1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2022

സ്വന്തം ലേഖകൻ: രാർ അവസാനിപ്പിച്ച തൊഴിലാളികളെ രാജ്യം വിടാൻ തൊഴിലുടമകൾ നിർബന്ധിക്കരുതെന്ന് അബുദാബി ലേബർ കോടതി. പകരം മറ്റൊരു ജോലി കണ്ടെത്തി മാറാൻ 180 ദിവസത്തെ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ഈ കാലയളവു വരെ സാധുതയുള്ള വീസ ഉണ്ടെന്നും ഉറപ്പുവരുത്തണം. യുഎഇയിലെ പുതിയ തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യമേഖലാ സ്ഥാപന മേധാവികൾക്കായി നടത്തി വെർച്വൽ നിയമ സാക്ഷരതാ സെഷനിലാണു കോടതി ഈ ആവശ്യം ഉന്നയിച്ചത്. അനുയോജ്യ ജോലി സമയം തിരഞ്ഞെടുക്കാൻ ജീവനക്കാരന് അവകാശമുണ്ട്. വ്യത്യസ്ത കഴിവുകളുള്ളവർക്കു ദിവസ, മണിക്കൂർ അടിസ്ഥാനത്തിൽ പ്രത്യേക കരാറുണ്ടാക്കി ഒന്നിലേറെ കമ്പനിയിൽ പാർട്ട് ടൈം ജോലി ചെയ്യാനും അനുമതിയുണ്ട്.

പുതിയ നിയമത്തെകുറിച്ചുള്ള അജ്ഞത നിയമം ലംഘിക്കുന്നതിനുള്ള ഇളവല്ലെന്നും പറഞ്ഞു. യുഎഇയിൽ തൊഴിൽ തർക്ക കേസുകൾ വർധിച്ചതിനെ തുടർന്നാണു കോടതി സ്വരം കടുപ്പിച്ചത്. തൊഴിൽ നിയമത്തിൽ പുതുതായി കൊണ്ടുവന്ന മാനദണ്ഡങ്ങൾ ജീവനക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചുള്ളവയാണെന്ന് അബുദാബി ലേബർ കോടതി ഉപമേധാവി അലി ഹസൻ അൽഷത്തേരി വിശദീകരിച്ചു. തൊഴിൽ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തൊഴിലുടമകൾ അറിഞ്ഞിരിക്കണമെന്നും പറഞ്ഞു.

നിക്ഷേപകർക്കും വിദഗ്ധ തൊഴിലാളികൾക്കും ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കാൻ പുതിയ നിയമം സഹായിക്കും. ഇതു രാജ്യത്തെ തൊഴിൽ വിപണിയുടെ കാര്യക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്തുമെന്നും പറഞ്ഞു. ഫ്രീലാൻസ്, ഹ്രസ്വകാല ജോലി, പാർട്ട് ടൈം, സ്വയംതൊഴിൽ തുടങ്ങിയവ സ്വീകരിക്കാൻ പുതിയ നിയമം അനുശാസിക്കുന്നു. സുവർണ ജൂബിലി നിറവിൽ അടുത്ത 50 വർഷത്തെ പദ്ധതികൾക്കു രൂപം നൽകിവരുന്ന യുഎഇ കൂടുതൽ തൊഴിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സമഗ്ര പരിഷ്കാരം കൊണ്ടുവന്നത്.

തൊഴിലാളികൾക്കിടയിൽ ജാതി, മത, വർണ, ലിംഗ വിവേചനങ്ങൾ നിരോധിച്ചു. ഇടവേളയില്ലാതെ (ഒരു മണിക്കൂർ) തുടർച്ചയായി 5 മണിക്കൂർ ജോലി ചെയ്യിക്കരുത്. അനിശ്ചിതകാല തൊഴിൽ കരാറുകൾ 3 വർഷത്തിലൊരിക്കൽ പുതുക്കാവുന്ന കരാറുകളാക്കി മാറ്റണം. പ്രബേഷൻ കാലയളവ് 6 മാസത്തിൽ കൂടരുത്. ഈ കാലയളവിൽ ജീവനക്കാരനെ പിരിച്ചുവിടുകയാണെങ്കിൽ 2 ആഴ്ചത്തെ അറിയിപ്പ് നൽകണം. പ്രബേഷൻ കാലയളവിൽ ജോലി മാറാൻ ഓഗ്രഹിക്കുന്ന ജീവനക്കാരൻ ഒരു മാസത്തെ നോട്ടിസ് കമ്പനിക്കു നൽകണം.

രാജ്യം വിടുകയാണെങ്കിൽ 14 ദിവസം മുൻപ് അറിയിക്കണമെന്നും ഓർമിപ്പിച്ചു. തൊഴിൽ കരാർ അനുസരിച്ച് എല്ലാ തൊഴിലാളികൾക്കും ശമ്പളത്തോടുകൂടിയ വിശ്രമ ദിനത്തിന് അർഹതയുണ്ട്. അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെയും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റിന്റെയും സഹകരണത്തോടെയായിരുന്നു ബോധവൽക്കരണം. ഫെബ്രുവരി മുതലാണ് യുഎഇയിൽ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.