1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2022

സ്വന്തം ലേഖകൻ: കോവിഡ് വാക്സീൻ എടുത്തും എടുക്കാതെയും അബുദാബിയിലേക്കു വരുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. സന്ദർശകർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമില്ലെന്നും വിനോദസഞ്ചാര, സാംസ്കാരിക വിഭാഗം (ഡിസിടി) വ്യക്തമാക്കി. റോഡ് മാർഗം എത്തുന്നവർ ദുബായ്, വടക്കൻ എമറേറ്റുകൾ വഴി അബുദാബിയിൽ പ്രവേശിക്കുന്നവർ അതിർത്തി കവാടങ്ങളിൽ ടൂറിസ്റ്റുകൾക്കുള്ള ഒന്നാമത്തെ ലൈനിൽ എത്തണം.

വാക്സീൻ എടുത്തവർ രേഖകളും 14 ദിവസത്തിനകമുള്ള പിസിആർ നെഗറ്റീവ് ഫലം കാണിക്കണം. മാതൃ രാജ്യത്തുനിന്ന് യാത്രയ്ക്ക് 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലവും വേണം. വാക്സീൻ എടുക്കാത്തവർ 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം കാണിച്ചാൽ മതിയാകും. അതിർത്തിയിലെ ഇഡിഇ സ്കാനിങ്ങിൽ രോഗ സൂചനയുണ്ടെങ്കിൽ ഉടൻ സൗജന്യ ആന്റിജൻ ടെസ്റ്റിനു വിധേയമാക്കും.

20 മിനിറ്റിനകം ലഭിക്കുന്ന ഫലം പോസിറ്റീവാണെങ്കിൽ ഹോട്ടലിലോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട്ടിലോ ക്വാറന്റീനിൽ കഴിയണം. വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ വേറെ പരിശോധനകളില്ല.ഗ്രീൻ രാജ്യങ്ങളിൽനിന്ന് വാക്സീൻ എടുക്കാതെ ദുബായ് വഴി അബുദാബിയിേലക്കു വന്നാലും ക്വാറന്റീനില്ല. എന്നാൽ മറ്റു രാജ്യങ്ങളിൽനിന്നാണ് വരുന്നതെങ്കിൽ 10 ദിവസം ക്വാറന്റീനുണ്ട്. മറ്റു എമിറേറ്റുകളിൽ താമസിച്ച കാലയളവും ക്വാറന്റീൻ ആയി കണക്കാക്കും.

വാക്സീൻ എടുത്തവർ ലോകാരോഗ്യ സംഘടനയും യുഎഇ ആരോഗ്യമന്ത്രാലയവും അംഗീകരിച്ച വാക്സീനാണ് എടുത്തതെന്ന് ഉറപ്പാക്കണം. ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ ‘ഐസിഎ യുഎഇ സ്മാർട് ആപ്’ ഡൗൺലോഡ് ചെയ്യുകയോ യാത്രയ്ക്കു 48 മണിക്കൂർ മുൻപ് ica.gov.ae വെബ്സൈറ്റിൽ ‘റജിസ്റ്റർ അറൈവൽസ് ഫോം’ പൂരിപ്പിക്കുകയോ വേണം.

വ്യക്തിഗത വിവരങ്ങൾ, പാസ്‌പോർട് വിശദാംശങ്ങൾ, യാത്രാ വിവരങ്ങൾ, അബുദാബിയിലെ വിലാസം, വാക്‌സീൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ നൽകി അനുമതി എടുക്കണം. യാത്രയ്ക്ക് 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം വേണം. അബുദാബി എയർപോർട്ടിൽ എത്തിയാൽ സൗജന്യ പിസിആർ ഉണ്ടാകും. 12 വയസ്സിന് താഴെയുളവർക്കും ഇളവുള്ളവർക്കും ടെസ്റ്റ് വേണ്ട. നെഗറ്റീവ് ഫലം വരുംവരെ താമസ സ്ഥലത്ത് കഴിയണം. 90 മിനിറ്റിനകം ഫലം ലഭിക്കും.

ഗ്രീൻ പട്ടിക രാജ്യങ്ങളിൽനിന്ന് വരുന്നവർ ആറാം ദിവസവും മറ്റു രാജ്യങ്ങളിൽനിന്നുള്ളവർ 4, 8 ദിവസങ്ങളിലും വീണ്ടും പിസിആർ എടുക്കണം. ഇറങ്ങിയ ദിവസം മുതലാണ് തീയതി കണക്കാക്കുക. അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് സന്ദർശകർ മാതൃരാജ്യത്തെ വാക്സീൻ സർട്ടിഫിക്കറ്റോ മൊബൈൽ ആപിൽ പിസിആർ നെഗറ്റീവ് ഫലമോ കാണിക്കണം.

വാക്സീൻ എടുക്കാത്തവർ 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഐസിഎ യുഎഇ സ്മാർട് ആപ് ഡൗൺലോഡ് ചെയ്യുകയോ യാത്രയ്ക്കു 48 മണിക്കൂർ മുൻപ് ica.gov.ae വെബ്സൈറ്റിൽ ‘റജിസ്റ്റർ അറൈവൽസ് ഫോം’ പൂരിപ്പിക്കുകയോ വേണം. നടപടിക്രമങ്ങൾക്ക് ശരാശരി 48 മണിക്കൂർ എടുക്കും. അബുദാബി എയർപോർട്ടിലെ സൗജന്യ പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ഫലം വരുന്നതുവരെ താമസ സ്ഥലത്ത് കഴിയണം. 90 മിനിറ്റിനകം ഫലം ലഭിക്കും.

ഗ്രീൻ രാജ്യങ്ങളിൽനിന്നുള്ളവർ 6, 9 ദിവസങ്ങളിൽ പിസിആർ എടുക്കണം. ക്വാറന്റീനില്ല. മറ്റു രാജ്യങ്ങളിൽ നിന്നു വരുന്ന വാക്സീൻ എടുക്കാത്തവർ 10 ദിവസം ക്വാറന്റീനിൽ കഴിയണം. പിസിആർ പരിശോധനയിൽ പോസിറ്റീവ് ആയവരെ സ്മാർട് വാച്ച് ധരിപ്പിച്ച് ക്വാറന്റീനിൽ പ്രവേശിപ്പിക്കും. വാക്സീൻ എടുക്കാത്തവർ പോസിറ്റീവായാലും നെഗറ്റീവായാലും 9ാം ദിവസം സേഹ പ്രൈം ടെസ്റ്റിങ് കേന്ദ്രങ്ങളിലെത്തി പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം.

ഫലം നെഗറ്റീവാണെങ്കിൽ സ്മാർട് വാച്ച് അഴിച്ചുമാറ്റും. വാക്സീൻ എടുക്കാത്തവർക്ക് താമസിക്കുന്ന ഹോട്ടലും അവിടത്തെ റസ്റ്ററന്റും ഒഴികെ പൊതുകേന്ദ്രങ്ങളിലേക്കു പ്രവേശനമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.