റിക്കവറി സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ 16 വയസ്സില്‍ താഴെയുള്ള യാത്രക്കാരെ ഈ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് അല്‍ ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് വേണമെന്ന നിബന്ധന അബൂദാബിയില്‍ തുടരും.

ഇതുപ്രകാരം കഫേകള്‍, ഹോട്ടലുകള്‍, റെസ്‌റ്റൊറന്റുകള്‍, മ്യൂസിയങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ സ്റ്റാറ്റസ് വേണം. വാക്‌സിന്‍ എടുത്തവരാണെങ്കില്‍ ഓരോ രണ്ടാഴ്ചയിലും പിസിആര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയാലേ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കൂ. യുഎഇയി വച്ച് തന്നെ ടെസ്റ്റ് നടത്തിയിരിക്കണമെന്നും നിയമമുണ്ട്. രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്ക് അബൂദാബി നേരത്തേ ക്വാറന്റൈന്‍ ഒഴിവാക്കിക്കൊണ്ട് തീരുമാനം എടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.