
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്വകാര്യ സ്കൂളിൽ എല്ലാ വിദ്യാർഥികൾക്കും ജനുവരി മുതൽ നേരിട്ടെത്തി പഠിക്കാൻ അനുമതി. ഇതോടെ 6, 7, 8, 9, 11 ക്ലാസുകളിലെ കുട്ടികൾക്കു കൂടി സ്കൂളിൽ എത്താം. വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (അഡെക്) ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയും ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. നിലവിൽ കെജി മുതൽ 5–ാം ക്ലാസ് വരെയും 10, 12 ക്ലാസുകളിലെയും കുട്ടികൾക്കായിരുന്നു അനുമതി.
കുട്ടികളുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ വരുത്താൻ സ്കൂൾ അധികൃതർക്കു നിർദേശം നൽകി. ജനുവരി മുതൽ താൽപര്യമുള്ളവർക്ക് നേരിട്ടും അല്ലാത്തവർക്ക് ഇ–ലേണിങ് തുടരാൻ അഡെക് അനുമതി നൽകി. 12 വയസ്സിനു മുകളിലുള്ളവർക്ക് സ്കൂളിലെത്താൻ കൊവിഡ് പരിശോധന നിർബന്ധം. സൗജന്യ പരിശോധനയ്ക്ക് അഡെക് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജനുവരിയില്‍ സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി അതേക്കുറിച്ച് രക്ഷിതാക്കളുടെ കൂടി അഭിപ്രായം ആരായണമെന്ന് അബുദാബി വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരുന്നതാണോ ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നതാണോ രക്ഷിതാക്കള്‍ക്ക് താല്പര്യമെന്ന കാര്യം ആരായണം. അതിന് അനുസൃതമായി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരാന്‍ താല്പര്യമുള്ളവര്ക്ക് അതിന് സൗകര്യം നല്‍കണം. കുട്ടികളെ നിര്‍ബന്ധിച്ച് സ്കൂളുകളിലേക്ക് കൊണ്ടുവരുന്ന സ്ഥിതിയുണ്ടാവരുതെന്നും നിര്‍ദ്ദേശമുണ്ട്. ക്ലാസ്സുകള്‍ തുടങ്ങിയ ശേഷം ഏത് രീതിയാണ് അഭികാമ്യമെന്ന കാര്യത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും അഭിപ്രായം തേടണം. അതിന് അനുസരിച്ച് തെരഞ്ഞെടുപ്പിനുള്ള സൗകര്യം നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുട്ടികള്‍ സ്കൂളിലേക്ക് വരുന്നതിന് മുമ്പ് അവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് അറിയുന്നതിന് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സംവിധാനമൊരുക്കാനും വിദ്യാഭ്യാസ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. പരിശോധനയുടെ വിശദ വിവരങ്ങള്‍ വഴിയെ പ്രഖ്യാപിക്കും. അതേസമയം, കൊവിഡ് പെരുമാറ്റച്ചട്ടങ്ങളും നിയന്ത്രണങ്ങളും പൂര്‍ണമായും പാലിച്ചുകൊണ്ടുമാത്രമേ ക്ലാസ്സുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് അബുദാബി ഗവ. മീഡിയ ഓഫീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല