
സ്വന്തം ലേഖകൻ: രണ്ടാഴ്ചയ്ക്കുള്ളിൽ അബുദാബിയിലെ മുഴുവൻ വാണിജ്യ, സാംസ്കാരിക, വിനോദ പ്രവർത്തനങ്ങളും പുനരാരംഭിക്കും. വകുപ്പുകളുമായി സംയോജിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. എമിറേറ്റിൽ നടപ്പാക്കിയിട്ടുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഫലമായി വൈറസ് വ്യാപനം വിജയകരമായി തടയാൻ സാധിച്ചു.
നിലവിൽ എമിറേറ്റിൽ രേഖപ്പെടുത്തുന്ന രോഗബാധയിലും കുറവുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് കമ്മിറ്റിയുടെ തീരുമാനം. അതേസമയം നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാവിധ കൊവിഡ് പ്രതിരോധ മുൻകരുതൽ നടപടികളും കൂടുതൽ ഫലപ്രദമാകുന്ന രീതിയിലേക്ക് മാറ്റും. പൊതുജനാരോഗ്യത്തിൽ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്ന രീതിയിലായിരിക്കും ആരോഗ്യ സുരക്ഷാനടപടികൾ പുനഃക്രമീകരിക്കുകയെന്നും കമ്മിറ്റി പുറത്തുവിട്ട അറിയിപ്പിലുണ്ട്.
രണ്ടാഴ്ചക്കുള്ളിൽ നടപടികൾ കൈക്കൊള്ളും. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും കമ്മിറ്റി വ്യക്തമാക്കി. രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ ജാഗ്രതയും തുടരും. പരിശോധനകളും, രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിരുന്നവരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളും കർശനമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
പാസ്പോർട്ട് പുതുക്കലിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി അബുദാബി ഇന്ത്യൻ എംബസി. നിലവിൽ പാസ്പോർട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31-നകം കഴിയുന്നവരുടെയും അപേക്ഷകൾ മാത്രമേ പരിഗണിക്കൂവെന്ന് എംബസി ട്വിറ്ററിലൂടെ അറിയിച്ചു. അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർ രേഖകൾ സ്കാൻ ചെയ്ത് cons.abudhabi@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. അടിയന്തര സാഹചര്യമെന്തെന്ന് വ്യക്തമാക്കിക്കൊണ്ടാകണം അപേക്ഷ. എല്ലാ ഇന്ത്യാക്കാരും ഈ നിർദേശം പാലിക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല