
സ്വന്തം ലേഖകൻ: കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുള്ള, ക്വാറന്റീൻ വേണ്ടാത്ത രാജ്യങ്ങളുടെ (ഗ്രീൻ) പട്ടിക അബുദാബി പുറത്തുവിട്ടു. ആദ്യഘട്ട പട്ടികയിൽ ഇന്ത്യയില്ല. രണ്ടാഴ്ചയിൽ ഒരിക്കൽ സ്ഥിതിഗതികൾ വിലയിരുത്തി ഇതിൽ മാറ്റം വരുത്തുമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു.
സൌദി, ഓസ്ട്രേലിയ, സിംഗപ്പൂർ, ചൈന, മലേഷ്യ, ഗ്രീസ്, ഗ്രീൻലാൻഡ്, ഹോങ്കോങ്, മൊറീഷ്യസ്, ന്യൂസീലൻഡ്, തായ് വാൻ, തജിക്കിസ്ഥാൻ, തായ് ലാൻഡ്, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ഗ്രീൻ വിഭാഗത്തിൽ ഉൾപ്പെട്ടത്. ഈ രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികൾക്കും യുഎഇ വീസക്കാർക്കും ഇന്നു മുതൽ ക്വാറന്റീൻ വേണ്ട.
എന്നാൽ യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത പിസിആർ ടെസ്റ്റ് നിർബന്ധം. പ്രവേശന കവാടത്തിൽ പിസിആർ പരിശോധനയുണ്ടാകും.മറ്റു രാജ്യക്കാർ അബുദാബിയിൽ എത്തിയാൽ 10 ദിവസം ക്വാറന്റീനിൽ ഇരിക്കണം. കൂടാതെ തുടർച്ചയായി അബുദാബിയിൽ തങ്ങുന്നവർ 6, 12 ദിവസങ്ങളിൽ പിസിആർ പരിശോധന എടുക്കണമെന്നും നിബന്ധനയുണ്ട്.
യുഎഇ വീസക്കാരായ ഇന്ത്യക്കാർക്ക് അബുദാബിയിലേക്കു വരാൻ ഐസിഎ ഗ്രീൻ സിഗ്നൽ അനുമതി വേണമെന്നതിൽ മാറ്റമില്ല. 72 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വേണം. അബുദാബി വിമാനത്താവളത്തിൽ പിസിആർ പരിശോധനയുണ്ടാകും. 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധം. 6, 12 ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തണം.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇന്നു മുതൽ ഇളവ് പ്രഖ്യാപിച്ചതോടെ ദുബായ്–അബുദാബി അതിർത്തിയിലെ പരിശോധനാ കേന്ദ്രം അടച്ചു. അതിർത്തിയിൽ ഡിപിഐ ടെസ്റ്റ് എടുക്കാമെന്നു കരുതി വരുന്നവർക്കു ഇനി അതിന് അവസരമുണ്ടാവില്ല.
അതിനാൽ, അബുദാബിയിലേക്കു യാത്ര ചെയ്യുന്നവർ അതത് എമിറേറ്റിൽ പരിശോധന നടത്തി പുറപ്പെടുന്നതാകും ഉചിതം. 72 മണിക്കൂറിനകമുള്ള പിസിആർ/ഡിപിഐ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. നേരത്തെ 48 മണിക്കൂറിനകമുള്ള റിപ്പോർട്ട് ഹാജരാക്കണമായിരുന്നു. 72 മണിക്കൂറിനകം ഒന്നിലേറെ തവണ അബുദാബിയിൽ വന്നു തിരിച്ചുപോകാനും അനുമതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല